പ്രവീണ്‍ ഗാന്ധി, എസ്.ജെ. സൂര്യ എന്നിവരുടെ സംവിധാന സഹായിയായി സിനിമാജീവിതം ആരംഭിച്ചയാളാണ് എ.ആര്‍. മുരുകദോസ്. അജിത് നായകനായ ധീനയിലൂടെ മുരുകദോസ് സ്വതന്ത്ര സംവിധായകനായി മാറി. രമണ, ഗജിനി എന്നീ ചിത്രങ്ങളിലൂടെ ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധേയനായി. തമിഴിന് പുറമെ തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
രജിനികാന്തിനെ നായകനാക്കി എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്ത ചിത്രമാണ് ദര്‍ബാര്‍. ഏറെക്കാലത്തിന് ശേഷം രജിനിയെ കാക്കി യൂണിഫോമില്‍ കാണാന്‍ സാധിച്ച ചിത്രം കൂടിയാണ് ദര്‍ബാര്‍. പേട്ട എന്ന വന്‍ വിജയത്തിന് ശേഷമെത്തിയ ദര്‍ബാറിന് ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചില്ല. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് എ. ആര്‍. മുരുകദോസ്.
‘ആ സിനിമ കുറച്ചുകൂടി ഗ്രാന്‍ഡായി എടുക്കാമായിരുന്നു. പക്ഷേ, അന്ന് അത് ചെയ്തില്ല. സേഫ്റ്റി നോക്കി ഞാന്‍ നിന്നു. റിയല്‍ ലൊക്കേഷനുകള്‍ ഒഴിവാക്കി സെറ്റിനുള്ളില്‍ തന്നെ എടുക്കാമെന്ന് തീരുമാനിച്ചു. ആ കഥ സത്യം പറഞ്ഞാല്‍ ഒരുപാട് സ്ഥലത്ത് യാത്ര ചെയ്യേണ്ട തരത്തിലുള്ള ഒന്നായിരുന്നു. രജിനി സാറിന്റെ കഥാപാത്രം ഒരുപാട് യാത്ര ചെയ്യുന്നതായി സ്‌ക്രിപ്റ്റിലുണ്ട്.
ആ യാത്രകളൊന്നും വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. അച്ഛന്റെയും മകളുടെയും ബന്ധം പറയുന്ന ഒരു കഥയായാണ് ഞാന്‍ എഴുതിയത്. അങ്ങനെയാണ് ഞാന്‍ ഡിസൈന്‍ ചെയ്തതും. അപ്പോഴാണ് നയന്‍താര ആ പ്രൊജക്ടിലേക്ക് വന്നത്. അതോടെ കഥ മറ്റൊരു രീതിയില്‍ മാറിപ്പോയി. ആ കഥാപാത്രത്തിന് പ്രാധാന്യം വരുന്ന രീതിയില്‍ കഥ മാറ്റേണ്ടി വന്നു,’ മുരുകദോസ് പറഞ്ഞു.
ചിത്രത്തിന്റെ സ്റ്റാര്‍ കാസ്റ്റും മുംബൈ പശ്ചാത്തലവും, സെക്കന്‍ഡ് ഹാഫിന്റെ പകുതി മുതല്‍ ക്ലൈമാക്‌സ് വരെ മാറ്റാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ഇടക്ക് ആലോചിക്കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളരെ വേഗത്തില്‍ ഉണ്ടായ പ്രൊജക്ടായിരുന്നു ദര്‍ബാറെന്നും മുരുകദോസ് പറയുന്നു. ആ സമയത്തെ എക്‌സൈറ്റ്‌മെന്റില്‍ ഞാന്‍ കൂടുതല്‍ കാര്യങ്ങള്‍ ആലോചിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
രജിനികാന്ത് നായകനായെത്തിയ ചിത്രത്തില്‍ ബോളിവുഡ് താരം സുനില്‍ ഷെട്ടിയാണ് വില്ലനായി വേഷമിട്ടത്. മലയാളി താരം നിവേദിത തോമസ് ചിത്രത്തില്‍ ശക്തമായ വേഷം ചെയ്തിരുന്നു. യോഗി ബാബു, ശ്രീമന്‍, നവാബ് ഷാ എന്നിവരായിരുന്നു മറ്റ് താരങ്ങള്‍. അനിരുദ്ധായിരുന്നു ദര്‍ബാറിന് സംഗീതം നല്‍കിയത്. 180 കോടി ബജറ്റില്‍ ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിച്ച ചിത്രം 220 കോടിയാണ് നേടിയത്.
Content Highlight: A R Murugadoss saying he changed the story of Darbar for Nayanthara