മലയാളികൾക്കെന്നും ആവേശം നൽകുന്ന രണ്ടുപേരാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരുടെയും സിനിമകളും പ്രേക്ഷകർ ഒരുപോലെ ആഘോഷമാക്കാറുണ്ട്. അത്തരത്തിൽ മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയ ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം.
2013ൽ പുറത്തിറങ്ങിയ ഈ ചിത്രം മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിമറിച്ച വിജയമായിരുന്നു. കുടുംബ സ്നേഹവും ത്രില്ലറും ഒരുമിപ്പിച്ച കഥയിലൂടെ ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്തു. മാത്രമല്ല, ലോകത്തിന്റെ പല ഭാഷകളിലേക്കും ഏറ്റവും കൂടുതൽ റീമേക്ക് ചെയ്യപ്പെട്ട ഇന്ത്യൻ സിനിമകളിൽ ഒന്നായും ദൃശ്യം മാറി.
മോഹൻലാൽ, Photo: IMDb
ഇപ്പോൾ ഈ ചിത്രവുമായി ബന്ധപ്പെട്ട ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആ കുറിപ്പിൽ പറയുന്നത്, ദൃശ്യം എന്ന ചിത്രത്തിന്റെ കഥ ആദ്യം കേട്ടത് മമ്മൂട്ടിയാണെന്നാണ്.
ജീത്തു ജോസഫ് തന്റെ ഇൻവെസ്റ്റിഗേഷൻ ഫാമിലി ത്രില്ലർ കഥയുമായി ആദ്യം സമീപിച്ചത് മമ്മൂട്ടിയെയായിരുന്നു. കഥ മമ്മൂട്ടിക്ക് ഏറെ ഇഷ്ടപ്പെട്ടെങ്കിലും അന്ന് സമാനമായ ചില കുടുംബകഥാ സിനിമകൾ കൈവശം ഉണ്ടായിരുന്നതിനാൽ രണ്ട് വർഷം കഴിഞ്ഞ് ചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എന്നാൽ അത്രയും കാലം കാത്തിരിക്കാൻ ജീത്തു ജോസഫ് തയ്യാറായില്ല. പിന്നീട് മറ്റൊരു താരത്തെ വെച്ച് ചിത്രം ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞതോടെയാണ് കഥ മോഹൻലാലിലേക്ക് എത്തിയത്.
അതേസമയം, ഷൂട്ടിങ് സെറ്റിൽ വെച്ച് ആന്റണി പെരുമ്പാവൂരിനെ കണ്ട ജീത്തു ജോസഫ് തന്റെ കൈവശമുള്ള കഥയെക്കുറിച്ച് പറഞ്ഞതായും കുറിപ്പിൽ പറയുന്നു. ലാലേട്ടന് വേണ്ടി ഒരു ശക്തമായ കഥ തിരയുകയായിരുന്ന ആന്റണി പെരുമ്പാവൂർ, കഥ കേട്ടതോടെ ചിത്രം ഉടൻ മുന്നോട്ട് കൊണ്ട് പോകുകയായിരുന്നു എന്നും ആ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
പിന്നീട് 2013 ഡിസംബറിൽ ജോർജ്ജുകുട്ടിയും കുടുംബവും തിയേറ്ററുകളിൽ എത്തിയപ്പോൾ മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം തന്നെ എഴുതി. തുടർച്ചയായ പരാജയങ്ങൾക്കുശേഷം മോഹൻലാലിന് വലിയൊരു തിരിച്ചുവരവായും ചിത്രം മാറി.
പ്രെയ്സ് ദി ലോർഡ്, Photo: IMDb
ഇതിനോടൊപ്പം മറ്റൊരു കാര്യവും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ദൃശ്യം ഉപേക്ഷിച്ച അതേ കാലയളവിൽ മമ്മൂട്ടി അഭിനയിച്ച പ്രെയ്സ് ദി ലോർഡ് ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നതാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടിയാണ് താരം ദൃശ്യം ഒഴിവാക്കിയതെന്നും അത് മമ്മൂട്ടിയുടെ കരിയറിലെ വലിയൊരു നഷ്ടമായി എന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഇതിന് മറുപടിയായി മമ്മൂട്ടി ആരാധകരും പ്രതികരിക്കുന്നുണ്ട്. ദൃശ്യം പോലൊരു സിനിമ ഇല്ലാതിരുന്നാലും മമ്മൂട്ടിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്ന നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെ കരിയറിൽ ഉണ്ടെന്നതാണ് അവരുടെ അഭിപ്രായം. അതിന് ഉദാഹരണമാണ് ഭ്രമയുഗം, കാതൽ, കണ്ണൂർ സ്‌ക്വാഡ്, കളങ്കാവൽ പോലുള്ള സിനിമകളെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Content Highlight: A post claiming that Mammootty has dropped out of the film Drishyam has gone viral on social media.