| Thursday, 15th January 2026, 1:55 pm

റിവ്യൂവേഴ്‌സിന് 'കണ്ണില്‍ ചോരയില്ലാത്തത്' പുതിയ കാര്യമല്ല; വൈറലായി 1983 ല്‍ പുറത്തിറങ്ങിയ ഐ.വി.ശശിയുടെ നാണയം സിനിമയുടെ റിവ്യൂ

അശ്വിന്‍ രാജേന്ദ്രന്‍

ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ പുറത്തിറങ്ങുന്ന ഓരോ സിനിമകളെയും ഇഴകീറി പരിശോധിച്ച് റിവ്യൂ നടത്തുന്ന രീതി ഇന്ന് പുതുമയുള്ള കാര്യമല്ല. തിയേറ്ററില്‍ റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രത്തിന് മാര്‍ക്കിട്ട് പല ഹാന്‍ഡിലുകളില്‍ നിന്നും യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്ന വീഡിയോകള്‍ സിനിമ കാണണോ എന്നുള്ള പ്രേക്ഷകന്റെ തീരുമാനത്തില്‍ വലിയ സ്വാധീനം ചെലുത്താറുണ്ട്.

ഉണ്ണി വ്‌ളോഗ്‌സും അശ്വന്ത് കോക്കും

പല നിര്‍മാതാക്കളും സംഘടനകളും അശ്വന്ത് കോക്ക്, ഉണ്ണി വ്‌ളോഗ്‌സ് തുടങ്ങിയ യൂട്യൂബ് ചാനലുകള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയത് ഇതിനോടകം ചര്‍ച്ചയായിരുന്നു. ഗൂഢാലോചനയുടെ ഭാഗമായി ഒരു ചിത്രത്തെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇക്കൂട്ടര്‍ നടത്തുന്നതെന്നായിരുന്നു ആരോപണം. നെഗറ്റീവ് റിവ്യൂ ബോംബിങ്ങ് എന്നാണ് ഈ പ്രക്രിയക്ക് നല്‍കിയിരിക്കുന്ന പേര്.അതേസമയം വലിയ താരങ്ങളുടെ അകമ്പടിയില്ലാതെ ചെറിയ ബഡ്ജറ്റില്‍ ഒരുങ്ങി തിയേറ്ററുകളിലെത്തുന്ന മികച്ച ചിത്രങ്ങളെ വിജയവഴിയിലെത്തിക്കുന്നതിലും ഇക്കൂട്ടര്‍ വലിയ പങ്കുവഹിക്കാറുണ്ട്.

എന്നാല്‍ രൂക്ഷമായ രീതിയില്‍ സിനിമക്കെതിരെ റിവ്യൂ ചെയ്യുന്ന പരിപാടി ഇപ്പോള്‍ തുടങ്ങിയതല്ലെന്നും കാലങ്ങളായി മലയാള സിനിമയില്‍ തുടര്‍ന്ന് പോരുന്ന രീതിയാണെന്നതിന് തെളിവുമായി എത്തിയിരിക്കുകയാണ് സിനിമാ പേജുകള്‍. 1983 ല്‍ പുറത്തിറങ്ങിയ ഐ.വി.ശശി സംവിധാനം ചെയ്ത് മമ്മൂട്ടിയും മോഹന്‍ലാലും പ്രധാനവേഷത്തിലെത്തിയ നാണയത്തെയാണ് കടുത്ത ഭാഷയില്‍ ചിത്രദര്‍ശനം എന്ന കുറിപ്പില്‍ വിമര്‍ശിച്ചിരിക്കുന്നത്.

‘ഒരു നീണ്ട ഇടവേളക്ക് ശേഷം ഐ.വി.ശശി വിദേശ ലൊക്കേഷനില്ലാതെ, സെക്‌സില്ലാതെ, റീമേക്കല്ലാതെ, രാഷ്ട്രീയമില്ലാതെ, ഒരു തനി എന്റര്‍ടെയ്‌നര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തന്നെ പുതുമയായി അനുഭവപ്പെട്ടു’ എന്ന വാചകത്തോടെയാണ് റിവ്യൂ തുടങ്ങുന്നത്. മൂന്നുമണിക്കൂര്‍ രസകരമായി സമയം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചിത്രത്തിന് കയറാമെന്നും കുറിപ്പിലുണ്ട്.

ഐ.വി.ശശി . Photo: X.com

ഐ.വി.ശശിയുടെ സംവിധാനത്തിനടക്കം ചിത്രത്തിലെ ഓരോ വിഭാഗത്തിനും പ്രത്യേകം മാര്‍ക്ക് നല്‍കാനും നിരൂപകന്‍ മറന്നിട്ടില്ല. സംവിധാനത്തിനും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അഭിനയത്തിനും ഇരുപതില്‍ പന്ത്രണ്ട് മാര്‍ക്ക് വീതമാണ് നല്‍കിയിരിക്കുന്നത്. ഏറ്റവും കുറവ് മാര്‍ക്ക് ലഭിച്ചിരിക്കുന്നത് ചിത്രത്തിന്റ എഡിറ്റിങ്ങിനാണ്, പത്തില്‍ രണ്ട് മാര്‍ക്ക് മാത്രമാണ് നല്‍കിയിട്ടുള്ളത്.

ഗാനങ്ങള്‍, സംഗീതം, ക്യാമറ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പത്തില്‍ മൂന്ന് മാര്‍ക്ക് വീതം ലഭിച്ചപ്പോള്‍ ആകെ നൂറില്‍ 44 മാര്‍ക്ക് നേടാനേ ചിത്രത്തിന് സാധിച്ചിട്ടുള്ളൂ. ശരാശരിയിലും താഴെ എന്ന ഗണത്തിലാണ് ചിത്രദര്‍ശനം നാണയത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വളരെ വിമര്‍ശനാത്മകമായിട്ടാണ് അന്നത്തെക്കാലത്ത് മാസികകള്‍ റിവ്യൂ നടത്തിയതെന്നും കൊമേഷ്യല്‍ ചിത്രങ്ങളെ വലിച്ചുകീറുമ്പോള്‍ ജി.അരവിന്ദന്‍, അടൂര്‍ തുടങ്ങിയ ബുദ്ധിജീവികളുടെ സിനിമകള്‍ ഇവര്‍ നല്ല രീതിയില്‍ റേറ്റ് ചെയ്യുമെന്നും കമന്റുകളുണ്ട്. രൂക്ഷവിമര്‍ശനം നടത്തുന്നത് പുതുമയുള്ള കാര്യമല്ലെന്നും പക്ഷേ പഴയകാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ റിവ്യൂവേഴ്‌സിന് പ്രേക്ഷകര്‍ കൂടുതലായത് കൊണ്ടാണ് ചിത്രങ്ങളെ മോശമായി ബാധിക്കുന്നതെന്നുമാണ് കമന്റ് ബോക്‌സില്‍ പലരുടെയും വിലയിരുത്തല്‍.

Content Highlight: A review of Nanayam movie released in 1983 went viral on social media

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more