അജിത്, വിജയകാന്ത്, സൂര്യ, വിജയ് എന്നിവരുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് എ.ആര്‍. മുരുകദോസ്. ദീന, ഗജിനി, തുപ്പാക്കി, ഏഴാം അറിവ് തുടങ്ങി ഒരുപിടി മികച്ച ഹിറ്റുകള്‍ അദ്ദേഹം സിനിമാപ്രേമികള്‍ക്കായി സമ്മാനിച്ചു.
തുടര്‍പരാജയങ്ങള്‍ക്ക് ശേഷം വിജയ്ക്ക് വമ്പന്‍ തിരിച്ചുവരവ് ലഭിച്ചത് മുരുകദോസിന്റെ ചിത്രത്തിലൂടെയായിരുന്നു. 2012ല്‍ പുറത്തിറങ്ങിയ തുപ്പാക്കി വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറി. തുപ്പാക്കിക്ക് ശേഷം മുരുകദോസിനൊപ്പം കൈകോര്‍ത്ത കത്തിയും വന്‍വിജയമായി. പിന്നാലെ താരത്തിന്റെ സ്റ്റാര്‍ഡവും വലിയ രീതിയില്‍ ഉയര്‍ന്നു. എന്നാല്‍ ഇതേ ടീം വീണ്ടുമൊന്നിച്ച സര്‍ക്കാര്‍ ശരാശരിയിലൊതുങ്ങി. വിജയ്‌യെക്കുറിച്ച് സംസാരിക്കുകയാണ് മുരുകദോസ്.
‘കത്തിക്ക് ശേഷം വിജയ് സാറിനെ വെച്ച് ഒരു വ്യത്യസ്തമായ സബ്ജക്ട് പ്ലാന്‍ ചെയ്തിരുന്നു. ഡ്രൈ ആയിട്ടുള്ള ഒരു പടമായിരുന്നു അത്. വിജയ്‌യെ ആരാധകര്‍ ഇതുവരെ കാണാത്ത തരത്തില്‍ ഒരു പടമായിരുന്നു എന്റെ മനസിലുണ്ടായിരുന്നത്. അതായത് ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കെത്തുന്ന ഒരു അഭയാര്‍ത്ഥിയുടെ കഥയായിരുന്നു.
ഇന്ത്യയില്‍ നിന്ന് നേരെ തായ്‌ലന്‍ഡിലേക്കും പിന്നീട് കാനഡയിലേക്കും പോയി ഏറ്റവുമൊടുവില്‍ ലണ്ടനിലെത്തുന്ന തരത്തിലായിരുന്നു കഥ. ആദ്യാവസാനം ഡ്രൈയായിട്ടുള്ള പടമായിരുന്നു മനസില്‍. ലുങ്കിയും ഷര്‍ട്ടുമൊക്കെ ധരിച്ചാണ് പടത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. ഇത് വിജയ് സാറിനോട് പറയുകയും ചെയ്തു. ആക്ഷന്‍ ബ്ലോക്കൊന്നുമില്ലാത്ത കഥയാണെന്ന് ആദ്യമേ പറഞ്ഞിരുന്നു.
ഇതുവരെ അങ്ങനെയൊന്ന് ചെയ്യാത്തതുകൊണ്ട് അദ്ദേഹം ആദ്യം ഇന്ററസ്റ്റ് കാണിച്ചു. കഥ കുറച്ച് ഡെവലപ്പായപ്പോള്‍ അദ്ദേഹം എന്നെ വിളിപ്പിച്ചു. ‘ഈ പടം തത്കാലം വേണ്ട, നമുക്ക് വേറെയൊരു ടൈപ്പ് പടം ചെയ്യാം’ എന്നായിരുന്നു വിജയ് പറഞ്ഞത്. ഏത് തരത്തിലുള്ള സിനിമ വേണമെന്ന് ചോദിച്ചപ്പോള്‍ പൊളിറ്റിക്കല്‍ പടമാണെന്നായിരുന്നു മറുപടി. അങ്ങനെയാണ് സര്‍ക്കാര്‍ എന്ന പടം ചെയ്തത്,’ എ.ആര്‍. മുരുകദോസ് പറഞ്ഞു.
മെര്‍സല്‍ എന്ന വമ്പന്‍ വിജയത്തിന് ശേഷം വിജയ് നായകനായി വേഷമിട്ട ചിത്രമായിരുന്നു സര്‍ക്കാര്‍. ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത വിജയം മാത്രമായിരുന്നു ചിത്രം നേടിയത്. റിലീസിന് ശേഷമുണ്ടായ രാഷ്ട്രീയ വിവാദങ്ങളും ചിത്രത്തെ സാരമായി ബാധിച്ചു.
Content Highlight: A R Murugadoss saying he planned a movie with Vijay without any action sequence