| Friday, 25th September 2026, 5:05 pm

DOOL IN DEPTH- സയണിസ്റ്റ് യുദ്ധതന്ത്രങ്ങള്‍ക്ക് തിരിച്ചടി: എ.ഐ കുരുതികള്‍ തുറന്നുകാട്ടുന്ന 'നാസ' അന്താരാഷ്ട്ര റിലീസിലേക്ക്

നിഷാന. വി.വി

ഗസയിലെ യുദ്ധവുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇസ്രഈല്‍ സൈനിക നടപടികളും പ്രമേയമാക്കി പുറത്തിറങ്ങിയ ഡോക്യൂമെന്ററി നാസ ആഗോള റിലീസിനൊരുങ്ങുന്നു. സെപ്റ്റംബറില്‍ നടന്ന വെനീസ് ചലച്ചിത്ര മേളയില്‍ പ്രത്യേക ജൂറി പുരസ്‌ക്കാരവും 25 മിനിട്ടോളം കൈയ്യടിയും ചിത്രം നേടിയിരുന്നു.

ദി ഗാര്‍ഡിയില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇസ്രഈലി സംവിധായകരായ യുവാല്‍ എബ്രഹാം, റേച്ചല്‍ സോര്‍ എന്നിവരാണ്. ഗസയിലെ സൈനിക നടപടികളില്‍ ഇസ്രഈല്‍ സൈന്യം എ.ഐ ഉപയോഗപ്പെടുത്തിയതിനെക്കുറിച്ചാണ് ചിത്രം തുറന്ന് കാട്ടുന്നത്.

‘നാസ’ വെളിപ്പെടുത്തുന്നത്

നാസ എന്ന ചിത്രത്തിന്റെ പേര് തന്നെ ഇസ്രഈല്‍ സൈനിക നടപടികളില്‍ നിന്നുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യോമാക്രമണങ്ങളില്‍ സാധാരണക്കാരായ ജനങ്ങള്‍ കൊല്ലപ്പെടുന്നതിനെ സൈനിക ഭാഷയില്‍ സൂചിപ്പിക്കുന്ന ഹീബ്രു ചുരുക്കപ്പേരാണ് ചിത്രത്തിന്റെ തലക്കെട്ടായ ‘നാസ’.

ഗസയില്‍ പിഞ്ചു കുഞ്ഞുങ്ങളെ അടക്കം കൊലപ്പെടുത്തുന്ന ഇസ്രഈലിന്റെ സൈനിക നടപടികളില്‍ ഉപയോഗിക്കുന്ന സാങ്കേതിക സംവിധാനങ്ങളും ലക്ഷ്യ നിര്‍ണയ രീതികളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഇസ്രഈല്‍ സൈന്യവുമായി ബന്ധപ്പെട്ട 24 പേരുടെ അജ്ഞാത മൊഴികളാണ് ചിത്രത്തിന്റെ പ്രധാന ഭാഗം. സൈനികരുടെയും രഹസ്യാന്വേഷണ വിഭാഗത്തിലെ അംഗങ്ങളുടെയും അനുഭവങ്ങളിലെ ഗസയിലെ ആക്രമണ നടപടികളുടെ ആന്തരിക സംവിധാനങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.

രാത്രികാലങ്ങളില്‍ ടെല്‍അവീവിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ വളരെ രഹസ്യമായാണ് ഇസ്രഈലി സൈനികരുടെ മൊഴി എടുത്തത്. സൈനികരുടെ ശബ്ദം ആനിമേഷന്‍ വഴി മാറ്റിയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

ലാവെന്‍ഡര്‍ ഉള്‍പ്പെടെയുള്ള എ.ഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് മനുഷ്യരെ ലക്ഷ്യമിടുന്ന രീതിയും സാധാരണക്കാരുടെ കൂട്ടമരണങ്ങളെ സൈന്യം നിസാരമായി കാണുന്ന രീതിയെയും ചിത്രം തുറന്ന് കാട്ടുന്നുണ്ട്. 500 വരെ സാധാരണക്കാരുടെ മരണത്തിന് കാരണമായേക്കാവുന്ന ഉയര്‍ന്ന അപകടസാധ്യതയുള്ള ആക്രമണങ്ങള്‍ക്ക് പോലും സൈനിക നേതൃത്വം അനുമതി നല്‍കിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.

ആരാണ് സംവിധായകര്‍

ഗസ കൂട്ടക്കൊല തുറന്ന് കാട്ടുന്ന 80 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യൂമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ഇസ്രഈലി സംവിധായകരായ യുവാല്‍ എബ്രഹാമും റേച്ചല്‍ സോറുമാണ്.

വെനീസിലെ 83-ാമത് ചലച്ചിത്രമേളയിലെ പ്രധാന മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരത്തിനായി മത്സരിക്കുന്ന ഏക ഡോക്യുമെന്ററിയാണ്. ഓസ്‌ക്കാര്‍ പുരസ്‌കാരം നേടിയ ‘നോ അതര്‍ ലാന്‍ഡ്’ എന്ന ഡോക്യുമെന്ററിക്ക് ശേഷം യുവാല്‍ എബ്രഹാമും റേച്ചല്‍ സോറും ഒന്നിച്ച ചിത്രമാണിത്.

ഫലസ്തീനില്‍ നടക്കുന്നത് വംശഹത്യയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും ആ യാഥാര്‍ത്ഥ്യം ഇസ്രഈല്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചവരുടെ വാക്കുകളിലൂടെ തന്നെ ലോകത്തിന് മുന്നിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംവിധായകന്‍ യുവാല്‍ എബ്രഹാം പറഞ്ഞു.

നാസ ഡോക്യൂമെന്ററി സംവിധായകര്‍ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍

25 മിനിട്ട് കയ്യടി പിന്നാലെ പൊട്ടിക്കരച്ചില്‍

വെനീസ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ചിത്രം ചരിത്രം കുറിച്ച് കൊണ്ട് 25 മിനിട്ട് കയ്യടി നേടി. ഇതോടെ സംവിധായകര്‍ പൊട്ടികരയുകയായിരുന്നു. അന്താരാഷ്ട്ര ചലച്ചിത്ര മേളകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വീകരണമായിരുന്നു ഇത്.

വെനീസില്‍ കഴിഞ്ഞ വര്‍ഷം പ്രദര്‍ശിപ്പിച്ച ‘ദ വോയ്സ് ഓഫ് ഹിന്ദ് റജബ്’ നേടിയ 23 മിനിറ്റ് കരഘോഷത്തിന്റെ റെക്കോര്‍ഡാണ് ‘നാസ’ മറികടന്നത്. നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രം ന്യൂയോര്‍ക്ക് ചലച്ചിത്രമേള ഉള്‍പ്പെടെയുള്ള മറ്റ് അന്താരാഷ്ട്ര മേളകളിലും പ്രദര്‍ശിപ്പിക്കും.

ചിത്രം യൂറോപ്പില്‍ പിന്തുണ നേടുന്നത് എന്ത് കൊണ്ട് ?

ഇസ്രഈലില്‍ നിന്നുള്ള സംവിധായകര്‍ തന്നെ സ്വന്തം രാജ്യത്തിന്റെ സൈനിക നടപടികളിലെ ക്രൂരതകള്‍ തുറന്ന് കാട്ടി എന്നത് ചിത്രത്തിന് വലിയ മാനങ്ങള്‍ നല്‍കുന്നുണ്ട്. യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്ത ഇസ്രഈല്‍ സൈനികര്‍ തന്നെയാണ് വെളിപ്പെടുത്തലുകള്‍ നടത്തുന്നത് എന്നതും ഇതിനുള്ള പിന്തുണയ്ക്ക് കാരണമാവുന്നുണ്ട്.

വെനീസ് ചലച്ചിത്ര മേളയില്‍ ലഭിച്ച 25 മിനിറ്റ് നീണ്ട ചരിത്രപരമായ കരഘോഷം, ഗസ യുദ്ധത്തില്‍ ഇസ്രഈലിന് പാശ്ചാത്യ രാജ്യങ്ങളിലും ജനങ്ങള്‍ക്കിടയിലും ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത പിന്തുണ നഷ്ടപ്പെടുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്

സംവിധായകരുടെ പൗരത്വം റദ്ദാക്കുമെന്ന് ഇസ്രഈല്‍

നാസ ഡോക്യൂമെന്ററിയുടെ സംവിധായകരുടെ പൗരത്വം റദ്ദാക്കണമെന്നാണ് ഇസ്രഈല്‍ സാസ്‌കാരിക മന്ത്രി മിക്കി സോഹന്‍ പറഞ്ഞത്. ഈ സംവിധായകര്‍ രാജ്യദ്രോഹികളാണെന്നും ലോകത്തെ ജൂത വിരുദ്ധന്മാരില്‍ നിന്ന് കൈയ്യടി നേടാന്‍ സ്വന്തം രാജ്യത്തെ അപായപ്പെടുത്തിയെന്നും മിക്കി പറഞ്ഞു.

ഐ.ഡി.എഫ് സൈനികര്‍ക്കും ഇസ്രഈലിനും ഹാനികരമാകുന്ന സൃഷ്ടികളാണ് ഇവയെന്നും ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇവര്‍ ഇസ്രഈല്‍ ജനതയ്ക്ക് മുഴുവന്‍ അപമാനമാണെന്ന് ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിറും പറഞ്ഞു. സംവിധായകര്‍ക്ക് ഗസയിലെ ഹമാസ് സ്വീകരണം നല്‍കുമെന്നും ബെന്‍ഗ്വിര്‍ പരിഹസിച്ചു.

ഡോക്യൂമെന്റിയെ തള്ളി ഐ.ഡി.എഫ്

ഡോക്യുമെന്ററിയിലെ ആരോപണങ്ങള്‍ ഇസ്രഈല്‍ സൈന്യം തള്ളി. ആക്രമണ തീരുമാനങ്ങള്‍ എടുക്കുന്നത് മനുഷ്യരാണെന്നും എ.ഐ അല്ലെന്നുമാണ് ഐ.ഡി.എഫിന്റെ വാദം. ഡോക്യുമെന്ററിയില്‍ ഇസ്രഈലി സൈനികരും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ഉന്നയിച്ചിട്ടുള്ള എല്ലാ ആരോപണങ്ങളും ഐ.ഡി.എഫ് പൂര്‍ണമായി തള്ളിക്കളഞ്ഞു.

എന്നാല്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ഡോക്യൂമെന്ററി നിര്‍മിച്ചിരിക്കുന്നതെന്ന് സംവിധായകര്‍ തിരിച്ചടിച്ചു.

Content Highlight:

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more