| Saturday, 18th July 2026, 10:59 pm

16 വര്‍ഷത്തെ ലോകകപ്പ് ചരിത്രം തിരുത്താന്‍ മെസിപ്പട; ഫൈനലില്‍ കാത്തിരിക്കുന്നത്...

ശ്രീരാഗ് പാറക്കല്‍

2026 ലോകകപ്പ് ഫൈനലിനൊരുങ്ങുകയാണ് അര്‍ജന്റീനയും സ്‌പെയ്‌നും. അര്‍ജന്റൈന്‍ നായകന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും സ്പാനിഷ് യുവതാരം ലാമിന്‍ യമാലും നേര്‍ക്കുനേര്‍ എത്തുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. തീ പാറുന്ന പോരാട്ടമായിരിക്കും ഫുടബോള്‍ ലോകത്തെ കാത്തിരിക്കുന്നതെന്നാണ് പല ഫുട്‌ബോള്‍ അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്.

ഫൈനലില്‍ സ്പെയ്‌നെ കീഴടക്കി കിരീടം ഉയര്‍ത്താനായാല്‍ അര്‍ജന്റീനയെ കാത്തിരിക്കുന്നത് ചരിത്രനേട്ടമാണ്. ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ട് തവണ ചാമ്പ്യന്മാരാകുന്ന മൂന്നാമത്തെ ടീമെന്ന അപൂര്‍വ റെക്കോഡിലേക്കാണ് ലയണല്‍ മെസിയും സംഘവും ചുവടുവെക്കുക. ഇതുവരെ ഇറ്റലിയും ബ്രസീലും മാത്രമാണ് ലോകകപ്പ് കിരീടം തുടര്‍ച്ചയായി രണ്ട് തവണ നിലനിര്‍ത്തിയിട്ടുള്ളത്.

1934ലും 1938ലും കിരീടം നേടി ഇറ്റലിയാണ് ലോകകപ്പ് കിരീടം തുടര്‍ച്ചയായി സ്വന്തമാക്കിയ ആദ്യ ടീം. അതിന് പിന്നാലെ 1958ലും 1962ലും ലോകചാമ്പ്യന്മാരായി ബ്രസീലും ഈ നേട്ടം ആവര്‍ത്തിച്ചു. എന്നാല്‍ അതിനുശേഷം നടന്ന 16 ലോകകപ്പ് പതിപ്പുകളിലും ഒരു ടീമിനും തുടര്‍ച്ചയായി രണ്ട് കിരീടം നേടാനായിട്ടില്ല.

സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്.

സ്‌പെയ്ന്‍ സെമി ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് അവസാന അങ്കത്തിനെത്തുന്നത്. മാത്രമല്ല നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്‌പെയ്ന്‍ ലോകകപ്പ് ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്. ചരിത്രത്തിലെ രണ്ടാം കിരീടത്തിനായിരിക്കും സ്പെയ്ന്‍ ലക്ഷ്യമിടുന്നത്.

ഇതിന് മുമ്പ് 2010ലായിരുന്നു സ്പാനിഷ് ടീം ആദ്യമായി ലോകകപ്പ് ഫൈനല്‍ കളിച്ചിരുന്നത്. തങ്ങളുടെ ആദ്യ ഫൈനലില്‍ തന്നെ കിരീടം സ്വന്തമാക്കാനും സ്പാനിഷ് ടീമിന് സാധിച്ചു.

Content Highlight: A rare record awaits Argentina if they defeat Spain in the 2026 final

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more