തമിഴ് സിനിമക്ക് ഒരുപിടി ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച സംവിധായകനാണ് എ.ആര്‍. മുരുകദോസ്. ധീനയിലൂടെ അജിത് കൈപിടിച്ച് കൊണ്ടുവന്ന മുരുകദോസ് പിന്നീട് രമണ, ഗജിനി, തുപ്പാക്കി, ഏഴാം അറിവ് തുടങ്ങിയ ഹിറ്റുകള്‍ പ്രേക്ഷകര്‍ സമ്മാനിച്ചു. സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് ചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കിയ സംവിധായകനെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
തമിഴിനും ഹിന്ദിക്കും പുറമെ തെലുങ്കിലും മുരുകദോസ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ലായിരുന്നു. വന്‍ പ്രതീക്ഷയിലെത്തിയ പല സിനിമകളും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാതെ കളംവിട്ടു. ശിവകാര്‍ത്തികേയനെ നായകനാക്കി മുരുകദോസ് ഒരുക്കുന്ന മദ്രാസി റിലീസിനൊരുങ്ങുകയാണ്.
ഒരുപാട് സമയമെടുത്ത് ചെയ്യുന്ന സ്‌ക്രിപ്റ്റുകളും പെട്ടെന്ന് പൂര്‍ത്തിയാക്കുന്ന സ്‌ക്രിപ്റ്റുകളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സംസാരിക്കുകയാണ് എ.ആര്‍. മുരുകദോസ്. ഗജിനി, ധീന, രമണ പോലുള്ള സിനിമകളുടെ സ്‌ക്രിപ്റ്റ് താന്‍ സമയമെടുത്താണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ രണ്ട് മാസം കൊണ്ടാണ് താന്‍ തുപ്പാക്കിയുടെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയതെന്നും മുരുകദോസ് പറയുന്നു.
‘എന്റെ കാര്യം ഇങ്ങനെയാണ്. എനിക്ക് മുമ്പുള്ള സംവിധായകര്‍ക്കൊക്കെ അവരുടേതായ ഒരു സ്റ്റൈലുണ്ട്. കമല്‍ സാര്‍ തേവര്‍ മകന്റെ സ്‌ക്രിപ്റ്റ് കംപ്ലീറ്റാക്കിയത് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ്. അതിലെ പല കറക്ഷനുകളും സ്‌പോട്ടില്‍ തിരുത്തിയാണ് ഷൂട്ട് ചെയ്തത്. അതേസമയം ഒരുപാട് സമയമെടുത്ത് സിനിമ ചെയ്യുന്ന സംവിധായകരും ഇന്‍ഡസ്ട്രിയിലുണ്ട്.
കമല്‍ സാറൊക്കെ ചെയ്യുന്നതുപോലെ സ്‌പോട്ടില്‍ ഓരോ തിരുത്തലുകള്‍ വരുത്തി പടമെടുക്കാമെന്ന് ഞാനും തീരുമാനിച്ചു. ദര്‍ബാര്‍, സിക്കന്ദര്‍ ഒക്കെ അങ്ങനെ ചെയ്യാന്‍ ശ്രമിച്ച് പാളിപ്പോയ അനുഭവമാണ്. സ്‌പോട്ടില്‍ തിരുത്താന്‍ നിന്നാല്‍ കഥ മൊത്തം കൈയീന്ന് പോകുമെന്ന് മനസിലായി. ഇപ്പോള്‍ സാധാരണ രീതിയിലാണ് സ്‌ക്രിപ്‌റ്റെഴുന്നത്,’ മുരുകദോസ് പറയുന്നു.
ശിവകാര്‍ത്തികേയനൊപ്പം മുരുകദോസ് ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് മദ്രാസി. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ രുക്മിണി വസന്താണ് നായിക. ബോളിവുഡ് താരം വിദ്യുത് ജംവാല്‍ വില്ലനായെത്തുന്ന മദ്രാസിയില്‍ ബിജു മേനോനും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് ചിത്രം റിലീസ് ചെയ്യും.
Content Highlight: A R Muraugadoss about his scripts and Thevar Magan movie