ഇന്റർനെറ്റ് വ്യാപകമാകുന്നതിന് മുമ്പ് കേരളക്കരയെ ഇളക്കിമറിച്ച ചിത്രമാണ് ഫോർ ദി പീപ്പിൾ. അഴിമതിക്കെതിരെ പോരാടാനിറങ്ങുന്ന നാല് യുവാക്കളുടെ കഥ പറഞ്ഞ ചിത്രം പ്രമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും വേറിട്ട് നിന്ന ചിത്രങ്ങളായിരുന്നു.
സിനിമയേക്കാൾ കൂടുതൽ ചിത്രത്തിലെ പാട്ടുകളാണ് പ്രശസ്തി നേടിയത്. ചിത്രത്തിൽ ആകെയുള്ളത് നാല് പാട്ടുകൾ അതിൽ മൂന്ന് പാട്ടുകളും പാടിയിരിക്കുന്നത് ചിത്രത്തിന്റെ സംഗീത സംവിധാനം കൂടി നിർവഹിച്ച ജാസി ഗിഫ്റ്റ് ആയിരുന്നു. ഹിറ്റായി മാറിയ ‘ലജ്ജാവതിയെ, അന്നക്കിളി, നിന്റെ മിഴി മുന കൈാണ്ടെന്റെ’ എന്നീ പാട്ടുകളാണ് ജാസി ഗിഫ്റ്റ് പാടിയത്.
കൈതപ്രം ദാമോദരൻ വെറും പത്ത് മിനിട്ടുകൊണ്ട് എഴുതിത്തീർത്ത പാട്ടാണ് ‘ലജ്ജാവതിയെ നിന്റെ കള്ളക്കടക്കണ്ണിൽ…’ ബോളിവുഡ് ഗായകൻ അദ്‌നാൻ സാമിയെക്കൊണ്ട് പാടിക്കാനിരുന്ന പാട്ടിന്റെ വരികൾ കണ്ട ജാസി ഗിഫ്റ്റിനൊരു സംശയം തോന്നി, അദ്ദേഹത്തിന് പാട്ടിലെ വാക്കുകൾ ഉച്ഛരിക്കാൻ സാധിക്കുമോയെന്ന്. ലജ്ജാവതി എന്ന വാക്ക് മാറ്റിക്കൂടേയെന്ന നിർദേശവും ഒപ്പം പറഞ്ഞു.
എന്നാൽ ചിത്രത്തിന്റെ സംവിധായകൻ ജയരാജ് ആ വാക്ക് പെട്ടെന്ന് പോപ്പുലറാകുമെന്നും അതുകൊണ്ട് ആ വാക്ക് മാറ്റേണ്ട എന്ന തീരുമാനം എടുത്തു. ജാസി ഗിഫ്റ്റ് ആ പാട്ട് മൂളിപ്പാടുന്നത് കേട്ട ജയരാജ് അടക്കമുള്ള എല്ലാവരും അദ്ദേഹത്തോട് ഈ പാട്ട് പാടാൻ ആവശ്യപ്പെടുകയായിരുന്നു.
ഹിറ്റായി മാറിയ ആ പാട്ടിന് രചന നിർവഹിച്ച കൈതപ്രത്തെക്കുറിച്ച് പറയാൻ ജാസി ഗിഫ്റ്റിന് ഒരുപാടുണ്ട്,
‘വളരെ ഇടുങ്ങിയ കാഴ്ചപ്പാടോടെ സംഗീതത്തെ കാണുന്ന പലരും ഉണ്ട്. പക്ഷേ, ഇക്കാലത്തിനിടെ ഏതിനോടും ചേർന്ന് പോകുന്ന ഒരാളെ ഞാൻ കണ്ടത് കൈതപ്രത്തിലാണ്. സിനിമയുടെയും സന്ദർഭത്തിന്റെയും സ്വഭാവം അനുസരിച്ച് വേണം പാട്ടെന്ന് കൈതപ്രത്തിന് അറിയാം.
പാട്ടിന് അർത്ഥം പോലെ പ്രധാനമാണ് ശബ്ദമാധുര്യവും. ഇതുരണ്ടും ഒരുപോലെ കൊണ്ടുവരാൻ കൈതപ്രത്തിന് സാധിച്ചു. ഏത് വാക്കുമാറ്റാൻ പറഞ്ഞാലും ഉടൻ തന്നെ യോജിച്ച മറ്റൊരു വാക്ക് അദ്ദേഹം കൊണ്ടുവരും. എന്റെ സംഗീതത്തെ ഏറ്റവും കൂടുതൽ സഹായിച്ചത് അദ്ദേഹത്തിന്റെ വരികളാണ്’
ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തി ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പാട്ടുകളൊന്നും വാങ്ങാൻ കാസെറ്റ് കമ്പനികളാരും ആദ്യം വാങ്ങാൻ തയ്യാറായിരുന്നില്ല. റിലീസിനായി ഒരുപാട് നാൾ കാത്തിരിക്കുകയും ചെയ്തു. എന്നാൽ പാട്ട് പുറത്തിറങ്ങിയ ശേഷം പിന്നെ ചിന്തിക്കേണ്ടി വന്നിട്ടില്ല. കേരളം മുഴുവൻ ഏറ്റെടുത്തു. മലയാളത്തിൽ മാത്രമല്ല, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും പാട്ടിറങ്ങി.
ചിത്രം പുറത്തിറങ്ങി 21 വർഷങ്ങൾക്ക് ശേഷവും ആ പാട്ട് ഇന്നും പലരും മൂളിപ്പാടുന്നുണ്ട്. ഇന്നും പലരും ജാസി ഗിഫ്റ്റിന് മെസേജ് വരാറുണ്ട്. ആ പാട്ട് കേൾക്കുമ്പോൾ കുട്ടിക്കാലം ഓർമ വന്നുവെന്ന് പറഞ്ഞ്.
Content Highlight: A song written by Kaithapram in 10 minutes; Lajjavathi still trends in kerala