മറ്റ് സംസ്ഥാനങ്ങളില്‍ കേരളം പലപ്പോഴും മുന്നിട്ട് നില്‍ക്കുന്നുണ്ടെന്ന് മലയാളികളായ നമ്മള്‍ അഭിമാനത്തോടെ പറയാറുണ്ട്. ജീവിതശൈലിയും പൊതുസ്ഥലങ്ങളില്‍ ഇടപെടുന്ന രീതിയുമെല്ലാം പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ അതിനിടയില്‍ നല്ലവരായ ആളുകളുടെ പേര് കളയുന്ന തരത്തിലുള്ള ചില സംഭവങ്ങളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍ പെടുകയും ചെയ്യും.
അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. കഴിഞ്ഞദിവസം കോഴിക്കോട് ബീച്ചില്‍ നടന്ന അതിരടി ഫെസ്റ്റ് ഇവന്റിനിടയിലാണ് സംഭവം. ടൊവിനോയും ബേസിലും പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റായിരുന്നു അതിരടി ഫെസ്റ്റ്. ചിത്രത്തിലെ പ്രധാന താരങ്ങള്‍ക്കൊപ്പം മറ്റ് പലരും അണിനിരന്ന പരിപാടി കാണാന്‍ ആയിരങ്ങളാണ് എത്തിയത്.
വന്‍ തിരക്കുള്ള പരിപാടിക്കിടെ ചില കുട്ടികളെ കാണാതായിരുന്നു. വേദിയില്‍ വെച്ച് കാണാതായ കുട്ടികളുടെ പേര് ടൊവിനോ വായിക്കുകയും ചെയ്തു. ആരെയെങ്കിലും കണ്ടുകിട്ടിയാല്‍ അറിയിക്കണമെന്ന് പറയുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് പലരും കമന്റടി നടത്തി. ഫോട്ടോ എടുക്കണമെന്നും ടൊവിനോ പാടണമെന്നുമായിരുന്നു കമന്റുകള്‍.
‘അതൊക്കെ പിന്നീടാകാം, സ്വന്തം വീട്ടിലെ കുഞ്ഞിനെ ഇതുപോലെ കാണാതായാല്‍ ഇങ്ങനെ ഡയലോഗടിക്കുമോ, അവരുടെ നെഞ്ചിടിപ്പിനെക്കുറിച്ച് ചിന്തിച്ചൂടെ’ എന്ന് ടൊവിനോ മാന്യമായി മറുപടി നല്‍കി. ഏതെങ്കിലും കുട്ടിയെ കണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരാളെ കണ്ടിട്ടുണ്ട് എന്ന് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ വിളിച്ചുപറഞ്ഞു. ആരാണെന്ന് ടൊവിനോ ചോദിച്ചപ്പോള്‍ തൊട്ടടുത്ത് നില്‍ക്കുന്ന ഒരു യുവാവ് തന്റെ കൈപൊക്കുകയും ചെയ്തു.
‘തമാശ പറയേണ്ട കാര്യമല്ല ഇത്’ എന്ന് സ്വല്പം ദേഷ്യത്തില്‍ പറഞ്ഞുകൊണ്ട് ടൊവിനോ തിരിച്ചുനടന്നു. അവതാരകയായ രഞ്ജിനി ഹരിദാസും തന്റെ അമര്‍ഷം പ്രകടിപ്പിച്ചു. ‘എന്ത് ബോറനാണ് നീ, കുറച്ചെങ്കിലും ബോധമുണ്ടോ? നിന്റെ മുഖം ഞാന്‍ ഒരിക്കലും മറക്കില്ല. ക്ലോസപ്പില്‍ തന്നെ എടുത്തുവെച്ചിട്ടുണ്ട്’ എന്ന് പറഞ്ഞ് രഞ്ജിനിയും തിരിച്ചുനടന്നു.
ആള്‍ക്കൂട്ടത്തിനിടയില്‍ സ്വയം മാസാണെന്ന് കാണിക്കാന്‍ ഇത്തരത്തിലുള്ള ചില പൊതുശല്യങ്ങള്‍ ഇപ്പോള്‍ എല്ലായിടത്തുമുണ്ടെന്നാണ് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നുണ്ട്. ടൊവിനോയും രഞ്ജിനി ഹരിദാസും ആ പൊതുശല്യമായ യുവാവിന് നല്‍കിയ മറുപടി ഗംഭീരമാണെന്നും കമന്റുകളുണ്ട്. കോമണ്‍ സെന്‍സിന് പുറമെ സിവിക് സെന്‍സുമില്ലാത്ത ഇത്തരം ആളുകളെ അകറ്റിനിര്‍ത്തണമെന്നും പലരും അഭിപ്രായപ്പെടുന്നു.
Content Highlight: A small video in Athiradi fest event viral in social media
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ