| Saturday, 26th July 2025, 1:47 pm

'എല്‍.ഡി.എഫ് ഭരണം തുടരും, കോണ്‍ഗ്രസ് എടുക്കാച്ചരക്കാകും' ഡി.സി.സി അധ്യക്ഷന്റെ ഫോണ്‍ സംഭാഷണം പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍.ഡി.എഫ് ഭരണം തുടരുമെന്ന് പറയുന്ന തിരുവനന്തപുരം ഡി.സി.സി അധ്യക്ഷന്‍ പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. പ്രദേശിക കോണ്‍ഗ്രസ് നേതാവുമായുള്ള ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതാകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതെയാകുമെന്നും പാലോട് രവി പറയുന്നു. മുസ്‌ലിം വിഭാഗം മറ്റ് പാര്‍ട്ടികളിലേക്കും സി.പി.ഐ.എമ്മിലേക്കും പോകുമെന്നും കോണ്‍ഗ്രസ് എടുക്കാച്ചരക്ക് ആകുമെന്നുമാണ് അദ്ദേഹം പറയുന്നത്.

‘അവിടെ പഞ്ചായത്ത് ഇലക്ഷനില്‍ കോണ്‍ഗ്രസ് മൂന്നാമതാകും. നിയമസഭയില്‍ ഉച്ചി കുത്തി താഴെ വീഴും. 60 അസംബ്ലി മണ്ഡലങ്ങളില്‍ ബി.ജെ.പി എന്ത് ചെയ്യാന്‍ പോകുന്നുവെന്ന് നീ നോക്കിക്കോ.

അവര്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ കാശ് കൊടുത്ത് ആളുകളുടെ വോട്ട് പിടിച്ചത് പോലെ അമ്പതിനായിരമോ നാല്‍പതിനായിരമോ വോട്ട് പിടിക്കും. അങ്ങനെ കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്ത് ഉച്ചികുത്തി വീഴും,’ പാലോട് രവി പറയുന്നു.

അതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധോഗതിയായിരിക്കുമെന്നും കോണ്‍ഗ്രസില്‍ ഉണ്ടെന്ന് പറയുന്നവര്‍ ബി.ജെ.പിയിലും മറ്റേതെങ്കിലും പാര്‍ട്ടികളിലേക്കും പോകുമെന്നുമാണ് പുറത്ത് വന്ന ഫോണ്‍ സംഭാഷണത്തില്‍ തിരുവനന്തപുരം ഡി.സി.സി അധ്യക്ഷന്‍ പറയുന്നത്.

‘നാട്ടില്‍ ഇറങ്ങി നടന്ന് ജനങ്ങളെ കണ്ട് നന്നായി സംസാരിക്കാന്‍ 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുകളുള്ളൂ. ഒറ്റ ഒരുത്തനും ആത്മാര്‍ത്ഥമായി പരസ്പര ബന്ധമില്ല. പരസ്പര സ്‌നേഹമില്ല. എങ്ങനെ കാലുവാരാം എന്നാണ് അവര്‍ ചിന്തിക്കുന്നത്.

ഓരോ നേതാവിന്റെയും പേര് പറഞ്ഞും ഓരോ നേതാവുമായും ബന്ധം സ്ഥാപിച്ചും പാര്‍ട്ടിയെ ഛിന്നഭിന്നമാക്കുകയാണ്,’ പാലോട് രവി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

Content Highlight: A phone record of Palod Ravi says LDF will continue to rule

We use cookies to give you the best possible experience. Learn more