| Thursday, 4th December 2025, 12:31 pm

'ഞങ്ങള്‍ക്ക് ക്രിസ്ത്യന്‍ പാട്ടുകള്‍ വേണ്ട'; തെലങ്കാനയിലെ അഞ്ച് വയസുള്ള കുട്ടികള്‍ പറഞ്ഞത് കേട്ട് തകര്‍ന്നുപോയി: അധ്യാപിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ക്രിസ്ത്യൻ ഗാനങ്ങൾ പഠിപ്പിക്കേണ്ടെന്ന കുട്ടികളുടെ വാക്കുകൾ മനോവിഷമമുണ്ടാക്കിയതായി തെലങ്കാന സ്‌കൂളിലെ അധ്യാപികയും സംഗീതജ്ഞയുമായ അഭിനന്ദ ആഭ പത്മന്‍.

അഞ്ചും ആറും വയസുള്ള കുട്ടികളാണ് വർഗീയത നിറഞ്ഞ തരത്തിൽ ‘ഞങ്ങള്‍ക്ക് ക്രിസ്ത്യന്‍ പാട്ടുകള്‍ വേണ്ട’ എന്ന് പറഞ്ഞതെന്നും തന്നെപോലെ സാമൂഹിക ധാരണയുള്ള ഒരാൾക്കും സങ്കൽപ്പിക്കാൻ കഴിയാത്ത ഒന്നാണിതെന്നും അധ്യാപിക പറഞ്ഞു.

ഈ പ്രായത്തില്‍ അവരുടെ മനസില്‍ വര്‍ഗീയത കുത്തിവെക്കുന്നതിലൂടെ എന്ത് സംഭാവനയാണ് രക്ഷിതാക്കള്‍ ഈ സമൂഹത്തിന് നല്‍കുന്നതെന്ന് അധ്യാപിക ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അഭിനന്ദ ആഭ പത്മന്റെ പ്രതികരണം.

‘ഈ പ്രായത്തിൽ തന്നെ അവരുടെ മനസിൽ നട്ടിരിക്കുന്ന വർഗീയത, ദൈവങ്ങൾ തമ്മിലുള്ള വേർതിരിവ് എന്നിവ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. കുട്ടികളെ ഇങ്ങനെ ചിന്തിക്കാൻ പഠിപ്പിക്കുന്ന രക്ഷാകർതൃത്വം എന്താണെന്നോ, അത്തരം ആശയങ്ങൾ യുവ മനസുകളിലേക്ക് കുത്തിവയ്ക്കുന്നതിലൂടെ മാതാപിതാക്കൾ സമൂഹത്തിന് നൽകുന്ന സംഭാവനയെന്താണെന്നോ എനിക്ക് മനസ്സിലാകുന്നില്ല,’ അധ്യാപിക പറഞ്ഞു.

ജനിച്ചതും വളര്‍ന്നതും കേരളത്തില്‍ ആയതുകൊണ്ടാവാം തനിക്ക് ഇതൊന്നും ഉള്‍ക്കൊള്ളാൻ കഴിയാത്തതെന്നും അവർ കൂട്ടിച്ചേർത്തു.

താൻ മുമ്പ് ഹിന്ദു ദൈവങ്ങളെ കുറിച്ച് പാട്ടുകൾ പഠിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ക്ലാസിലെ മറ്റു മതത്തിലെ വിദ്യാർത്ഥികളടക്കം ഈ പാട്ടുകൾ പഠിച്ചിട്ടുണ്ടെന്നും അധ്യാപിക പറഞ്ഞു. എന്നാൽ ഇന്ന്, ഒരു പ്രത്യേക മതത്തിന്റെ ആശയങ്ങൾ ഇത്രയും ചെറിയ കുട്ടികളുടെ മനസ്സിൽ ബലമായി കുത്തിവെക്കുന്നത് കാണുമ്പോൾ അത് തന്നെ ഏറെ ഭയപ്പെടുത്തുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കുട്ടികളെ തല്ലാനും അവരോട് ദേഷ്യപ്പെടാനും ആളുകൾ പറയുന്നുണ്ടെന്നും പക്ഷേ മതപരമായ വിഭജനങ്ങൾ കൊണ്ട് അവരിൽ എത്രത്തോളം വിഷം കലർന്നിട്ടുണ്ടെന്നും മനസിലാക്കണമെന്നും അഭിനന്ദ ആഭ പത്മന്‍ പറഞ്ഞു.

താൻ പഠിപ്പിക്കാൻ ആഗ്രഹിച്ചത് പാട്ട് മാത്രമായിരുന്നെന്നും ജാതിയുടെയോ മതത്തിന്റെയോ പേരിൽ താൻ ഒരിക്കലും പാട്ടുകളെ വേർതിരിച്ചിട്ടില്ലെന്നും അത്തരമൊരു അവസ്ഥയിലേക്ക് ഈ സാഹചര്യം തന്നെ എത്തിച്ചെന്നും അവർ കൂട്ടിച്ചേർത്തു. ഏത് തരത്തിലുള്ള സമൂഹത്തിലേക്കാണ് നാം നീങ്ങുന്നതെന്നതിൽ തനിക്ക് ആശങ്കയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Content Highlight: Abhinanda Abha Padman, a teacher  Telangana school, said that the children’s words that Christian songs should not be taught have caused her mental distress

We use cookies to give you the best possible experience. Learn more