| Thursday, 4th September 2025, 2:31 pm

മലയാളത്തിലെ ആ നടന്റെ വലിയൊരു ഫാനാണ് ഞാന്‍, അദ്ദേഹത്തിന്റെ ശബ്ദത്തിന് ഞാന്‍ അടിമയാണ്: എ.ആര്‍. മുരുകദോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ എക്കാലത്തെയും മികച്ച ഹിറ്റ്‌മേക്കര്‍മാരിലൊരാളാണ് എ.ആര്‍. മുരുകദോസ്. അജിത്തിനെ നായകനാക്കി ദീന എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി മുരുകദോസ് തുടര്‍ച്ചയായി ഹിറ്റുകളൊരുക്കി ഇന്‍ഡസ്ട്രിയെ ഞെട്ടിച്ചു. ഹിന്ദിയില്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം ഇന്‍ഡസ്ട്രിയല്‍ ഹിറ്റാക്കി പുതിയ ചരിത്രം കുറിക്കാനും അദ്ദേഹത്തിന് സാധിച്ചു.

കഴിഞ്ഞ കുറച്ച് സിനിമകള്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. ശിവകാര്‍ത്തികേയനെ നായകനാക്കി മുരുകദോസ് ഒരുക്കുന്ന മദ്രാസി റിലീസിന് തയാറെടുക്കുകയാണ്. ആക്ഷന്‍ ത്രില്ലറായി എത്തുന്ന ചിത്രം മുരുകദോസിന്റെ തിരിച്ചുവരവാകുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ വരവേല്പാണ് ലഭിച്ചത്.

മലയാളികളുടെ സ്വന്തം ബിജു മേനോനും മദ്രാസിയില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പൊലീസ് ഓഫീസറായാണ് ബിജു മേനോന്‍ മദ്രാസിയില്‍ പ്രത്യക്ഷപ്പെടുന്നത്. തമിഴില്‍ നിരവധി മികച്ച കഥാപാത്രങ്ങള്‍ മുമ്പ് ചെയ്ത ബിജു മേനോന്‍ 15 വര്‍ഷത്തിന് ശേഷമാണ് തമിഴില്‍ തിരിച്ചെത്തുന്നത്. ബിജു മേനോനെക്കുറിച്ച് സംസാരിക്കുകയാണ് എ.ആര്‍. മുരുകദോസ്.

‘ബിജു മേനോന്‍ സാര്‍, താങ്കളുടെ വോയിസിന് ഞാന്‍ അടിമയാണ്. എന്തൊരു ശബ്ദമാണ് താങ്കളുടേത്. അയ്യപ്പനും കോശിയും എന്ന പടം കണ്ടപ്പോള്‍ തന്നെ ഈ സിനിമയിലേക്ക് ഞാന്‍ താങ്കളെ ഉറപ്പിച്ചു. പടത്തില്‍ വളരെ ഇംപോര്‍ട്ടന്റായിട്ടുള്ള കഥാപാത്രമായി എനിക്ക് വേറെ ആരെയും ചിന്തിക്കാനായില്ല. അതുകൊണ്ടാണ് താങ്കളെ വിളിച്ചത്.

ഈ പടത്തിന്റെ ഡബ്ബിങ് തുടങ്ങിയ സമയത്ത് ഓരോ ആര്‍ട്ടിസ്റ്റുകളും വന്ന് ഡബ്ബ് ചെയ്തിട്ടു പോയി. അതൊന്നും എനിക്ക് അത്രക്ക് ഇംപാക്ട് തന്നില്ല. എന്നാല്‍ ബിജു മേനോന്‍ സാറിന്റെ ഡബ്ബിങ് തുടങ്ങിയപ്പോള്‍ എനിക്ക് വല്ലാത്തൊരു ഫീലായിരുന്നു. അതോടെ ഈ സിനിമ വേറൊരു ലെവലിലേക്ക് ഉയര്‍ന്നു. നിങ്ങളുടെ ബേസ് വോയിസ് എന്തൊരു ഭംഗിയാണ് സാര്‍, ഗ്രേറ്റ് ഫാന്‍ ഓഫ് യൂ,’ എ.ആര്‍. മുരുകദോസ് പറയുന്നു.

അമരന്റെ ഗംഭീര വിജയത്തിന് ശേഷം ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രമാണ് മദ്രാസി. കന്നഡ താരം രുക്മിണി വസന്താണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം വിദ്യുത് ജംവാളാണ് വില്ലനായി എത്തുന്നത്. അനിരുദ്ധ് ഈണമിട്ട ഗാനങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഈ വര്‍ഷം പലരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മദ്രാസി.

Content Highlight: A R Murugadoss saying he is a big fan of Biju Menon and his voice

We use cookies to give you the best possible experience. Learn more