| Thursday, 26th November 2026, 1:05 pm

ഹോംവര്‍ക്ക് ചെയ്തില്ല, കര്‍ണാടകയില്‍ രണ്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം; അധ്യാപികയ്ക്കും പ്രധാന അധ്യാപകനുമെതിരെ കേസ്

ശ്രീരാഗ് പാറക്കല്‍

ബെംഗളൂരു: ഹോം വര്‍ക്ക് ചെയ്തില്ലെന്ന് പറഞ്ഞ് കര്‍ണാടകയില്‍ രണ്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം.
ബാഗല്‍കോട്ട് ജില്ലയിലെ റബകവി ബനഹട്ടി താലൂക്കിലെ നവലഗി ഗ്രാമത്തിലെ റാണി ചെന്നമ്മ പ്രൈവറ്റ് സ്‌കൂളിലാണ് സംഭവം നടന്നത്.

രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ഗൃഹപാഠം ചെയ്തില്ല എന്ന കാരണത്താല്‍ ചൂരല്‍ കൊണ്ടും മരകഷ്ണം കൊണ്ടും അധ്യാപികയും പ്രധാന അധ്യാപകനും മര്‍ദിക്കുകയായിരുന്നു. സ്‌കൂളിലെ പ്രധാന അധ്യാപകനും ക്ലാസ് അധ്യാപകനുമെതിരെയാണ് പരാതി.

രണ്ട് ദിവസം അസുഖം ബാധിച്ച് അവധിയിലായിരുന്ന കുട്ടി ഇന്ന് (വ്യാഴം) സ്‌കൂളില്‍ തിരിച്ചെത്തുകയായിരുന്നു. തിരിച്ചെത്തിയ കുട്ടിയെ ഹോം വര്‍ക്ക് ചെയ്തില്ലെന്ന കാരണത്താല്‍ അധ്യാപികയും പ്രധാന അധ്യാപകനും ക്രൂരമായി കുട്ടിയെ മര്‍ദിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു.

വടികൊണ്ട് കുട്ടിയുടെ പുറത്തും കൈ കാലുകളിലും വയറിനും അടിച്ചെന്ന് രക്ഷിതാക്കള്‍ പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ കുട്ടിയുടെ ശരീരത്തില്‍ രക്തം കട്ട പിടിച്ച പാടുകളും ചതവും ഉണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. നിലവില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരാതിയെ തുടര്‍ന്ന് ബനഹട്ടി പൊലീസ് അധ്യാപിക വിജയലക്ഷ്മി തലവാര, പ്രധാന അധ്യാപകന്‍ അംഗഡി എന്നിവ ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ സ്‌കൂളില്‍ പ്രധിഷേധിച്ചിരുന്നു. വിഷയത്തില്‍ ഉടന്‍ തന്നെ ഇടപെടുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

ബാഗല്‍കോട്ടിലെ സ്വകാര്യ സ്‌കൂളുകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ച് സംഭവിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട അധികാരികള്‍ ഈ വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പൊതുജനങ്ങള്‍ ആവശ്യപ്പെട്ടു.

Content Highlight: A second-grade student was brutally beaten in Karnataka for not doing his homework

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more