ഏഴ് വര്‍ഷത്തെ ചലച്ചിത്രപുരസ്‌കാരങ്ങള്‍ ഒരുമിച്ച് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞദിവസം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 2016 മുതല്‍ 2022 വരെയുള്ള അവാര്‍ഡുകളെല്ലാം കഴിഞ്ഞദിവസമാണ് സമ്മാനിച്ചത്. താരനിബിഡമായ ചടങ്ങിലെ വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. തമിഴിലെ പല വമ്പന്മാരെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ അവാര്‍ഡ് ദാനത്തില്‍ സര്‍ക്കാരിന് പറ്റിയ വലിയൊരു അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. 2020ലെ മികച്ച നടനുള്ള പുരസ്‌കാരം സൂര്യക്ക് സമ്മാനിച്ച സമയത്താണ് അമളി പറ്റിയത്. സൂര്യക്ക് നല്‍കിയ അവാര്‍ഡ് ഫലകത്തില്‍ എ.ആര്‍. റഹ്‌മാന്റെ പേരായിരുന്നു എഴുതിയത്. 2022ലെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം എ.ആര്‍ റഹ്‌മാനായിരുന്നു നല്‍കേണ്ടിയിരുന്നത്.
പുരസ്‌കാരവേദിയില്‍ സൂര്യ Photo: Selva Sg/ X.com
ഇത് അബദ്ധത്തില്‍ സൂര്യക്ക് കൈമാറുകയായിരുന്നു. അവാര്‍ഡ് നേടിയ ഉടനെ സൂര്യ സദസിലിരുന്ന റഹ്‌മാന് നേരെ കൈ ചൂണ്ടി ‘ഇത് താങ്കളുടേതെന്ന്’ പറയുന്നത് വീഡിയോയില്‍ കാണാനാകും. സ്‌റ്റേജില്‍ നിന്ന് ഇറങ്ങിയ സൂര്യ അവാര്‍ഡ് ഫലകം റഹ്‌മാനെ കാണിച്ച് വ്യക്തത വരുത്തുകയും റഹ്‌മാന്‍ ഇത് കണ്ട് ചിരിക്കുന്നതിന്റെയും വീഡിയോ വൈറലായി.
സര്‍ക്കാരിനെതിരെ ട്രോളുമായി പലരും ഇതിനോടകം രംഗത്തെത്തി. വായിക്കാനറിയാവുന്ന ആരും സ്‌റ്റേജില്‍ ഉണ്ടായിരുന്നില്ലേയെന്നാണ് പലരും ചോദിക്കുന്നത്. ‘എ.ആര്‍. റഹ്‌മാന്‍ ആളാകെ മാറിപ്പോയല്ലോ, ഇപ്പോള്‍ കണ്ടാല്‍ സൂര്യയെപ്പോലെയുണ്ട്’, ‘എഴുതാനും വായിക്കാനും അറിയാവുന്ന ആരും സ്‌റ്റേജിലില്ലേ’ എന്നൊക്കെയാണ് ട്രോളുകള്‍.
കഴിഞ്ഞദിവസം രാത്ര നടന്ന ചടങ്ങിലെ ഈ അബദ്ധം വളരെ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഏഴ് വര്‍ഷത്തെ അവാര്‍ഡുകള്‍ ഒരുമിച്ച് നല്‍കുമ്പോള്‍ ഇത്തരം അബദ്ധങ്ങള്‍ ചിലപ്പോള്‍ സംഭവിച്ചേക്കുമെന്നും എന്നാല്‍ അത് അപ്പോള്‍ തന്നെ തിരുത്തണമായിരുന്നെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ട്രോളാനായി വലിയ വിഷയമില്ലാതിരുന്നവര്‍ക്ക് ഇപ്പോള്‍ ചാകരയാണ്.
സൂരറൈ പോട്രിലെ പ്രകടനമാണ് സൂര്യയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മൂന്നാം തവണയാണ് സൂര്യ തമിഴിലെ മികച്ച നടനാകുന്നത്. സൂര്യയുടെ മൂന്ന് സിനിമകള്‍ ചേര്‍ന്ന് 18 അവാര്‍ഡുകളാണ് കഴിഞ്ഞദിവസം നേടിയത്. ബോക്‌സ് ഓഫീസില്‍ അത്രകണ്ട് നല്ല സ്ഥിതിയിലല്ലെങ്കിലും നടനെന്ന നിലയില്‍ താന്‍ ഒട്ടും പിന്നോട്ട് പോയിട്ടില്ലെന്ന് സൂര്യ തെളിയിച്ചെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
Content Highlight: A R Rahman’s name in Suriya’s award getting trolls