| Monday, 26th January 2026, 10:58 am

എന്നാലും അതിന് എന്ത് സംഭവിച്ചിട്ടുണ്ടാകും? ഇന്‍സ്റ്റയില്‍ ചര്‍ച്ചയായി ഒറ്റക്ക് നടക്കുന്ന പെന്‍ഗ്വിന്‍

അമര്‍നാഥ് എം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്‍സ്റ്റഗ്രാം ഭരിക്കുന്നത് ഒരു പെന്‍ഗ്വിനാണ്. അന്റാര്‍ട്ടിക്കയില്‍ മഞ്ഞ് പുതഞ്ഞ വഴിയിലൂടെ ദൂരെയുള്ള മല ലക്ഷ്യമാക്കി നടക്കുന്ന ഒരു പെന്‍ഗ്വിന്റെ വീഡിയോ പല രൂപത്തില്‍ റീല്‍സ് ലോകത്ത് നിറഞ്ഞ് നില്‍ക്കുകയാണ്. ഈ വീഡിയോ എന്താണെന്നറിയാതെ അന്തം വിട്ട് നില്‍ക്കുന്ന ധാരാളം ആളുകളുമുണ്ട്.

19 വര്‍ഷം മുമ്പുള്ള ഒരു ഡോക്യുമെന്ററിയിലെ രംഗമാണ് ഈ വീഡിയോ. വെര്‍ണര്‍ ഹെര്‍സോഗ് അണിയിച്ചൊരുക്കിയ എന്‍കൗണ്ടേഴ്‌സ് അറ്റ് ദി എന്‍ഡ് ഓഫ് ദി വേള്‍ഡ് എന്ന ഡോക്യുമെന്ററിയിലാണ് പ്രസ്തുത രംഗമുള്ളത്. അന്റാര്‍ട്ടിക്കയിലെ മക്മര്‍ഡോ സ്‌റ്റേഷനിലെ ശാസ്ത്രജ്ഞരെയും അവിടുത്തെ പ്രകൃതിയെയും കുറിച്ചാണ് ഹെര്‍സോഗ് ഡോക്യുമെന്ററി ഒരുക്കിയത്.

സാധാരണ കൂട്ടമായി സംഞ്ചരിക്കുന്ന വര്‍ഗമാണ് പെന്‍ഗ്വിനുകള്‍. ഭക്ഷണം തേടി കടലിലേക്ക് പോകുന്നതും കൂട്ടമായാണ്. എന്നാല്‍ ഈ വീഡിയോയില്‍ ഒരു പെന്‍ഗ്വിന്‍ തന്റെ കൂട്ടത്തില്‍ നിന്ന് വിട്ടുമാറി കടലിന് വിപരീതദിശയിലുള്ള മലയിലേക്ക് ഒറ്റക്ക് നടന്നുപോവുകയാണ്. 45 മൈല്‍ അകലെയുള്ള മലയിലേക്ക് പോകുന്ന പെന്‍ഗ്വിനെ ശാസ്ത്രജ്ഞര്‍ തിരിച്ചുകൊണ്ടുവന്നാലും അത് വീണ്ടും മലയിലേക്ക് പോകുമായിരുന്നെന്ന് ഹെര്‍സോഗ് പറയുന്നുണ്ട്.

എന്താണ് ഇതിന് കാരണമെന്ന് ശാസ്ത്രജ്ഞര്‍ക്ക് ഇനിയും വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പെന്‍ഗ്വിനുകള്‍ക്കിടയിലും ഡിപ്രഷന്‍ ഉണ്ടെന്നാണ് ഹെര്‍സോഗിന്റെ നിഗമനം. ഡിസോറിയന്റഡ് പെന്‍ഗ്വിന്‍ എന്നറിയപ്പെടുന്ന ഈ വീഡിയോ 19 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ചര്‍ച്ചയാവുകയാണ്. കൂടെയുള്ളവര്‍ ജീവിക്കാന്‍ വേണ്ടി ഭക്ഷണം തേടി പോകുമ്പോള്‍ അതില്‍ നിന്ന് മാറി നടക്കുന്ന പെന്‍ഗ്വിനെക്കുറിച്ച് ചില ഫിലോസഫികളും പ്രചരിക്കുന്നുണ്ട്.

ആധുനിക ലോകത്തില്‍ എല്ലാവരുടെയും കൂടെ അടിച്ചുപൊളിച്ച് ജീവിക്കുന്ന മനുഷ്യര്‍ക്കിടയില്‍ ഇന്‍ട്രോവേര്‍ട്ടായി മറ്റൊരു ദിശ നോക്കി ജീവിക്കുന്ന ആളുകളെ ഈ പെന്‍ഗ്വിനുമായി താരതമ്യം ചെയ്യുന്നുണ്ട്. ഇത്തരം ഇന്‍ട്രോവേര്‍ട്ടുകളുടെ ഐക്കണാണ് ഈ പെന്‍ഗ്വിനെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല് കൂട്ടത്തില്‍ നിന്ന് മാറി നടക്കുന്ന പെന്‍ഗ്വിന്‍ ചിലരെ കരയിക്കുന്നുമുണ്ട്.

മരണത്തിലേക്കാണ് പോകുന്നതെന്നറിഞ്ഞിട്ടും മുന്നോട്ട് തന്നെ പോകുന്ന പെന്‍ഗ്വിന്റെ വീഡിയോ പലരുടെയും ഹൃദയം തകര്‍ക്കുന്ന ഒന്നായി മാറുന്നുണ്ട്. ആ പെന്‍ഗ്വിന് പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യങ്ങള്‍ കമന്റ് രൂപത്തില്‍ വീഡിയോകള്‍ക്ക് താഴെ പ്രത്യക്ഷപ്പെടുന്നു. പലരുടെയും ഇപ്പോഴത്തെ വാള്‍പേപ്പറും ഈ ഡിസോറിയന്റഡ് പെന്‍ഗ്വിനാണ്.

Content Highlight: A short video of a lone penguin viral in Instagram reels

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more