| Friday, 22nd August 2025, 3:11 pm

ബ്രസീല്‍ പ്രസിഡന്റിന്റെ സുഹൃത്തും സഹപാഠിയുമായ വാഴൂര്‍ സോമന്‍; കുറിപ്പ് ശ്രദ്ധ നേടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് സി.പി.ഐ നേതാവും പീരുമേട് എം.എല്‍.എയുമായ വാഴൂര്‍ സോമന്‍ അന്തരിച്ചത്. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഹൈറേഞ്ചിന്റെ പ്രിയപ്പെട്ട നേതാവിനെ കുറിച്ച് കേരള സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗമായ രാം കുമാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. റഷ്യയില്‍ പഠിക്കുന്ന കാലത്ത് നിലവിലെ ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയുമായി വാഴൂര്‍ സോമനുണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചുള്ള കുറിപ്പാണിത്.

വാഴൂര്‍ സോമനും ലുല ഡ സില്‍വയും സഹപാഠികളും ഹോസ്റ്റല്‍ മേറ്റ്‌സും ആയിരുന്നുവെന്നും ലുല ബ്രസീലിന്റെ പ്രസിഡന്റായ ചുമതലയേല്‍ക്കുമ്പോള്‍ സത്യപ്രതിജ്ഞയ്ക്കായി അദ്ദേഹത്തെ ക്ഷണിച്ചുവെന്നും കുറിപ്പില്‍ പറയുന്നു.

ലുലയുടെ നിര്‍ദേശ പ്രകാരം കുറച്ചുദിവസം ബ്രസീലില്‍ കഴിഞ്ഞ വാഴൂര്‍ സോമന്‍ അവിടുത്തെ കര്‍ഷകരുമായി സംവദിക്കുകയും ഗ്രാമീണ മേഖലയില്‍ ആരംഭിച്ച സ്ഥാകപനങ്ങളെ കുറിച്ച് മനസിലാക്കുകയും ചെയ്തു. അത്തരം സ്ഥാപനങ്ങള്‍ പീരുമേട്ടിലും ഇടുക്കിയിലും ആരംഭിക്കണമെന്ന് അദ്ദേഹത്തിന് കൃത്യമായ വീക്ഷണമുണ്ടായിരുന്നു എന്നും കുറിപ്പില്‍ പറയുന്നു.

ആര്‍. രാംകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

സഖാവ് വാഴൂര്‍ സോമന്‍ മരിച്ചു എന്നത് അവിശ്വസനീയമായ വാര്‍ത്തയാണ്.  സി.പി.ഐയുടെയും തോട്ടം തൊഴിലാളികളുടെയും ഇടുക്കി ജില്ലയിലെ പ്രമുഖനായ നേതാവായിരുന്നു സഖാവ് സോമന്‍. എനിക്ക് വ്യക്തിപരമായി വളരെയേറെ അടുപ്പം ഉണ്ടായിരുന്ന ഒരു വ്യക്തി കൂടിയായിരുന്നു.

2016 മുതല്‍ വളരെ ഊഷ്മളമായ സ്‌നേഹബന്ധം അദ്ദേഹവുമായി എനിക്കുണ്ട്. അന്നുമുതല്‍ പലപ്പോഴായി തിരുവനന്തപുരം വെച്ചും ഇടുക്കിയില്‍ വെച്ചും അദ്ദേഹത്തെ കാണാന്‍ ഇടയായിട്ടുണ്ട്.

2016ല്‍ ആണ് അദ്ദേഹം കേരള സ്റ്റേറ്റ് വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണാകുന്നത്. 2021 വരെ തുടര്‍ന്നു. കോര്‍പ്പറേഷന്റെ ചുമതലയുള്ള ആസൂത്രണ ബോര്‍ഡ് അംഗം ഞാനായിരുന്നു. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി കേരളത്തില്‍ ഉടനീളം വെയര്‍ഹൗസുകളുടെ ഒരു ശൃംഖല തന്നെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് പരിപാടിയുണ്ടായിരുന്നു.

പണം ഒരു തടസ്സമായി നിന്നെങ്കിലും ഞങ്ങള്‍ ഒരുമിച്ച് കുറേയധികം പണം പദ്ധതി വിഹിതത്തില്‍ നിന്നും നബാര്‍ഡില്‍ നിന്നും ഒക്കെ സംഘടിപ്പിച്ചു. ഒരു വര്‍ഷം മൂന്നു കോടി രൂപ വരെ കോര്‍പ്പറേഷന്റെ പദ്ധതി വിഹിതം ഉയര്‍ത്താനായി. തുടങ്ങിയ നിര്‍മ്മാണങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ആ കോര്‍പ്പറേഷന്റെ ഏറ്റവും മികച്ച ചെയര്‍പേഴ്‌സണ്‍മാരില്‍ ഒരാള്‍ സഖാവ് സോമന്‍ തന്നെയായിരുന്നിരിക്കണം.

പിന്നീട് 2021ല്‍ സഖാവ് സോമന്‍ പീരുമേട് എം.എല്‍.എയായി. ഇടുക്കി പാക്കേജ് നിലവില്‍ ഉണ്ടായിരുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട് ദീര്‍ഘമായ ചര്‍ച്ചകള്‍ അദ്ദേഹവുമായി സ്ഥിരമായി നടത്താറുണ്ടായിരുന്നു. ഇടുക്കിയിലുള്ളപ്പോള്‍ അദ്ദേഹം കാണാന്‍ വരിക അദ്ദേഹത്തിന്റെ പ്രശസ്തമായ ജീപ്പില്‍ തന്നെ.
അസാധാരണമായ ധിഷണാബോധമുള്ള ഒരു സഖാവായിരുന്നു സോമന്‍. ഒരു സംസാരത്തിനിടയില്‍ കുറേ ചരിത്രം പറഞ്ഞു. അപ്പോഴാണ് കൗതുകകരമായ കുറേ കാര്യങ്ങള്‍ ഞാന്‍ അറിഞ്ഞത്.

സഖാവ് സോമന്‍ ഏറെക്കാലം പഠനത്തിന് മോസ്‌കോയില്‍ ആയിരുന്നു. അന്നത്തെ സോവിയറ്റ് കാര്‍ഷിക രീതികളെ കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും ഏറെ സംസാരിക്കും.

ഒപ്പം ചോദിച്ചു, മോസ്‌കോയില്‍ എന്റെ സഹപാഠിയും ഹോസ്റ്റല്‍ മേറ്റും ആരായിരുന്നു എന്നറിയാമോ? ഉത്തരം: ലൂയിസ് ഇനാസിയോ ലൂല ദി സില്‍വ. അതെ, പിന്നീട് ബ്രസീലിയന്‍ പ്രസിഡണ്ടായ ലുല. അത്ഭുതത്തോടെ കേട്ടിരുന്ന എന്നോട് അദ്ദേഹം തുടര്‍ന്നു: അന്നുമുതല്‍ ലുലയുമായി അദ്ദേഹത്തിന് അടുത്ത സൗഹൃദ ബന്ധമാണ്. 

ലുല ബ്രസീലിന്റെ പ്രസിഡന്റ് ആയപ്പോള്‍ സത്യപ്രതിജ്ഞയ്ക്ക് സഖാവ് സോമനെ നേരിട്ട് ക്ഷണിച്ചു. അദ്ദേഹം ബ്രസീലില്‍ പോയി. ലുലയുടെ നിര്‍ദേശപ്രകാരം അല്പ ദിവസങ്ങള്‍ അവിടെ ചിലവഴിക്കുകയും അവിടത്തെ കൃഷിക്കാരുമായി സംവദിക്കുകയും ഗ്രാമീണ മേഖലയില്‍ ആരംഭിച്ച വിവിധ സ്ഥാപനങ്ങളെ പറ്റി മനസ്സിലാക്കുകയും ചെയ്തു.

ആ പരീക്ഷണങ്ങള്‍ ഒക്കെ കേരളത്തിലും നടത്തണം എന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. അതിന്റെ ഭാഗമായി പീരുമേട്ടിലും ഇടുക്കിയിലും ഒക്കെ ഒരു കൂട്ടം കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ (ഇ.എ.ഇ) വേണമെന്ന് അദ്ദേഹത്തിന് കൃത്യമായ ധാരണയും അഭിപ്രായവും ഉണ്ടായിരുന്നു. 

കേരളത്തിലെ കാര്‍ഷിക മേഖലയിലെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന് ചെറുകിട കൃഷിക്കാരുടെ ഉത്പന്നങ്ങളുടെ ശേഖരണം അസാധ്യമായതാണ് എന്ന വിഷയത്തില്‍ എനിക്കും അദ്ദേഹത്തിനും ഒരേ അഭിപ്രായമായിരുന്നു. എങ്ങനെ അത് ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്താം എന്നതിനെക്കുറിച്ച് ഞങ്ങള്‍ അടുത്ത സമയത്തും ഫോണില്‍ സംസാരിച്ചിരുന്നു.

ആധുനികനും ഊര്‍ജ്ജസ്വലനും ആയ ഒരു സഖാവിനെയാണ് കേരളത്തിന്റെ കാര്‍ഷിക ലോകത്തിന് നഷ്ടപ്പെട്ടത്. തോട്ടം തൊഴിലാളികളുടെ ഉശിരനായ ഒരു നേതാവിനെയും. ഈ വേര്‍പാട് എനിക്ക് വ്യക്തിപരമായി കൂടി വേദനാജനകമാണ്. അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും കുടുംബത്തിനും എന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ.

ലാല്‍സലാം സഖാവേ.

Content highlight: A note about the friendship between Brazilian President Lula da Silva and Vazhur Soman is gaining attention.

We use cookies to give you the best possible experience. Learn more