| Wednesday, 15th October 2025, 3:32 pm

മറ്റ് കമ്പോസര്‍മാരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ പ്രയാസം തോന്നും, സ്‌ട്രെസ് എടുക്കാനോ ബഹളം വെക്കാനോ എനിക്കിഷ്ടമല്ല: എ.ആര്‍. റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ പ്രൊജക്ടായി ഒരുങ്ങുകയാണ് നിതേഷ് തിവാരിയുടെ രാമായണ. 4000 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ലോക സിനിമയിലെ ഇതിഹാസങ്ങളായ എ.ആര്‍. റഹ്‌മാനും ഹാന്‍സ് സിമ്മറുമാണ് സംഗീതമൊരുക്കുന്നത്. ഹാന്‍സ് സിമ്മറിനൊപ്പം കൈകോര്‍ക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് എ.ആര്‍. റഹ്‌മാന്‍.

തനിക്ക് മറ്റ് കമ്പോസര്‍മാരുമായി ചേര്‍ന്ന് വര്‍ക്ക് ചെയ്യുക എന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പറയുകയാണ് എ.ആര്‍. റഹ്‌മാന്‍. താന്‍ അധികം ശബ്ദമൊന്നും ഉണ്ടാക്കാതെ തന്റേതായ രീതിയില്‍ വര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുമെന്നും എന്നാല്‍ മറ്റുള്ളവരുമായി ചേരുമ്പോള്‍ പലപ്പോഴും അത് നടക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.ടി.വിയോട് സംസാരിക്കുകയായിരുന്നു എ.ആര്‍. റഹ്‌മാന്‍.

‘മറ്റ് ഗായകരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നത് നല്ല അനുഭവമാണ്. പക്ഷേ, മറ്റുള്ള സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും ചില കമ്പോസേഴ്‌സിനൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാന്‍ ആദ്യമായി ഒന്നിച്ച് ചേര്‍ന്ന് പ്രവര്‍ത്തിച്ച വിദേശ കമ്പോസര്‍ ഗ്രെയ്ഗ് ആംസ്‌ട്രോങ്ങാണ്. ശേഖര്‍ കപൂറിന്റെ ഒരു പടത്തിന് വേണ്ടിയായിരുന്നു.

പിന്നീട് ഒരു ഫിന്നിഷ് ബാന്‍ഡിനൊപ്പം ലോര്‍ഡ് ഓഫ് ദി റിങ്‌സിന്റെ സ്‌കോര്‍ ലൈവ് പെര്‍ഫോം ചെയ്തിട്ടുണ്ട്. ഹാന്‍സ് സിമ്മര്‍ എന്നെ ഒരുപാട് വട്ടം വിളിച്ചിട്ടുണ്ട്. അദ്ദേഹം നല്ല മനസിന്റെ ഉടമയാണ്. പരസ്പര സഹകരണവും കരുതലുമെല്ലാം അദ്ദേഹത്തിനുണ്ട്. ഒന്നിച്ച് വര്‍ക്ക് ചെയ്യാന്‍ വിളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഏത് റൂം വേണമെങ്കിലും ഉപയോഗിച്ചോളൂ എന്ന് പറഞ്ഞു. പക്ഷേ, ഞാന്‍ മറ്റൊരു വീട് വാടകക്കെടുത്തു.

ഓസ്‌കര്‍ വേദിയില്‍ സൂപ്പര്‍മാന്റെ സംഗീതം ലൈവ് പെര്‍ഫോം ചെയ്യുന്ന സമയത്ത് അദ്ദേഹം എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. പിന്നീട് ഞങ്ങള്‍ തമ്മിലുള്ള ടച്ച് വിട്ടുപോയി. പിന്നീട് നമിത് ജീ രാമായണം സിനിമ ചെയ്യാന്‍ പോയപ്പോള്‍ എന്നെ വിളിച്ചു ‘നിങ്ങളും ഹാന്‍സ് സിമ്മറും എന്റെ ഫേവറെറ്റാണ്. ഈ പ്രൊജക്ടില്‍ നിങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്താല്‍ കൊള്ളാമെന്നുണ്ട്’ എന്ന് പറഞ്ഞു. എനിക്കും അത് കേട്ടപ്പോള്‍ സന്തോഷമായി.

ഇത്രയും വലിയൊരു പ്രൊജക്ടില്‍ ഹാന്‍സിനൊപ്പം വര്‍ക്ക് ചെയ്തത് നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു. രാമായണത്തിനെക്കുറിച്ച് അദ്ദേഹത്തിന് യാതൊരു അറിവുമില്ല. ഓരോ കഥാപാത്രത്തെ കാണുമ്പോഴും ഇത് ആരാണ് എന്ന് ചോദിച്ചുകൊണ്ടേയിരിക്കും. അതെല്ലാം കൃത്യമായി പറഞ്ഞു കൊടുക്കുമ്പോള്‍ നല്ല മ്യൂസിക് നമുക്ക് കിട്ടും. മികച്ചൊരു അനുഭവമാണ് ഹാന്‍സിനൊപ്പമുള്ള വര്‍ക്കിങ്,’ എ.ആര്‍. റഹ്‌മാന്‍ പറയുന്നു.

Content Highlight: A R Rahman shares the experience of working with Hanz Zimmer in Ramayana

We use cookies to give you the best possible experience. Learn more