മലയാളികൾ അഹങ്കാരത്തോടെ ‘ദി കംപ്ലീറ്റ് ആക്ടർ’ എന്ന് വിളിക്കുന്ന താരമാണ് മോഹൻലാൽ. തന്റെ സിനിമ ജീവിതത്തിൽ അണിയാത്ത വേഷങ്ങളില്ലെന്ന് പറയപ്പെടുന്ന താരം അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകരുടെ മനസിൽ നിലനിൽക്കുന്നവയാണ്.
എന്നാൽ ഇത്രയും വൈവിധ്യമാർന്ന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടും, ഒരു പക്കാ സീരിയൽ കില്ലർ കഥാപാത്രത്തിൽ അദ്ദേഹത്തെ കാണാൻ കഴിഞ്ഞിട്ടില്ലെന്നത് ആരാധകരുടെ ഇടയിൽ ഇന്നും ചർച്ചചെയ്യപ്പെടുന്ന വിഷയമാണ്.
ഇപ്പോഴിതാ, അതുമായി ബന്ധപ്പെട്ടൊരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പലപ്പോഴും ലാലേട്ടനെ ‘കംപ്ലീറ്റ് ആക്ടർ’ എന്ന് വിശേഷിപ്പിക്കുമ്പോഴും, ഒരു സീരിയൽ കില്ലർ വേഷത്തിൽ അദ്ദേഹത്തെ കാണാനുള്ള ആഗ്രഹം ആരാധകർക്ക് ഇന്നും ഉണ്ടെന്നാണ് കുറിപ്പ് ചൂണ്ടിക്കാട്ടുന്നത്
മോഹൻലാൽ, Photo: Mohanlal/ Facebook
90കളിൽ അത്തരമൊരു പ്രോജക്ട് ആലോചിച്ചിരുന്നുവെങ്കിലും, അത് യാഥാർത്ഥ്യമായില്ലെന്നാണ് പറയപ്പെടുന്നത്. അന്നത്തെ കാലഘട്ടത്തിൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിരുന്ന മോഹൻലാൽ, ‘കിലുക്കം’, ‘മിഥുനം’ പോലുള്ള ചിത്രങ്ങളിലൂടെ കോമഡിയും ഫാമിലി ഡ്രാമയും നിറഞ്ഞ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു.
അതിനാൽ തന്നെ വളരെ ഡാർക്ക് സ്വഭാവമുള്ള സീരിയൽ കില്ലർ കഥയിൽ അഭിനയിക്കുന്നത് തന്റെ ഇമേജിനെ ബാധിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെന്നാണ് കുറിപ്പിൽ പറയുന്നത്.
കില്ലർ, Photo: YouTube/ Screengrab
ഇതോടെ ആ പ്രോജക്ട് മലയാളത്തിൽ നിന്ന് ഒഴിവാകുകയായിരുന്നു. തുടർന്ന് സംവിധായകൻ ഫാസിൽ ഈ കഥ തെലുങ്കിലേക്കെടുത്തു. അവിടെ നാഗാർജുന നായകനായി എത്തിയ ‘കില്ലർ’ മികച്ച വിജയം നേടുകയും 100 ദിവസത്തിലധികം തീയേറ്ററുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. നാഗാർജുനയുടെ കരിയറിലെ ശ്രദ്ധേയമായ വേഷങ്ങളിൽ ഒന്നായി അത് മാറുകയും ചെയ്തു
അന്നത്തെ ആ ലാലേട്ടൻ ടച്ചിൽ ഒരു സീരിയൽ കില്ലർ സ്റ്റോറി വന്നിരുന്നെങ്കിൽ മലയാള സിനിമയുടെ ഗതി തന്നെ മാറുമായിരുന്നെന്നും ആ കുറിപ്പിൽ ആരാധകർ അഭിപ്രായപ്പെടുന്നു.
സദയം, Photo: X.com
അതേസമയം, ‘സദയം’, ‘ഉയരങ്ങളിൽ’ പോലുള്ള സിനിമകളിലൂടെ വില്ലൻ ഷെയിഡിലൂടെയും ശക്തമായ പ്രകടനങ്ങൾ കാഴ്ചവച്ച മോഹൻലാൽ, തന്റെ അഭിനയ മികവ് പണ്ടേ തെളിയിച്ചതാണെന്നും മലയാള സിനിമയെ ലോകോത്തര വേദികളിൽ ഉയർത്തികാട്ടുന്നതിൽ മോഹൻലാൽ എന്ന നടന് വലിയ പങ്കുണ്ടെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
Content Highlight: A post about Mohanlal has become a topic of discussion on social media.