| Tuesday, 7th July 2026, 4:41 pm

എത്ര വലിയ ഗുണ്ട് പടമാണെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ ഇത് ബ്ലോക്ക്ബസ്റ്ററാകും; പോകുന്ന പോക്കില്‍ ജന നായകനെയും കൊട്ടിയെന്ന് ട്രോളന്മാര്‍

അമര്‍നാഥ് എം.

ഒ.ടി.ടി റിലീസിന് പിന്നാലെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ് നസ്‌ലെന്‍ നായകനായ മോളിവുഡ് ടൈംസ്. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രത്തിന് തിയേറ്റര്‍ റിലീസ് സമയത്ത് സമ്മിശ്ര പ്രതികരണം നേടിയ ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു. ജിയോ ഹോട്‌സ്റ്റാറിലൂടെ സ്ട്രീം ചെയ്യുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

സിനിമയോട് അടങ്ങാത്ത ഒബ്‌സഷനുള്ള വിനീത് മാധവന്‍ എന്ന യുവാവിന്റെ കഥയാണ് മോളിവുഡ് ടൈംസ് പറയുന്നത്. ഒരുപാട് പരിശ്രമങ്ങള്‍ക്കൊടുവില്‍ സിനിമാലോകത്തെത്തുന്ന വിനീത് മാധവന്‍ നേരിടുന്ന തിരിച്ചടികളും അതിനെ മറികടന്ന് സിനിമ പൂര്‍ത്തിയാക്കുന്നതുമാണ് സിനിമയുടെ കഥ. പല സിനിമാപ്രേമികള്‍ക്കും കണക്ടാകുന്ന കഥാപാത്രമാണ് വിനീത് മാധവന്‍.

മോളിവുഡ് ടൈംസ് Photo: Jio Hotstar

മലയാളത്തിന് പുറമെ തമിഴ് സിനിമാപേജുകളിലും മോളിവുഡ് ടൈംസാണ് പ്രധാന ചര്‍ച്ചാവിഷയം. ചിത്രത്തിലെ പല സീനുകളും ഡയലോഗുകളും തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രിയുമായി കണക്ടാകുന്നതാണെന്ന് പലരും അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇപ്പോഴിതാ, ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു സീനിനെ ജന നായകനുമായി കണക്ട് ചെയ്യുന്ന പോസ്റ്റ് വൈറലായിരിക്കുകയാണ്.

വിനീതിന്റെ ആദ്യ സിനിമയായ മനുഷ്യന്‍ റീഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അതിലെ നായകനായ സൂപ്പര്‍സ്റ്റാര്‍ സ്വരൂപ് വാഹനാപകടത്തില്‍ മരിക്കുന്നതായി മോളിവുഡ് ടൈംസില്‍ കാണിക്കുന്നുണ്ട്. മറ്റൊരു സിനിമയുമായി സാമ്യതയുള്ള തന്റെ സിനിമ റീഷൂട്ട് ചെയ്യണമെന്ന് വിനീത് വാശി പിടിക്കുമ്പോഴും നിര്‍മാതാവ് ആ സിനിമ റിലീസ് ചെയ്യാനാണ് നിര്‍ബന്ധം പിടിക്കുന്നത്.

ജന നായകന്‍, മോളിവുഡ് ടൈംസ് Photo: Kerala Box Office/ X.com

‘എത്ര വലിയ ഗുണ്ട് പടമാണെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ ഇത് ബ്ലോക്ക്ബസ്റ്ററാകും’ എന്നാണ് നിര്‍മാതാവായ ഫയാസ് എന്ന കഥാപാത്രം പറയുന്നത്. സൂപ്പര്‍സ്റ്റാറിന്റെ ആരാധകര്‍ അദ്ദേഹത്തിന്റെ അവസാന സിനിമ കാണാന്‍ ഇടിച്ചുകയറുമെന്നാണ് നിര്‍മാതാവിന്റെ വാദം. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്‌യുടെ അവസാന ചിത്രമായ ജന നായകനുമായി ഈ സീനിന് ബന്ധമുണ്ടെന്നാണ് പോസ്റ്റുകള്‍.

മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി സിനിമാജീവിതം ഉപേക്ഷിച്ച വിജയ്‌യുടെ അവസാന ചിത്രമാണ് ജന നായകന്‍. സമാനതകളില്ലാത്ത പ്രതിസന്ധികളാണ് ചിത്രം നേരിടുന്നത്. ഇത്രയും പ്രതിസന്ധികള്‍ക്കിടയിലും ജന നായകനെക്കുറിച്ച് സംവിധായകന്‍ ഒരക്ഷരം പോലും മിണ്ടാത്തതും ചര്‍ച്ചയാകുന്നുണ്ട്.

വിനീത് മാധവന്‍ എന്ന കഥാപാത്രത്തെ എച്ച്. വിനോദാണെന്നും ഫയാസ് മുഹമ്മദ് കെ.വി.എന്‍. പ്രൊഡക്ഷന്‍സാണെന്നും പോസ്റ്റില്‍ പറയുന്നു. ചിത്രം ഇതുവരെ റിലീസാകാത്തതും അതിനിടയില്‍ ജന നായകന്‍ ഇന്റര്‍നെറ്റില്‍ ലീക്കായതുമെല്ലാം മോളിവുഡ് ടൈംസുമായി പലരും കണക്ട് ചെയ്യുകയാണ്. സിനിമാലോകത്ത് ഇപ്പോള്‍ നടക്കുന്ന ഇത്തരം കളികളെ പച്ചക്ക് വരച്ചുകാട്ടിയ അഭിനവിന്റെ ധൈര്യത്തെയും പലരും പ്രശംസിക്കുന്നുണ്ട്.

Content Highlight: A Scene from Mollywood Times is connected to Jana Nayagan issues

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more