| Monday, 22nd June 2026, 5:11 pm

മൂന്ന് ഡയലോഗുകൊണ്ട് രണ്ട് മണിക്കൂര്‍ സിനിമ; അതിന് സാധ്യതയുണ്ട്...അതിന് സാധ്യതയുണ്ട്, 'വണ്ടിയെടുക്ക് അവിടെ വരെ പോകാം, കൃഷ്‌ണേട്ടാ, കൃഷ്‌ണേട്ടാ...; ട്രോള്‍

അക്ഷര

ഷെയ്ന്‍ നിഗത്തെ നായകനാക്കി നവാഗതനായ മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘ദൃഢം’. സംവിധായകന്‍ ജീത്തു ജോസഫിന്റെ അസിസ്റ്റന്റ് കൂടിയാണ് മാര്‍ട്ടിന്‍. കഴിഞ്ഞ ദിവസം ദൃഢം ഒ.ടി.ടിയിലുമെത്തിയിരുന്നു. എന്നാല്‍ ഒ.ടി.ടി റിലീസിനെ പിന്നാലെ സിനിമയ്‌ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ വന്നു. ക്ലൈമാക്‌സിന് വേണ്ടി മാത്രമെടുത്ത ഒരു ചിത്രമെന്നും പൊലീസ് സ്റ്റേഷന്‍ രംഗങ്ങളൊക്കെ അമച്വറായിരുന്നെന്ന വിമര്‍ശനവുമാണ് ഉയര്‍ന്നത്.

ഒരു ത്രില്ലര്‍ മൂഡിനായി പൊലീസ് സ്റ്റേഷന്‍ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും, സ്റ്റേഷന്റെ അന്തരീക്ഷം ഒരുക്കുന്നതില്‍ സംവിധായകന് സംഭവിച്ച വന്‍ പരാജയമാണ് സിനിമ പലര്‍ക്കും ദഹിക്കാത്തതിന്റെ പ്രധാന കാരണമെന്നാണ് സിനിമാ ആസ്വാദകര്‍ പറയുന്നത്. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സിനിമയിലെ ലോജിക് കുറവുകളെ കുറിച്ചുള്ള വലിയ ചര്‍ച്ചകളും ട്രോളുകളുമാണ് ഉയരുന്നത്.

സി.സി.ടി.വി പോലുമില്ലാത്ത സ്റ്റേഷന്‍

ഒരു പൊലീസ് സ്റ്റേഷന്റെ സ്വാഭാവികമായ അന്തരീക്ഷമോ ആംബിയന്‍സോ ഒരുക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ല. സാധാരണയായി ഒരു കേസിന്റെ കാര്യത്തിനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ പൊതുജനങ്ങള്‍ സ്റ്റേഷനില്‍ വന്നുപോകുന്ന ഒരൊറ്റ രംഗം പോലും ചിത്രത്തിലില്ല. നാട്ടില്‍ തുടര്‍ച്ചയായി കൊലപാതകങ്ങളും മോഷണങ്ങളും അരങ്ങേറുമ്പോഴും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പോലും അന്വേഷണത്തിനായി സ്ഥലത്തെത്തുന്നില്ല എന്നത് വിചിത്രമാണ്. ഒരു സാധാരണ സ്റ്റേഷനില്‍ ഉണ്ടാകേണ്ട പാറാവുകാരനില്ല. ആകെ ഒരു സീനില്‍ മാത്രമാണ് ഒരു വയര്‍ലെസ് സെറ്റെങ്കിലും കാണിക്കുന്നത്.

സ്റ്റേഷന്‍ പൂട്ടി അവധി കൊടുത്ത കൃഷ്‌ണേട്ടനും പോലീസുകാരുടെ വെള്ളമടിയും

സിനിമയില്‍ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചതും ‘ഫ്‌ളോപ്പ്’ ആയി തോന്നിയതും ചിത്രത്തിലെ മദ്യപാന രംഗമായിരുന്നു. സ്റ്റേഷനില്‍ ആകെയുള്ള എട്ട് പോലീസുകാരില്‍ ഏഴ് പേരും ഒരുമിച്ചിരുന്ന് വെള്ളമടിക്കുന്നതാണ് രംഗം. ഇതിനിടയിലേക്ക് എസ്.ഐ കൂടിയെത്തുന്നതോടെ ആകെയുള്ള എട്ട് പോലീസുകാരും ഈ ഒരൊറ്റ സീനിനകത്ത് ഒതുങ്ങുന്നു.

‘അപ്പോള്‍ ചോദ്യം ഇതാണ്, ഈ സമയമത്രയും പൊലീസ് സ്റ്റേഷന്‍ ആര് നോക്കി? ചിലപ്പോള്‍ സ്റ്റേഷനിലെ ‘കൃഷ്‌ണേട്ടന്‍’ അത് പൂട്ടി ഇന്ന് അവധി എന്ന ബോര്‍ഡ് വെച്ചിട്ടുണ്ടായിരിക്കും!’ – ഒരു സിനിമാ ആസ്വാദകന്‍ കുറിച്ചു.

നൂറു വട്ടമുള്ള ‘കൃഷ്‌ണേട്ടാ’ വിളിയും വണ്ടിയെടുക്കലും

തിരക്കഥയിലെ സംഭാഷണങ്ങളിലെ പോരായ്മയാണ് ചിത്രത്തെ ഇത്രത്തോളം ട്രോള്‍ ചെയ്യപ്പെടാന്‍ ഇടയാക്കിയത്. നായകന്‍ ഒരു നൂറുവട്ടമെങ്കിലും ‘കൃഷ്‌ണേട്ടാ.. കൃഷ്‌ണേട്ടാ..’ എന്ന് വിളിക്കുന്നുണ്ട്. കൂടാതെ മിക്ക ഇടങ്ങളിലും ആവശ്യമില്ലാതെ ‘അതിന് സാധ്യതയുണ്ട്.. അതിന് സാധ്യതയുണ്ട്..’ എന്ന ഡയലോഗും ആവര്‍ത്തിക്കുന്നു.

വേണ്ടിടത്തും വേണ്ടാത്തിടത്തുമെല്ലാം ‘വണ്ടിയെടുക്ക് നമുക്ക് ഒന്ന് അവിടെ വരെ പോകാം’ എന്ന സ്ഥിരം ഡയലോഗും പ്രേക്ഷകരില്‍ മടുപ്പുളവാക്കുന്നു.

കൃത്യമായ പ്ലാനിങ്ങോടെ കുറച്ചുകൂടി നന്നായി ചെയ്തിരുന്നെങ്കില്‍ മികച്ചൊരു ഔട്ട്പുട്ട് ലഭിക്കുമായിരുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് മാത്രമാണ് പ്രേക്ഷകരെ അല്പമെങ്കിലും ഞെട്ടിച്ചത്. ഒരു മികച്ച ത്രില്ലര്‍ ആകേണ്ടിയിരുന്ന ചിത്രം ബാലിശമായ തിരക്കഥ കാരണം ട്രോളന്മാര്‍ക്ക് ഇരയായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

Content Highlight: A two-hour movie with just three dialoguse Dridam Movie troll

അക്ഷര

We use cookies to give you the best possible experience. Learn more