| Friday, 3rd July 2026, 11:35 am

ഇസ്രഈലിന്റെ ലൈംഗിക അക്രമങ്ങൾ ഫലസ്തീനികൾക്കെതിരായ വംശഹത്യാ നയത്തിന്റെ ഭാഗം; രണ്ട് വർഷത്തിനിടെ കൂടുതൽ ഭീകരമായെന്ന് പഠനം

സിജൊ

ന്യൂയോർക്ക്: ഫലസ്തീൻ ജനതക്കെതിരായ ലൈംഗിക അതിക്രമങ്ങളെ വ്യവസ്ഥാപിതമായ ആക്രമണ മാർഗമായാണ് ഇസ്രഈൽ സൈന്യം ഉപയോഗിക്കുന്നതെന്നും 2023 ഒക്ടോബറിന് ശേഷം ഇത്തരം ആക്രമണങ്ങൾ വർധിക്കുകയും കൂടുതൽ ഭീകരമാവുകയും ചെയ്തുവെന്നും ഫലസ്തീൻ ഫെമിനിസ്റ്റ് കളക്ടീവിന്റെ പഠനം. ഇസ്രഈലിന്റെ വംശഹത്യാ അജണ്ടയുടെ ഭാഗമാണ് ഈ ആക്രമണങ്ങളെന്നും പഠനത്തിൽ പറയുന്നു.

പ്രോഗ്രസീവ് ഇന്റർനാഷണലിന്റെ സഹായത്തോടെ ഫലസ്തീൻ ഫെമിനിസ്റ്റ് കളക്ടീവ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ‘എ പ്രിഡേറ്ററി സ്റ്റേറ്റ്'(A Predatory State) എന്ന പേരിൽ ഈ പഠനത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ഫലസ്തീൻ ഫെമിനിസ്റ്റ് കളക്ടീവ് പ്രസിദ്ധീകരിച്ചത്.

2023 ഒക്ടോബർ ഏഴ് മുതലുള്ള കാലയളവിൽ ഫലസ്തീൻ പുരുഷന്മാർക്കും സ്തീകൾക്കും കുട്ടികൾക്കും എതിരെ ഇസ്രഈലി ഒക്യുപേഷൻ ഫോഴ്സസ് (ഐ.ഒ.എഫ്) നടത്തുന്ന ബലാത്സംഗം അടക്കമുള്ള ലൈംഗിക അക്രമങ്ങൾ വർധിച്ചു വരുന്നതായി റിപ്പോർട്ടിന്റെ ആമുഖത്തിൽ പറയുന്നു.

ലൈംഗിക അക്രമങ്ങൾ നേരിട്ടവരോ അത്തരം അക്രമങ്ങൾക്ക് സാക്ഷിയായവരോ പ്രാദേശിക മാധ്യമങ്ങളോടോ അന്താരാഷ്ട്ര മാധ്യമങ്ങളോടോ മനുഷ്യാവകാശ സംഘടനകളോടോ പറഞ്ഞ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 2023 ഒക്ടോബർ മുതലുള്ള ഇത്തരം വിവരങ്ങളാണ് പഠനത്തിനായി പരിഗണിച്ചത്. ഒപ്പം 1948 മുതൽ ഇസ്രഈൽ നടത്തിവന്ന ഇത്തരം ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പരിശോധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

ഫലസ്തീനിലെ വിവിധ സ്ഥലങ്ങളിൽ വിവിധ സമയങ്ങളിലായി ഇത്തരത്തിൽ ലൈംഗിക അക്രമങ്ങൾ കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്നു. വിവിധ തരം തടങ്കൽ കേന്ദ്രങ്ങൾ, ജയിലുകൾ, അറസ്റ്റ് നടക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ ഇത്തരം അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇവയിൽ പൊതു ഇടങ്ങളും സ്വകാര്യ ഇടങ്ങളും ഉൾപ്പെടുന്നു.

ഐ.ഒ.എഫ് നടപ്പിലാക്കിയ നയത്തിന്റെ ഭാഗമാണ് ഈ ലൈംഗിക ആക്രമണങ്ങൾ. സൈനികർ, ജയിൽ ഗാർഡുമാർ, പൊലീസ്, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്തു. ഇത്തരം അക്രമങ്ങളുടെ പാറ്റേൺ പരിശോധിച്ചാൽ ലൈംഗിക ആക്രമണങ്ങളെ ഇസ്രഈൽ ഒരു വ്യവസ്ഥാപിത മർദന രീതിയായി ഉപയോഗിക്കുന്നതായി കാണാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

2023 മുതൽ വംശഹത്യാപരമായ ആക്രമണങ്ങളുടെ നിരക്ക് കൂടിയതിനാൽ ലൈംഗിക ആക്രമണങ്ങളുടെ എണ്ണവും അവയുടെ ഭീകരതയും വർധിച്ചതായും പഠനത്തിൽ പറയുന്നു.

ബലാത്സംഗത്തിന് പുറമെ ലൈംഗിക അധിക്ഷേപം, നിർബന്ധിതമായി നഗ്നരാക്കൽ, വസ്ത്രം വലിച്ചു കീറൽ, ലൈംഗികമായി പീഢിപ്പിക്കുമെന്ന ഭീഷണി, ലൈംഗിക ചുവയോടെയുള്ള സംസാരവും സ്പർശനവും, ലൈംഗിക അവയവങ്ങളെ ആക്രമിക്കൽ എന്നിവ അടക്കമുള്ള അക്രമങ്ങളും ഐ.ഒ.എഫ് നടത്തുന്നു. പരീശീലിപ്പിച്ച നായ്ക്കളെക്കൊണ്ടും ലാത്തിയും ഇരുമ്പുദണ്ഡുകളുമുപയോഗിച്ചും ബലാത്സംഗം ചെയ്യിപ്പിക്കുന്നതടക്കമുള്ള അക്രമങ്ങളും ഐ.ഒ.എഫ് നടത്തുന്നതായി റിപ്പോർട്ടിൽ പറയുന്നു.

അറസ്റ്റ് ചെയ്യപ്പെട്ടവരോ കസ്റ്റഡിയിലെടുത്തവരോ തടവിൽ കഴിയുന്നവരോ ആയ ഫലസ്തീൻകാർക്ക് നേർക്ക് ഐ.ഒ.എഫ് ഇത്തരം ലൈംഗിക ആക്രമണങ്ങൾ നടത്തുന്നത് വംശഹത്യയുടെ ഭാഗമായി ഫലസ്തീൻ ജനതയെ നശിപ്പിക്കുന്നതിനുള്ള പ്രവൃത്തികളുടെ ഭാഗമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇസ്രഈൽ ജനത്തിനിടയിൽ ഈ ലൈംഗിക അക്രമങ്ങളെ അംഗീകരിക്കുന്ന മനോഭാവത്തിനപ്പുറം ഇവയെ ആഘോഷിക്കുന്ന തരം മനോഭാവവുമുണ്ട്. ഇസ്രഈൽ ഭരണകൂടത്തിലെ ഉന്നതടക്കമുള്ള രാഷ്ട്രീയക്കാർക്കും ഈ സമീപനമാണെന്നും പഠനത്തിൽ പറയുന്നു.

ലൈംഗിക ആക്രമണ രീതികൾ ഇസ്രഈൽ സൈന്യം അവരുടെ സൈനികരെ പരിശീലിപ്പിക്കുന്നതായി തെളിവുകളുണ്ടെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. അത്തരം അതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വ്യവസ്ഥാപിത നയം ഇസ്രഈൽ വെച്ചുപുലർത്തുന്നു. ഈ നയത്തിന്റെ ഭാഗമായാണ് ലൈംഗിക അതിക്രമങ്ങളെ ഫലസ്തീനികൾക്കെതിരായ ഒരായുധമായി ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

2025 ഡിസംബർ മുതൽ 2026 ഏപ്രിൽ വരെയുള്ള സമയത്താണ് പഠനം നടത്തിയത്. ഡിജിറ്റലായി ലഭ്യമായ വിവരങ്ങളാണ് പരിശോധിച്ചതെന്നും ഇവയിൽ ഭൂരിഭാഗവും ഇംഗ്ലീഷിലുള്ള ഉള്ളടങ്ങളായിരുന്നെന്നും ഫെമിനിസ്റ്റ് കളക്ടീവ് വ്യക്തമാക്കി.

ദീർഘകാലമായി ഇസ്രഈൽ ലൈംഗിക അതിക്രമങ്ങളെ ഉപയോഗിക്കുന്നുവെന്നും ഇസ്രഈലിന്റെ സെറ്റ്ലർ കൊളോണിയലിസത്തിന്റെ ഭാഗമാണ് ഈ അതിക്രമങ്ങളെന്നും പഠനത്തിൽ പറയുന്നു. ലൈംഗിക അതിക്രമങ്ങൾക്ക് ഇസ്രഈലി ഭരണകൂടത്തിന്റെ അനുമതിയുണ്ട്. ഇവ വംശഹത്യാ അജണ്ടയുടെ ഭാഗമാണ് എന്നും പഠനത്തിലെ കണ്ടെത്തലുകളുടെ കൂട്ടത്തിൽ പറയുന്നു.

1948 മുതൽ ഇസ്രഈൽ ലൈംഗിക അക്രമങ്ങളെ അധിനിവേശത്തിനായി ഉപയോഗിക്കുന്നുവെന്നും എന്നാൽ 2023 ഒക്ടോബറിന് ശേഷമാണ് ഇത്തരം അതിക്രമങ്ങളുടെ എണ്ണത്തിൽ വലിയ രീതിയിൽ വർധനവുണ്ടായതെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

ഇത്തരം അക്രമങ്ങൾ അന്താരാഷ്ട്ര നിയമത്തിന് എതിരാണ്. അവ ഇല്ലാതാക്കാൻ അന്താരാഷ്ട്ര തലത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ട്. അപ്പോഴും ഇസ്രഈൽ ഭരണകൂടം ഫലസ്തീനികൾക്കെതിരെ അത്തരം അക്രമങ്ങൾക്ക് അനുമതി നൽകുകയാണ്. ഫലസ്തീൻ ജനതക്ക് നേർക്കുള്ള വ്യവസ്ഥാപിത നടപടിയാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഫലസ്തീൻകാർക്ക് പുറമെ സ്വതന്ത്ര ഫലസ്തീനെ പിന്തുണക്കുന്ന അന്താരാഷ്ട്ര ആക്ടിവിസ്റ്റുകൾക്ക് നേർക്കും ഇസ്രഈൽ സൈന്യത്തിന്റെ ലൈംഗിക ആക്രമണങ്ങളുണ്ടായി. ഇസ്രഈൽ നേതാക്കളുടെ പരസ്യ പ്രസ്താവനകൾ അടക്കം ലൈംഗിക അതിക്രമങ്ങളെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

2023 മുതൽ മനുഷ്യാവകാശ സംഘടനകൾ, യു.എൻ ഏജൻസികൾ, അന്താരാഷ്ട്ര മാധ്യമങ്ങൾ എന്നിവയിൽ ഫലസ്തീനികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്രഈലിന്റെ രാഷ്ട്രീയപരവും ശാരീരികവും മാനസികവുമായ യുദ്ധത്തിന്റെ ഭാഗമാണ് ലൈംഗികവത്കരിച്ച ആക്രമണങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു.

Content Highlight: A Predatory State: A new report by the Palestinian Feminist Collective, supported by the Progressive International says Israel systematically  uses sexualized and gendered  against Palestinians

സിജൊ

We use cookies to give you the best possible experience. Learn more