| Saturday, 11th July 2026, 10:01 pm

നല്ല അടിപൊളി പാട്ട്, പക്ഷേ ഈ പടത്തില്‍ ഇത് വെക്കണ്ട എന്ന് വിജയ് സാറും അനിരുദ്ധും പറഞ്ഞപ്പോള്‍ മാറ്റേണ്ടി വന്നു: എ.ആര്‍. മുരുകദോസ്

അമര്‍നാഥ് എം.

തമിഴ് സിനിമയുടെ ഗതി മാറ്റിയ സംവിധായകരിലൊരാളാണ് എ.ആര്‍. മുരുകദോസ്. സോഷ്യലി റെലവന്റായ വിഷയത്തെ സൂപ്പര്‍സ്റ്റാറുകളിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ മുരുകദോസിന് പ്രത്യേക കഴിവുണ്ട്. രമണ, ഗജിനി, ഏഴാം അറിവ്, തുപ്പാക്കി, കത്തി തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരണമാണ്. അടുത്തിടെ ചെയ്ത സിനിമകള്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ലെങ്കിലും പ്രൈം ടൈമില്‍ മുരുകദോസ് ഒരുക്കിയ ചിത്രങ്ങള്‍ ബെഞ്ച്മാര്‍ക്കാണ്.

തമിഴ് സൂപ്പര്‍താരം വിജയ്‌യുമായി മൂന്ന് സിനിമകള്‍ മുരുകദോസ് ഒരുക്കിയിട്ടുണ്ട്. ഇരുവരും ആദ്യമായി ഒന്നിച്ച തുപ്പാക്കി വിജയ്‌യുടെ കരിയറില്‍ വലിയ ഇംപാക്ട് സൃഷ്ടിച്ചു. ഇതേ കോമ്പോ വീണ്ടുമെത്തിയ കത്തിയും ബ്ലോക്ക്ബസ്റ്ററായപ്പോള്‍ സര്‍ക്കാര്‍ മാത്രമാണ് നിരാശപ്പെടുത്തിയത്. തുപ്പാക്കിയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് എ.ആര്‍. മുരുകദോസ്.

എ.ആര്‍. മുരുകദോസ് Photo: Screen grab/ Sudhir Srinivasan

അവതാര്‍ എന്ന ഹോളിവുഡ് ക്ലാസിക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ കത്തി ഒരുക്കിയതെന്ന് മുരുകദോസ് പറഞ്ഞു. ഒരേസമയം കൊമേഷ്‌സ്യല്‍ സബ്‌ജെക്ടായും അതുപോലെ വളരെ ശക്തമായ വിഷയം സംസാരിക്കുകയും ചെയ്യുന്ന ചിത്രമാണ് കത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ വളരെ കഷ്ടപ്പെട്ട് ഷൂട്ട് ചെയ്ത ഒരു ഗാനം സിനിമയില്‍ പ്ലെയ്‌സ് ചെയ്യാനാകാത്തതിനെക്കുറിച്ചും മുരുകദോസ് പറയുന്നു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു എ.ആര്‍. മുരുകദോസ്.

‘ഒരുപാട് കഷ്ടപ്പെട്ട് ഷൂട്ട് ചെയ്തതാണ് ‘പാലം’ എന്ന പാട്ട്. ഹൈദരബാദില്‍ വളരെ സെന്‍സിറ്റീവായ സ്ഥലത്താണ് അത് ഷൂട്ട് ചെയ്തത്. എപ്പോള്‍ വേണമെങ്കിലും ഒരു കലാപമുണ്ടായേക്കുമെന്ന സ്ഥിതിയായിരുന്നു അവിടെ. എല്ലാവരും ആത്മാര്‍ത്ഥതയോടെ ആ പാട്ടിന്റെ കൂടെ നിന്നു. സിനിമയുടെ ക്ലൈമാക്‌സിന് തൊട്ടുമുമ്പാണ് ആ പാട്ട് പ്ലെയ്‌സ് ചെയ്യാന്‍ ഉദ്ദേശിച്ചത്.

കത്തി Photo: Sony Music South

എന്നാല്‍ അതുവരെ കൊണ്ടുപോയ ഫ്‌ളോ ഇല്ലാതാക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു. അനിരുദ്ധിനും വിജയ് സാറിനും ഇതേ അഭിപ്രായം തന്നെയായിരുന്നു. ‘നല്ല അടിപൊളി പാട്ടാണ്. ബീറ്റും വിഷ്വല്‍സും ഗംഭീരമാണ്. പക്ഷേ, ഈ പാട്ട് വെച്ചാല്‍ സിനിമയെ വലിയ രീതിയില്‍ ബാധിക്കും’ എന്നായിരുന്നു വിജയ് സാറിന്റെ കമന്റ്. അതൊക്കെ കേട്ടപ്പോള്‍ ആ പാട്ട് പ്രത്യേകമായി വേറെ റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചു,’ മുരുകദോസ് പറയുന്നു.

വിജയ് ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെട്ട കത്തി 2014ലെ വലിയ ഹിറ്റുകളിലൊന്നായിരുന്നു. കൃഷിക്ക് വേണ്ടി കോര്‍പ്പറേറ്റുകള്‍ക്കെതിരെ പോരാടുന്ന നായകന്‍ എന്ന ടെംപ്ലേറ്റിന് തുടക്കം കുറിച്ചത് കത്തിയിലൂടെയാണ്. കതിരേശന്‍, ജീവാനന്ദം എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളായി മികച്ച പ്രകടനമായിരുന്നു വിജയ് കാഴ്ചവെച്ചത്.

Content Highlight: A R Murugadoss about Kathi movie and Vijay

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more