| Thursday, 22nd May 2025, 2:58 pm

ഫെഡറലിനെതിരെ ഒരു പ്രസിഡന്‍ഷ്യല്‍ റഫറന്‍സ്

പി.ബി ജിജീഷ്

ഗവര്‍ണര്‍ക്ക്, സംസ്ഥാന നിയമസഭകള്‍ സമര്‍പ്പിക്കുന്ന ബില്ലുകളില്‍ നടപടി സ്വീകരിക്കുന്നതിന് സമയപരിധി നിശ്ചയിച്ച 2025 ഏപ്രില്‍ എട്ടിലെ സുപ്രീം കോടതി ഉത്തരവ് സംബന്ധിച്ച്, ഭരണഘടനയുടെ അനുഛേദം 143(1) പ്രകാരം സുപ്രീം കോടതിയുടെ അഭിപ്രായം തേടിയിരിക്കുകയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു.

രാഷ്ട്രപതി ദ്രൗപദി മുര്‍മു

രാജ്യത്തിന്റെ ഭരണഘടനാപദ്ധതിക്കകത്ത്, ഗവര്‍ണറുടെ റോള്‍ എന്തെന്ന് കൃത്യമായി നിര്‍വചിക്കുകയും, നിയമസഭ പാസാക്കിയ നിയമങ്ങള്‍ ഗവര്‍ണര്‍ക്ക് എത്രകാലം കൈവശം വച്ചു കൊണ്ടിരിക്കാമെന്നതിന് പരിധി നിശ്ചയിക്കുകയും ചെയ്ത സുപ്രീംകോടതി ഉത്തരവ്, ഗവര്‍ണര്‍മാരെ ഫെഡറലിസത്തിന് അള്ളുവയ്ക്കാനുള്ള ഏജന്റുമാരായി കണ്ട് പ്രവര്‍ത്തിച്ചുവന്ന, യൂണിയന്‍ ഗവണ്‍മെന്റിനെ അലോസരപ്പെടുത്തി എന്നത് സത്യമാണ്.

ഒരു പുനപരിശോധന ഹര്‍ജിക്ക് തക്കപഴുതകള്‍ ഒന്നുമില്ലാത്ത യുക്തിയുക്തമായ ഉത്തരവായിരുന്നു സുപ്രീംകോടതിയുടേത്. അതുകൊണ്ട് ഭരണഘടനയിലെ ഒരു പ്രത്യേക അധികാരം ഉപയോഗപ്പെടുത്തി റിവ്യൂവിന് സാധ്യതയുണ്ടോ എന്നു പരിശോധിക്കുന്ന കുതന്ത്രമാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. ഇത് ജനാധിപത്യ മര്യാദകളെ തകടം മറിക്കാനുള്ള ശ്രമമാണ്.

സുപ്രീംകോടതി

സുപ്രീംകോടതി വിധിക്കെതിരെ

സംസ്ഥാന നിയമസഭകളുടെയും ഗവണ്‍മെന്റിന്റെയും പ്രവര്‍ത്തനത്തെ അട്ടിമറിക്കും വിധം ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ തടഞ്ഞുവയ്ക്കുന്ന സംഭവങ്ങള്‍ രാജ്യത്ത വ്യാപകമായി നടന്നു വരുന്നുണ്ട്. തമിഴ്‌നാട്, പഞ്ചാബ്, കേരളം തുടങ്ങി എന്‍.ഡി.എ-ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളൊക്കെ ഗവര്‍ണര്‍മാരുടെ നടപടിക്കെതിരെ പരാതി ഉന്നയിച്ചിരുന്നു.

പത്തിലേറെ ബില്ലുകള്‍ അകാരണമായി തടഞ്ഞുവച്ച ഗവര്‍ണര്‍ക്കെതിരെ തമിഴ്‌നാട് ഗവണ്‍മെന്റ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഗവര്‍ണര്‍മാരുടെ അധികാരം വിശദീകരിക്കുന്ന ഭരണഘടനയുടെ അനുഛേദം 200, 201 എന്നിവ വ്യാഖ്യാനിച്ച് ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിക്കുകയാണ് സുപ്രീംകോടതി ചെയ്തത്.

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയും മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും

തെരഞ്ഞെടുക്കപ്പെട്ട നിയമസഭയ്ക്ക് മേല്‍ തന്നിഷ്ടപ്രകാരം അധികാരം പ്രയോഗിക്കാന്‍ കഴിയുന്ന വൈസ്രോയിമാരല്ല ഗവര്‍ണര്‍മാര്‍ എന്ന സുപ്രീംകോടതിയുടെ നിലപാട് രാജ്യത്ത് ജനാധിപത്യ മൂല്യത്തെയും ഫെഡറല്‍ സഭയും ശക്തിപ്പെടുത്തുന്നതായിരുന്നു.

ഒരു പുനപരിശോധന ഹര്‍ജിക്ക് തക്കപഴുതകള്‍ ഒന്നുമില്ലാത്ത യുക്തിയുക്തമായ ഉത്തരവായിരുന്നു സുപ്രീംകോടതിയുടേത്

ഈ വിധിയില്‍, വിശിഷ്യാ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിച്ച നടപടിയില്‍, വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് യൂണിയന്‍ ഗവണ്‍മെന്റ് പ്രസിഡന്‍ഷ്യല്‍ റഫറന്‍സിലൂടെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അങ്ങനെ സമയപരിധി നിശ്ചയിക്കുവാന്‍ ജുഡീഷ്യറിക്ക് അധികാരമുണ്ടോ എന്നതാണ് ഉന്നയിക്കുന്ന പ്രധാന പ്രശ്‌നം. സര്‍വ്വ മേഖലകളിലും അധികാരം കേന്ദ്രീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന അപകടകരമായ രാഷ്ട്രീയ കാലാവസ്ഥയിലാണ് ഈ നീക്കവും നോക്കി കാണേണ്ടത്.

അനുഛേദം 143(1): പ്രസിഡന്‍ഷ്യല്‍ റഫറന്‍സ്

1935 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടിന്റെ തുടര്‍ച്ചയായാണ് അനുച്ഛേദം 143 (1)-ഉം ഭരണഘടനയില്‍ ഇടം നേടുന്നത്. കാനഡ പോലെ പല രാജ്യങ്ങളിലും സമാനമായ സംവിധാനം നിലവിലുണ്ട്.  അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയില്‍ ഭരണകൂടവും ജുഡീഷ്യറിയും തമ്മിലുള്ള വിഭജനത്തിന് വിരുദ്ധമാണെന്ന കാരണം കൊണ്ട് സുപ്രീം കോടതി ഗവണ്‍മെന്റിന് ഉപദേശം നല്‍കുന്ന പരിപാടിയില്ല.

നമ്മുടെ രാജ്യത്ത്, പൊതുപ്രധാന്യമുള്ള ഒരു നിയമപ്രശ്‌നം ഉണ്ടാവുകയോ, ഉയര്‍ന്നു വരുവാന്‍ സാധ്യതയുള്ളതായി കാണുകയോ ചെയ്താല്‍ അക്കാര്യത്തില്‍ രാഷ്ട്രപതിക്ക് സുപ്രീംകോടതിയുടെ അഭിപ്രായം തേടാനുള്ള അധികാരം നല്‍കുന്ന അനുഛേദമാണിത്.

അങ്ങനെ വന്നാല്‍ അനുഛേദം 145 അനുസരിച്ച് സുപ്രീംകോടതി അഞ്ചംഗ പ്രത്യേക ബെഞ്ച് രൂപീകരിച്ചു ഹിയറിങ് നടത്തി, അഭിപ്രായം രൂപീകരിക്കുകയും അത് രാഷ്ട്രപതിയെ അറിയിക്കുകയും ചെയ്യും. ഇത്തരം അഭിപ്രായങ്ങള്‍ കോടതി വിധികള്‍ പോലെ രാജ്യത്തെ നിയമമല്ല, ഗവണ്‍മെന്റിന് അവ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം.

1951 മുതലിങ്ങോട്ട് സുപ്രധാനമായ പല വിഷയങ്ങളിലും യൂണിയന്‍ ഗവണ്‍മെന്റ് സുപ്രീംകോടതിയുടെ അഭിപ്രായം തേടിയിട്ടുണ്ട്. സംസ്ഥാന നിയമസഭയുടെ അധികാരം സംബന്ധിച്ച് (1951), കേരള വിദ്യാഭ്യാസ ബില്ല് സംബന്ധിച്ച് (1958), രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് (1975), കൊളീജിയം സംവിധാനം സംബന്ധിച്ച് (1978), കാവേരി നദീതല തര്‍ക്കം (1992), 2ജി സ്‌പെക്ട്രം കേസ് (2012), അങ്ങനെ നിരവധി തവണ ഈ അനുച്ഛേദം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ കൃത്യമായി രേഖപ്പെടുത്തിയ ഒരു സുപ്രീംകോടതി വിധിയെക്കുറിച്ച് അഭിപ്രായം തേടുന്നത് ചരിത്രത്തില്‍ ഇതിനുമുമ്പ് ഉണ്ടാവാത്ത സംഗതിയാണ്.

എന്തുതന്നെയായാലും, പ്രസിഡന്‍ഷ്യല്‍ റഫറന്‍സിന് മറുപടി പറയണോ വേണ്ടയോ എന്ന കാര്യം സുപ്രീംകോടതിക്ക് തീരുമാനിക്കാവുന്നതാണ്. അയോധ്യ  പ്രശ്‌നത്തില്‍ മറുപടി പറയേണ്ടതില്ല എന്ന നിലപാട് കോടതി എടുത്തിട്ടുണ്ട്. വ്യക്തതയില്ലാത്തതോ രാഷ്ട്രീയപ്രേരിതമോ കോടതിയുടെ പരിധിയില്‍ വരാത്തതോ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതോ ആയ വിഷയങ്ങളില്‍ അഭിപ്രായം പറയാറില്ല.

ഇപ്പോഴത്തെ റഫറന്‍സിലൂടെ സുപ്രീംകോടതി വിധി പറഞ്ഞ ഒരു കേസില്‍ വീണ്ടും ഹിയറിങ് നടത്താന്‍ ശ്രമിക്കുന്നത്, ഒരിക്കല്‍ തീര്‍പ്പാക്കിയ കേസില്‍ വീണ്ടും വിചാരണ പാടില്ലെന്ന സാമാന്യ നിയമ തത്വത്തിന് വിരുദ്ധമാണ്.

മാത്രമല്ല, ഒരു അഭിപ്രായം എന്ന നിലയ്ക്ക് രാഷ്ട്രപതിക്ക് നല്‍കുന്ന മറുപടി കോടതി ഉത്തരവിന് മേലെയല്ല. ഭരണഘടനയുടെ അനുഛേദം 137 പ്രകാരം ഉള്ള റിവ്യൂ പെറ്റീഷനു പകരമാവില്ല പ്രസിഡന്‍ഷ്യല്‍ റഫറന്‍സ്. അങ്ങനെ പിന്‍വാതിലിലൂടെ പുന പരിശോധനയ്ക്ക് ശ്രമിക്കുന്നത് നീതിന്യായ സംവിധാനത്തെ അപമാനിക്കുന്ന പ്രവര്‍ത്തിയാണ്.

തമിഴ്‌നാട് കേസില്‍ സുപ്രീംകോടതി വിധി ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ഫെഡറലിസം ഇല്ലായ്മ ചെയ്യാനുള്ള അധികാര കേന്ദ്രങ്ങളുടെ ശ്രമത്തിനേറ്റ വലിയ തിരിച്ചടിയായിരുന്നു.

സുപ്രീംകോടതിക്ക് മുന്നില്‍ ഇപ്പോള്‍ രണ്ട് വഴികളാണുള്ളത്. ഒന്ന്, പ്രസിഡന്‍ഷ്യല്‍ റഫറന്‍സിന് മറുപടി പറയുവാന്‍ തീരുമാനിക്കുകയും, തമിഴ്‌നാട് ഗവര്‍ണര്‍ കേസിലെ വിധി ആവര്‍ത്തിച്ച് വിശദീകരിക്കുകയും ചെയ്യുക.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍

ഗവര്‍ണര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന ഭരണഘടനയിലെ പ്രയോഗം ഊന്നിപ്പറയുകയും, പ്രസിഡന്റിന്റെ നടപടികള്‍ക്ക് കാലപരിധി നിശ്ചയിക്കുന്ന യൂണിയന്‍ ഗവണ്‍മെന്റിന്റെ 2016-ലെ ഓഫീസ് മെമ്മോറാണ്ടം വായിച്ചു നോക്കാന്‍ ആവശ്യപ്പെടുകയും ആവാം. തമിഴ്‌നാട് കേസിലെ വിധിയില്‍ ഇതേക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

എന്നാല്‍ കൃത്യമായി രേഖപ്പെടുത്തിയ ഒരു സുപ്രീംകോടതി വിധിയെക്കുറിച്ച് അഭിപ്രായം തേടുന്നത് ചരിത്രത്തില്‍ ഇതിനുമുമ്പ് ഉണ്ടാവാത്ത സംഗതിയാണ്

രണ്ടാമത്തെ മാര്‍ഗം, പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനോട് പ്രതികരിക്കാന്‍ വിസമ്മതിക്കുക എന്നതാണ്. വിധിപ്രസ്താവം വന്നുകഴിഞ്ഞ ഒരു വിഷയത്തില്‍ ഇനിയും പരിശോധിച്ച് അഭിപ്രായം പറയുന്നതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കാം. അത് ജുഡീഷ്യറിയുടെ അധികാരികതയെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന് വിശദീകരിക്കാം.

ആദ്യ മാര്‍ഗം തെറ്റായ ഒരു കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ഞാന്‍ കരുതുന്നു. സുപ്രീംകോടതി വിധികളെ ഇപ്രകാരം ചോദ്യം ചെയ്യാനുള്ള അവസരം ഗവണ്‍മെന്റുകള്‍ക്ക് നല്‍കുന്നത് ഗുണകരമാവില്ല. അതുകൊണ്ടുതന്നെ ഈ പ്രസിഡന്‍ഷ്യല്‍ റഫറന്‍സിന് മറുപടി പറയേണ്ടതില്ല എന്ന് തീരുമാനിക്കുന്നതാവും ഉചിതം.

ഫെഡറലിസത്തിന് നേരെയുള്ള ആക്രമണം

ഫെഡറലിസം ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് നിരവധിതവണ സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. ഭരണഘടന നിര്‍മാണ സഭാ സംവാദങ്ങള്‍ പരിശോധിച്ചാലും ഇത് വ്യക്തമാകും.

ജനാധിപത്യപരമായ സഹവര്‍ത്തിത്വം സാധ്യമാകും വിധം യൂണിയന്‍ ഗവണ്‍മെന്റിന്റെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും അധികാരങ്ങള്‍ തമ്മിലുള്ള സന്തുലനം ഭരണഘടനാ പദ്ധതിയുടെ ഭാഗമാണ്. അതിനെ പരമാവധി മുന്നോട്ടു കൊണ്ടുപോകുന്ന വിധമായിരിക്കണം ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തനം.

എസ്.ആര്‍. ബൊമ്മെ കേസ് മുതല്‍ നിരവധി വിധികളിലൂടെ സുപ്രീംകോടതിയും, സര്‍ക്കാരിയാ കമ്മീഷനും പൂഞ്ചി കമ്മീഷനും എല്ലാം ഗവര്‍ണറുടേതൊരു ആലങ്കാരിക പദവി മാത്രമാണെന്നു വിലയിരുത്തിയിട്ടുള്ളതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകളെ പ്രതിസന്ധിയിലാക്കാനും ബില്ലുകള്‍ വീറ്റോ ചെയ്യാനും അസ്ഥിരത സൃഷ്ടിക്കുവാനും ഗവര്‍ണര്‍മാര്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നതായി കാണാം.

എസ്.ആര്‍. ബൊമ്മെ

തമിഴ്‌നാട് കേസില്‍ സുപ്രീംകോടതി വിധി ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ഫെഡറലിസം ഇല്ലായ്മ ചെയ്യാനുള്ള അധികാര കേന്ദ്രങ്ങളുടെ ശ്രമത്തിനേറ്റ വലിയ തിരിച്ചടിയായിരുന്നു. ഗവര്‍ണര്‍മാര്‍ ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് കോടതി സ്പഷ്ടമാക്കി. ആ വിധിയെ ചോദ്യം ചെയ്യുന്നതിലൂടെ ഗവര്‍ണര്‍മാരുടെ അപ്രമാദിത്വം പുനസ്ഥാപിക്കാനാണ് യൂണിയന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അനുഛേദം 356-ന്റെ ദുരുപയോഗം, സംസ്ഥാനങ്ങളുടെ അധികാരം എടുത്തു കളയുന്ന ജി.എസ്.ടി ഉള്‍പ്പെടെയുള്ള നിയമനിര്‍മ്മാണങ്ങള്‍, സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുന്നത്, സൈബര്‍ ഇടങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന സെന്‍സര്‍ഷിപ്പ് ശ്രമങ്ങള്‍, വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം, തുടങ്ങി അധികാരം പരമാവധി കേന്ദ്രീകരിക്കുകയും ഏകാധിപത്യപരമായ സമീപനങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്യുന്ന പൊതു സമീപനത്തിന്റെ തുടര്‍ച്ചയാണ് ഇവിടെയും ദൃശ്യമാകുന്നത്.

ഡോക്ടര്‍ ബി.ആര്‍. അംബേദ്കര്‍

ഭരണഘടനാ ശില്പി ഡോക്ടര്‍ ബി.ആര്‍. അംബേദ്കര്‍ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കാറുള്ള ഭരണഘടനാ ധാര്‍മികതയുടെ നിരാസമാണത്. ഭരണഘടനാപരമായ സംശയനിവാരണത്തിന്റെ മറവില്‍, ഏകാധിപത്യ പ്രവണതകളെ രക്ഷിച്ചെടുക്കാനുള്ള ദോഷാനു ദര്‍ശനമായ തന്ത്രമാണിത്. ഇത് തിരിച്ചറിയുവാന്‍ സുപ്രീംകോടതിക്ക് കഴിയട്ടെ.

CONTENT HIGHLIGHTS: A presidential reference against federalism; P.B. Jijeesh writes

പി.ബി ജിജീഷ്

Latest Stories

We use cookies to give you the best possible experience. Learn more