സിനിമയില്‍ ഭംഗിയുള്ള ഒരാളായി പ്രത്യക്ഷപ്പെടുന്നതിനേക്കാള്‍ നല്ലൊരു നടനാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. ഉയരം കുറവായതും മുടി കുറവായതുമെല്ലാം ഒരു കാലത്ത് പരിമിതികളായി തോന്നിയിരുന്നെങ്കിലും, അത്തരം പരിമിതികളെ അതിജീവിച്ചതിലാണ് തനിക്ക് ആത്മാഭിമാനം തോന്നുന്നതെന്നും താരം പറഞ്ഞു. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ ഇപ്പോഴും തന്നെ ഏറെ പ്രചോദിപ്പിക്കുന്ന വ്യക്തിയാണെന്നും വിനയ് ഫോര്‍ട്ട് വ്യക്തമാക്കി. മനോരമ ന്യൂസ് നെരെ ചൊവ്വേയില്‍ സംസാരിക്കുകയായിരുന്നു വിനയ്.
പുറത്തുനിന്ന് നോക്കുമ്പോള്‍ മമ്മൂട്ടിയെപ്പോലെയുള്ള ആകാരസൗകുമാര്യമുള്ള വ്യക്തിയല്ല മോഹന്‍ലാല്‍. എന്നാല്‍ സിനിമയില്‍ അദ്ദേഹത്തെ കാണുമ്പോള്‍ ഇത്തരം ശാരീരിക സവിശേഷതകളൊന്നും ഒരു നടന്റെ പ്രകടനത്തെ നിര്‍ണയിക്കുന്നില്ലെന്ന് മനസിലാകുമെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.
ഒരു നടന്റെ പ്രകടനത്തിലെ മാജിക്കാണ് പ്രധാനം. ബോഡി ഷെയ്മിങ്ങോ ശാരീരികമായ പരിമിതികളോ തന്നെ ബാധിക്കാതിരിക്കാനുള്ള കാരണം അതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ എത്തിയപ്പോള്‍ മുതല്‍ സ്വന്തം പരിമിതികളെ മറികടക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് വിനയ് ഫോര്‍ട്ട് പറയുന്നു. സിനിമാ പശ്ചാത്തലമില്ലാത്തതിനാല്‍ ഫിലിം സ്‌കൂളില്‍ പഠിക്കണമെന്നത് തന്റെ തീരുമാനങ്ങളില്‍ പ്രധാനമായിരുന്നു. പെട്ടെന്ന് സിനിമയിലെത്തുകയും പരമ്പരാഗത നായകസങ്കല്‍പ്പത്തില്‍ ഇടം നേടുകയും ചെയ്യുന്ന ഒരാളായിരുന്നില്ല താനെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ സ്വയം ആഘോഷിക്കുന്ന ആളല്ല. എന്റെ പരിമിതികളെ അതിജീവിച്ച ഒരാളെന്ന നിലയിലാണ് എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നുന്നത്. ഒരു നടനെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നതാണ് എന്റെ ലക്ഷ്യം,’ വിനയ് ഫോര്‍ട്ട് പറയുന്നു.
സിനിമയില്‍ ഭംഗിയുള്ള ഒരാളായി പ്രത്യക്ഷപ്പെടുക എന്നത് എന്റെ പ്രയോറിറ്റിയല്ല. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ സ്വയം സെലിബ്രേറ്റ് ചെയ്യുന്ന ആളുമല്ല.
ഞാന്‍ ഫിലിം സ്‌കൂളില്‍ പോകാനുള്ള കാര്യം തന്നെ, എനിക്ക് സിനിമാ ബാക്ക് ഗ്രൗണ്ട് ഇല്ല. പിന്നെ ഞാന്‍ പെട്ടെന്ന് ഒരു സിനിമാ നടനാകണമെന്നൊക്കെ പറഞ്ഞാല്‍ ആ സോണില്‍ പെടുന്ന ആളുമല്ല. ഭയങ്കര ഉയരമുള്ള ആളല്ല, മുടി കുറവുള്ള ആളാണ്. അങ്ങനെ ഒരുപാട് പരിമിതികള്‍.
ഒരു കണ്‍വെന്‍ഷണല്‍ രീതിയില്‍ ആളുകള്‍ പരിമിതിയായി കാണുന്ന പരിപാടികള്‍ ഞാന്‍ അതിജീവിച്ചു എന്നിടത്താണ് എനിക്ക് സെല്‍ഫ് റെസ്‌പെക്ട് തോന്നുന്നത്.
‘തമാശ’യൊക്കെ വന്നുകഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ ഉള്ള മുടി വടിച്ചിട്ടാണ് ചെയ്യുന്നത്. ഇപ്പോഴും എന്നെ ഭയങ്കരമായി ഇന്‍സ്‌പെയര്‍ ചെയ്യുന്നത് മലയാളത്തിന്റെ മഹാനടന്‍ ലാലേട്ടന്‍ തന്നെയാണ്. നമ്മള്‍ പുറത്തുനിന്ന് നോക്കിക്കഴിഞ്ഞാല്‍ മമ്മൂക്കെയപ്പോലെയാക്കെ ആകാരസൗകുമാര്യങ്ങള്‍ ഉള്ള ആളല്ല. പക്ഷേ നമ്മള്‍ സിനിമയില്‍ കാണുമ്പോള്‍ ഈ പറയുന്നതൊന്നും നമ്മളെ ബാധിക്കേണ്ടതില്ലെന്ന് വ്യക്തമാകും. ഒരു ആക്ടറിന്റെ ഒരു ബ്രില്യന്‍സില്‍ നമ്മള്‍ ലയിച്ചുപോകില്ലേ. അതാണ്. ഞാന്‍ എപ്പോഴും ലക്ഷ്യംവെക്കുന്നത് ഒരു പ്യുവര്‍ ആക്ടിനെയാണ്.
നല്ലൊരു നടനിലേക്കുള്ള യാത്രയാണ്. ഒരു ആക്ടറിന്റെ മാജിക്കുണ്ട്. അല്ലാതെ ആളുകള്‍ പറയുന്ന ബോഡി ഷേമിങ്ങോ നമ്മുടേതായ പരിമിതികളോ നമ്മളെ ബാധിക്കുന്നില്ല.
അതേസമയം സിനിമകളിലെ ഭയങ്കര കോംപ്ലിക്കേറ്റഡായുള്ള സിറ്റുവേഷനുകള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ ഫിലിം സ്‌കൂളിലെ പഠനം സഹായിച്ചിട്ടുണ്ട്,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.
Content Highlight: A Performer’s Magic Matters More Than Body Shaming: Vinay Forrt