തമിഴ് സിനിമയില്‍ ബാക്ക് ടു ബാക്ക് ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് എ.ആര്‍. മുരുകദോസ്. ആദ്യചിത്രമായ ദീന മുതല്‍ 2014ല്‍ പുറത്തിറങ്ങിയ കത്തി വരെ ഒമ്പത് ചിത്രങ്ങളാണ് മുരുകദോസ് ഹിറ്റാക്കിയത്. എന്നാല്‍ കത്തിക്ക് ശേഷം വലിയ വിജയം സ്വന്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സിക്കന്ദര്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയും ചെയ്തു.
തമിഴ് സിനിമയിലെ സീനിയര്‍ സംവിധായകരുടെയെല്ലാം സിനിമകള്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ശങ്കറിന്റെ ഇന്ത്യന്‍ 2, ഗെയിം ചേഞ്ചര്‍ എന്നീ ചിത്രങ്ങള്‍ പരാജയമായപ്പോള്‍ മണിരത്‌നത്തിന്റെ തഗ് ലൈഫ് ബജറ്റ് പോലും തിരിച്ചുപിടിച്ചില്ല. സീനിയര്‍ സംവിധായകരുടെ ചിത്രങ്ങള്‍ നിരാശപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് എ.ആര്‍. മുരുകദോസ്
‘പരാജയപ്പെട്ട സിനിമകള്‍ കൊണ്ട് ഷങ്കര്‍ സാറോ മണിരത്‌നം സാറോ മോശം സംവിധായകരാകില്ല. അവര്‍ ഇതുവരെ ചെയ്തുവെച്ച സിനിമകള്‍ മാത്രം മതി രണ്ടുപേരും എത്ര വലിയ ലെജന്‍ഡാണെന്ന് മനസിലാകാന്‍. അവരുടെ ഒരു സിനിമ മോശമായത് അവരുടെ കുറ്റം കൊണ്ടാകില്ല. അതുകൊണ്ട് അവരെ ഇങ്ങനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല.
ഷങ്കര്‍ സാര്‍ ചെയ്ത സിനിമകളെടുത്താല്‍ വെറും എന്റര്‍ടൈന്മന്റ് എന്നതിലുപരി വലിയൊരു മെസേജ് സമൂഹത്തിന് അതെല്ലാം നല്‍കുന്നുണ്ട്. പടം കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ ആ സിനിമ നമ്മളോട് പറയുന്ന കാര്യം നമ്മുടെ കൂടെയുണ്ടാകും. അത് അദ്ദേഹത്തിന്റെ കഴിവാണ്. ആ വഴി അദ്ദേഹമുണ്ടാക്കിയെടുത്തതാണ്.
പുതിയൊരു വഴി നമ്മള്‍ ഉണ്ടാക്കുമ്പോള്‍ കാലില്‍ കല്ലും മുള്ളും കൊണ്ട് മുറിയും. ഇപ്പോള്‍ കേള്‍ക്കുന്ന പഴിയെല്ലാം ആ മുറിവുകളായി കണ്ടാല്‍ മതി. വേറൊരു സംവിധായകന്‍ ഒരേ രീതിയിലുള്ള സിനിമകളെടുത്ത് സേഫായി പോയാല്‍ അയാള്‍ മികച്ച സംവിധായകനാണെന്ന് പറയാനാകില്ല. മുമ്പ് ഒരാള്‍ ഉണ്ടാക്കിയ വഴിയിലൂടെ അയാള്‍ പോകുന്നെന്ന് മാത്രമേയുള്ളൂ.
ഇന്ത്യന്‍ സിനിമക്ക് പല കാര്യങ്ങളും പഠിപ്പിച്ചുകൊടുത്തത് തമിഴിലെ സംവിധായകരാണെന്ന് പറയാം. ബോളിവുഡില്‍ നോക്കിയാല്‍ അവിടെ എന്റര്‍ടൈന്മെന്റ് സിനിമകളാണ് 100 കോടിയൊക്കെ നേടുന്നത്. തമിഴില്‍ നോക്കുകയാണെങ്കില്‍ സമൂഹത്തിന് പുതിയ കാര്യങ്ങള്‍ പഠിപ്പിച്ച് കൊടുക്കുന്ന സിനിമകളാണ് ആ നേട്ടത്തിലെത്തുന്നത്. അതാണ് ബോളിവുഡും തമിഴ് സിനിമയും തമ്മിലുള്ള വ്യത്യാസം,’ എ.ആര്‍. മുരുകദോസ് പറഞ്ഞു.
Content Highlight: A R Murugadoss shares his opinion on failure of Shankar and Maniratnam