| Tuesday, 19th August 2025, 5:16 pm

സല്‍മാന്‍ ഖാന്‍ ഒരിക്കലും പകല്‍ ഷൂട്ടിന് വരില്ല, ഗ്രീന്‍ മാറ്റിലാണ് പകുതിമുക്കാലും ഷൂട്ട് ചെയ്തത്: എ.ആര്‍ മുരുകദോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം വന്‍ പ്രതീക്ഷയിലെത്തി തിയേറ്ററില്‍ പരാജയമായ ചിത്രമായിരുന്നു സിക്കന്ദര്‍. ബോളിവുഡ് മെഗാ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ നായകനായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് തരിപ്പണമായി. റിലീസിന് ഒരുദിവസം മുമ്പ് ഇന്റര്‍നെറ്റില്‍ വ്യാജ പതിപ്പ് പുറത്തിറങ്ങിയതും സിക്കന്ദറിന് തിരിച്ചടിയായി മാറി.

തമിഴില്‍ ഒരുകാലത്ത് ഹിറ്റ്‌മേക്കറായിരുന്ന എ.ആര്‍ മുരുകദോസാണ് സിക്കന്ദര്‍ അണിയിച്ചൊരുക്കിയത്. ഒരുതരത്തിലും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിക്കാത്ത സിനിമയായി സിക്കന്ദര്‍ മാറി. 200 കോടി ബജറ്റിലെത്തിയ ചിത്രം വെറും 154 കോടി മാത്രമായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് എ.ആര്‍ മുരുകദോസ്.

‘സല്‍മാന്‍ ഖാനെ വെച്ച് പകല്‍ ഷൂട്ട് ചെയ്യുക എന്നത് നടക്കാത്ത കാര്യമാണ്. വധഭീഷണിയുണ്ടായിരുന്ന സമയമായതുകൊണ്ട് പബ്ലിക് പ്ലെയ്‌സില്‍ അദ്ദേഹത്തെ വച്ച് ഷൂട്ട് ചെയ്യുക എന്നത് അസാധ്യമായിരുന്നു. എല്ലാ കാര്യവും സി.ജി.ഐയിലും ഗ്രീന്‍ മാറ്റിലും ഷൂട്ട് ചെയ്യേണ്ടി വന്നു. ലേറ്റായി വരുന്നതും പോരാഞ്ഞ് ഇത്തരം കാര്യങ്ങള്‍ കൂടിയായപ്പോള്‍ ഞാന്‍ വല്ലാതെ സ്ട്രഗിള്‍ ചെയ്തു,’ എ.ആര്‍. മുരുകദോസ് പറയുന്നു.

പുതിയ ചിത്രമായ മദിരാശിയെക്കുറിച്ചും മുരുകദോസ് സംസാരിച്ചു. ഏഴെട്ട് വര്‍ഷം മുമ്പ് ഈ കഥയുടെ ഐഡിയ ഷാരൂഖ് ഖാനോട് പറഞ്ഞിരുന്നെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന് അത് വളരെ ഇഷ്ടമായെന്നും പരിഗണിക്കാമെന്നും അറിയിച്ചെന്നും മുരുകദോസ് പറയുന്നു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു മുരുകദോസ്.

‘അന്ന് ആ കഥാപാത്രത്തെക്കുറിച്ചുള്ള ചെറിയ ഐഡിയ മാത്രമായിരുന്നു എന്റെ മനസിലുണ്ടായിരുന്നത്. ഏഴ് വര്‍ഷം മുമ്പ് അത് ഷാരൂഖ് സാറിനോട് പറഞ്ഞു. ക്യാമറാമാന്‍ രവി. കെ. ചന്ദ്രനായിരുന്നു അന്ന് ഷാരൂഖ് ഖാനുമായുള്ള മീറ്റിങ് സംഘടിപ്പിച്ചത്. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും ഷാരൂഖിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവുമില്ലായിരുന്നു. പിന്നീട് ഞാന്‍ അത് ഫോളോ ചെയ്യാന്‍ പോയില്ല,’ എ.ആര്‍. മുരുകദോസ് പറഞ്ഞു.

അമരന്റെ വന്‍ വിജയത്തിന് ശേഷം ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രമാണ് മദിരാശി. വന്‍ ബജറ്റിലൊരുങ്ങുന്ന ആക്ഷന് ത്രില്ലറാണ് മദിരാശി. ബോളിവുഡ് താരം വിദ്യുത് ജംവാളാണ് ചിത്രത്തിലെ വില്ലന്‍. മലയാളി താരം ബിജു മേനോനും മദിരാശിയില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നു. രുക്മിണി വസന്ത് നായികയായെത്തുന്ന ചിത്രം സെപ്റ്റംബര്‍ അഞ്ചിനാണ് റിലീസ്.

Content Highlight: A R Murugadoss blames Salman Khan for Sikandar movie failure

We use cookies to give you the best possible experience. Learn more