| Monday, 22nd September 2025, 9:54 am

അന്ധവിശ്വാസമുള്ള രാഗത്തിലെ പാട്ട്; കിട്ടിയത് സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ ഏഴ് അവാര്‍ഡുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രതിനിര്‍വേദം എന്ന ചിത്രത്തിലെ ചെമ്പകപ്പൂങ്കാട്ടിലെ എന്ന ഗാനം ഒരിക്കല്‍ പോലും മൂളാത്ത ആരുമുണ്ടാകില്ല. ആ പാട്ട് സുദീപ് കുമാര്‍ എന്ന പാട്ടുകാരന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ് ആയ പാട്ടുകൂടിയാണ്.

രതിനിര്‍വേദത്തിൽ നായകന്‍ പുതുമുഖമായതുകൊണ്ട് ‘ചെമ്പകപ്പൂ’ എന്ന പാട്ടിന് ആദ്യം പരിഗണിച്ചത് പുതിയ ശബ്ദങ്ങളെയാണ്. എന്നാല്‍ സംവിധായകന്‍ രാജീവ് കുമാറും നിര്‍മാതാവ് സുരേഷ് കുമാറും ജയചന്ദ്രനും തീരുമാനിച്ചു ആ പാട്ട് സുധീപ് തന്നെ പാടിയാല്‍ മതിയെന്ന്.

മുരുകന്‍ കാട്ടാക്കടയാണ് ഈ പാട്ടിന്റെ വരികള്‍ എഴുതിയത്. പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തത് ചെന്നൈയിലെ സ്റ്റീഫന്‍ ദേവസിയുടെ സ്റ്റുഡിയോ ആയ മ്യൂസിക് ലോഞ്ചില്‍ വെച്ചിട്ടാണ്.

ഈ പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ സുദീപ് ചെന്നൈയില്‍ പോയപ്പോള്‍ അവിടെ അദ്ദേഹത്തെ കാത്ത് വേറെയും പത്ത് പാട്ടുകള്‍ ഉണ്ടായിരുന്നു.

വയലാര്‍ മാധവന്‍കുട്ടിയുടെ സീരിയലിന് വേണ്ടി ഒരു ഭക്തിഗാനവും എസ്. രമേശന്‍ നായര്‍ എഴുതി എം. ജയചന്ദ്രന്‍ സംഗീതം നല്‍കിയ ‘പൊന്‍പീലി’ എന്ന ആല്‍ബത്തിലേക്ക് ഒമ്പത് ഗുരുവായൂരപ്പന്‍ ഭക്തിഗാനങ്ങളുമാണ് സുദീപിനെ കാത്ത് ചെന്നൈയില്‍ ഉണ്ടായിരുന്നത്.

ജയചന്ദ്രന്റെ നിര്‍ദേശപ്രകാരം 20 ദിവസം വ്രതമെടുത്ത് വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിച്ചാണ് താന്‍ ആ പാട്ടുകള്‍ പാടിയതെന്ന് സുദീപ് പറഞ്ഞിട്ടുണ്ട്.

പക്ഷേ, ആ പത്ത് പാട്ടുകളുടെയും അധ്വാനത്തിന്റെ ഫലം ലഭിച്ചത് പതിനൊന്നാമത്തെ പാട്ടിലൂടെയാണ്. അതായിരുന്നു ‘ചെമ്പകപ്പൂങ്കാട്ടിലെ…’ സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ ഏഴ് അവാര്‍ഡുകള്‍ ആ പാട്ടിന് കിട്ടി.

ഈ പാട്ടിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ആഹിരി രാഗത്തിലാണ് പാട്ട് ചിട്ടപ്പെടുത്തിയത്. ഈ രാഗത്തെക്കുറിച്ച് ചില അന്ധവിശ്വാസങ്ങളുള്ളതിനാല്‍ അധികമാരും ആ രാഗം ഉപയോഗിച്ചിട്ടില്ല. ആഹിരി പാടിയാല്‍ അന്ന് അത്താഴം കിട്ടില്ലെന്നൊക്കെയാണ് അന്ധവിശ്വാസം. എന്നാല്‍ ലോജിക് മറ്റൊന്നാണ്. ആ രാഗം പറഞ്ഞ് പഠിപ്പിക്കുന്നത് എളുപ്പമല്ല. അതുകൊണ്ട് പറയുന്നതാണ്.

സുദീപിന്റെ ജീവിതത്തില്‍ ഏറ്റവുമധികം സമയമെടുത്ത് റെക്കോര്‍ഡ് ചെയ്ത പാട്ടുകൂടിയാണിത്. ഏകദേശം ഒമ്പത് മണിക്കൂറോളം എടുത്താണ് ഈപാട്ട് റെക്കോര്‍ഡ് ചെയ്തത്.

‘നീ നന്നായി പാടുന്നുണ്ട്. പക്ഷേ, കുറച്ചുകൂടി നന്നായി പാടണം. ഈ വര്‍ഷത്തെ സ്റ്റേറ്റ് അവാര്‍ഡ് കിട്ടാനുള്ള പാട്ടാണ്’ റെക്കോര്‍ഡിങ്ങിനിടെ ജയചന്ദ്രന്‍ ചേട്ടന്‍ എന്നോട് പറഞ്ഞു. എന്നെ പ്രചോദിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാണെന്നേ ഞാന്‍ കരുതിയുള്ളൂ. ഈ പാട്ടിന് ശേഷമാണ് സിനിമയില്‍ എനിക്ക് തിരക്കുകള്‍ വന്ന് തുടങ്ങിയത്. 2012ല്‍ ആണ് ഞാന്‍ ഏറ്റവും കൂടുതല്‍ സിനിമാ പാട്ടുകള്‍ പാടിയത്,’ സുദീപ് കുമാര്‍ പറയുന്നു.

Content Highlight: A song set to a superstitious tune; won seven awards, including a state award

We use cookies to give you the best possible experience. Learn more