അജിത് കുമാര്‍, വിജയകാന്ത്, സൂര്യ, വിജയ് എന്നിവരുടെ കരിയറിലെ ഏറ്റവും വലിയ വിജയം സമ്മാനിച്ച സംവിധായകനാണ് എ.ആര്‍. മുരുകദോസ്. തന്റേതായ ശൈലിയിലൂടെ തമിഴ് ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധ നേടിയ മുരുകദോസ് ബോളിവുഡിലും സാന്നിധ്യമറിയിച്ചു. ആദ്യ ബോളിവുഡ് ചിത്രത്തിലൂടെ ഇന്‍ഡസ്ട്രി ഹിറ്റ് സ്വന്തമാക്കാനും അദ്ദേഹത്തിന് സാധിച്ചു.
എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി മുരുകദോസിന്റെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശോഭിച്ചില്ല. സ്‌പൈഡര്‍, സര്‍ക്കാര്‍, ദര്‍ബാര്‍ എന്നീ സിനിമകള്‍ പ്രതീക്ഷിച്ചത്ര വിജയമാകാതെ പോയപ്പോള്‍ സിക്കന്ദര്‍ വന്‍ പരാജയമായി മാറി. ഒരുകാലത്ത് ഇന്‍ഡസ്ട്രിയെ താങ്ങിനിര്‍ത്തിയ മുരുകദോസ് ഇന്ന് പരാജയമാകുന്നത് സിനിമാപ്രേമികളെ നിരാശരാക്കുന്നുണ്ട്. സിക്കന്ദറിന്റെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് എ.ആര്‍. മുരുകദോസ്.
രാജാവിനെ ജീവന് തുല്യം സ്‌നേഹിക്കുന്ന അയാളുടെ പങ്കാളിയെ രാജാവ് അവഗണിക്കുന്നതും പിന്നീട് മരണശേഷം ആ സ്‌നേഹം രാജാവ് തിരിച്ചറിയുകയും ചെയ്യുന്നതാണ് സിക്കന്ദറിന്റെ ബേസ് പ്ലോട്ടെന്ന് എ.ആര്‍. മുരുകദോസ് പറഞ്ഞു. തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥയാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഏതൊരു റിലേഷനിലും അപ്ലൈ ചെയ്യാവുന്ന കഥയാണിത്. അതിപ്പോള്‍ പങ്കാളിയായാലും, അമ്മയായാലും, സുഹൃത്തായാലും ഇതേ അവസ്ഥയിലൂടെ പലരും കടന്നുപോകേണ്ടി വന്നിട്ടുണ്ടാകും. നൂറുവര്‍ഷം നമ്മുടെ കൂടെയുണ്ടാകുമെന്ന് വിചാരിക്കുന്ന, നമുക്ക് ഇഷ്ടമുള്ള ഒരാള്‍ പെട്ടെന്ന് പോകുമ്പോള്‍ മാത്രമാകും ‘അയ്യോ, അവരുടെ കൂടെ കുറച്ച് സമയം കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന തോന്നലുണ്ടാവുക. അതാണ് ഈ സിനിമയുടെ കഥയായി എന്റെയുള്ളില്‍ പരിണമിച്ചത്.
ഈ കഥയിലേക്ക് വന്നാല്‍ സമ്പന്നനായ ഒരു രാജാവ്. അയാളെ ജീവന് തുല്യം സ്‌നേഹിക്കുന്ന ഒരു ഭാര്യ. പക്ഷേ, ആ സ്‌നേഹം അയാള്‍ തിരിച്ചറിയുന്നത് അവരുടെ മരണശേഷമാണ്. ഭാര്യയോടുള്ള സ്‌നേഹം അവള്‍ ദാനം ചെയ്ത അവയവങ്ങളോട് കൊടുക്കാന്‍ നായകന്‍ തീരുമാനിക്കുന്നു. അതിന് ശേഷം നടക്കുന്ന കാര്യങ്ങളാണ് സിക്കന്ദറിന്റെ കഥ,’ മുരുകദോസ് പറഞ്ഞു.
അന്യഭാഷയില്‍ സിനിമ ചെയ്യുമ്പോള്‍ ഹാന്‍ഡികാപ്ഡായി തോന്നുന്നുവെന്ന് പറഞ്ഞതിനെയും അദ്ദേഹം ന്യായീകരിച്ചു. താന്‍ പറഞ്ഞതിനെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചതായിരുന്നെന്ന് അദ്ദേഹം പറയുന്നു. ഗജിനി എന്ന ചിത്രം റീമേക്കായിരുന്നെന്നും എന്ത് ചെയ്യണമെന്നുമുള്ള കാര്യത്തില്‍ തനിക്ക് ആദ്യമേ ധാരണയുണ്ടായിരുന്നെന്നും മുരുകദോസ് കൂട്ടിച്ചേര്‍ത്തു.
‘മറ്റൊരു ഭാഷയില്‍ ഒറിജിനല്‍ സ്‌ക്രിപ്റ്റ് ചെയ്യുമ്പോള്‍ നമ്മള്‍ ആ ഭാഷയുടെ ഏറ്റവും താഴേത്തട്ടിലുള്ള കാര്യങ്ങള്‍ വരെ മനസിലാക്കണം. ഇവിടെ നോക്കിയാല്‍, ഞാന്‍ പറയുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന് കൃത്യമായി ഫോളോ ചെയ്യാന്‍ സാധിച്ചിട്ടില്ല. ആ കമ്മ്യൂണിക്കേഷന്റെ പ്രാധാന്യം കൃത്യമായി ഇവിടെ നടക്കാത്തതായിരുന്നു സിക്കന്ദര്‍ പരാജയപ്പെടാന്‍ കാരണം,’ മുരുകദോസ് പറയുന്നു.
Content Highlight: A R Murugadoss about the failure of Sikandar movie