ഹൈദരാബാദ്: ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ പ്രശസ്തമായ സൂഫി ഗാനം പ്ലേ ചെയ്ത് ഹൈദരാബാദില്‍ മതസൗഹാര്‍ദത്തിന്റെ വേറിട്ട കാഴ്ച. വെള്ളിയാഴ്ച രാത്രി ഹൈദരാബാദ് നഗരത്തിലെ ചാര്‍മിനാറിന് സമീപത്തുകൂടി കടന്നുപോയ ഘോഷയാത്രയിലാണ് അദ്‌നാന്‍ സാമി ആലപിച്ച ‘ഭര്‍ ദോ ഝോലി മേരി യാ മുഹമ്മദ്’ എന്ന പ്രശസ്തമായ ഖവ്വാലി മുഴങ്ങിയത്.
2015-ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രം ‘ബജ്രംഗി ഭായിജാനിലെ’ ഹിറ്റ് ഗാനമാണിത്.
സാധാരണയായി വിഗ്രഹ നിമജ്ജന ഘോഷയാത്രകളില്‍ കേള്‍ക്കാറുള്ള ഉച്ചത്തിലുള്ള ഡി.ജെ പാട്ടുകള്‍ക്ക് പകരം ഉയര്‍ന്ന കേട്ട ഈ സൂഫി ഗാനം ഏവര്‍ക്കും കൗതുകമായി. പഴയ നഗരത്തിലൂടെ ഘോഷയാത്ര മുന്നോട്ട് നീങ്ങവേ ഭക്തര്‍ ഈ ഗാനത്തിനൊപ്പം സന്തോഷത്തോടെ ചുവടുവെക്കുകയും ആസ്വദിക്കുകയും ചെയ്തു.
ഐതിഹാസികമായ ചാര്‍മിനാറിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഈ ഗാനത്തിനൊപ്പം ആഘോഷിക്കുന്നതിന്റെ വീഡിയോകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുകയാണ്. ഹൈദരാബാദിന്റെ പ്രശസ്തമായ ‘ഗംഗാ-ജമുനി’ മതേതര സംസ്‌കാരത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവമെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു.
ഇത് ആദ്യമായല്ല ഇത്തരം ഒരു കാഴ്ചയ്ക്ക് പഴയ ഹൈദരാബാദ് നഗരം സാക്ഷ്യം വഹിക്കുന്നത്. 2022-ലെ ഗണേശോത്സവ സമയത്തും മക്ക മസ്ജിദിന് സമീപത്തുകൂടി കടന്നുപോയ വിഗ്രഹഘോഷയാത്രയില്‍ ഇതേ ഖവ്വാലി ഗാനം വെച്ചിരുന്നു. അന്നും നിരവധി ആളുകള്‍ പാട്ടിനൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു.
വിവിധ സമുദായങ്ങളില്‍പ്പെട്ട ആളുകള്‍ ഒത്തുചേരുകയും പരസ്പരം ആഘോഷങ്ങളില്‍ പങ്കാളികളാകുകയും ചെയ്യുന്ന നഗരത്തിന്റെ സവിശേഷമായ പാരമ്പര്യത്തെയും സാംസ്‌കാരിക ഐക്യത്തെയും ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ വര്‍ഷത്തെയും നിമജ്ജന ചടങ്ങുകള്‍.
Content Highlight: A unique display of secular harmony at Charminar: Sufi songs resonate during the Ganesha idol procession.