ശ്രീനഗർ: പാക് ഷെൽ ആക്രമണത്തിൽ നടുങ്ങി ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി. തന്റെ വീട് ഒരിക്കൽ കൂടി തകർന്ന് വീഴുന്നത് കാണാനാവില്ലെന്ന് പറയുകയാണ് കശ്മീരിയായ ബാബർ. ‘ഈ വീട് വീണ്ടും തകരുന്നത് കാണാൻ എനിക്ക് ഇനിയും ശേഷിയില്ല,’ ഉറക്കമില്ലാത്ത രണ്ട് രാത്രികൾ കഴിച്ചുകൂട്ടിയ ശേഷം ക്ഷീണിതനായ 38 കാരനായ ബാബർ പറഞ്ഞു. രണ്ട് തവണ തകർന്ന വീട് ഇനിയും തകരുന്നത് കാണാൻ ബാബറിന് കഴിയുമായിരുന്നില്ല.
1999ൽ തന്റെ വീട് തകർന്നടിഞ്ഞ ഷെല്ലാക്രമണത്തെക്കുറിച്ച് അദ്ദേഹം ഓർത്തു. പിന്നീട്, 2005ലെ ഭൂകമ്പത്തിൽ വീട് വീണ്ടും തകർന്നു. ഇപ്പോഴിതാ പാക് ഷെല്ലാക്രമണം വീണ്ടും ഭീതിയുയർത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് ശക്തമായ പീരങ്കി വെടിവയ്പ്പ് നടക്കുമ്പോൾ തങ്ങൾ ഭക്ഷണം കഴിക്കാൻ ഇരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘ഞങൾ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴായിരുന്നു സൈറൺ മുഴങ്ങിയത്. ഭക്ഷണം അവിടെ ഉപേക്ഷിച്ച് ഞങ്ങൾ അയൽക്കാരുടെ ബങ്കറിലേക്ക് ഓടി,’ അദ്ദേഹം പറഞ്ഞു.
ആ ഷെല്ലാക്രമണത്തിൽ ഉറിയിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും നാല് സാധാരണക്കാർക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
ഞങ്ങളുടെയെല്ലാവരുടെയും വീടുകളുടെ പിൻമുറ്റത്ത് ഒരു ബങ്കർ ഉണ്ടായിരുന്നു. ഞങ്ങൾ ചെറുപ്പത്തിൽ യുദ്ധസമയത്ത് നെൽവയലുകളിലെ കാണാറുള്ള ഗർത്തങ്ങളുടെ ഓർമ്മകൾ കഴിഞ്ഞ ദിവസം രാത്രി എനിക്ക് വീണ്ടും ഉണ്ടായി. ഭയത്തിന്റെ നിഴൽ വീണ്ടും ഉയരുകയാണ്,’ ബാബർ ആശങ്ക ഉന്നയിച്ചു.
അതേസമയം വെള്ളിയാഴ്ച രാത്രിയുണ്ടായ തീവ്രമായ ഷെല്ലാക്രമണത്തിനുശേഷം, ഉറിയിൽ നിന്ന് ഏകദേശം 2,000 പേരെ ഒഴിപ്പിച്ചതായി ഉറി പട്ടണത്തിൽ ഭരണകൂടം സ്ഥാപിച്ച കൺട്രോൾ റൂമിൽ ജോലി ചെയ്യുന്ന ജാവേദ് അഹമ്മദ് പറഞ്ഞു. ‘ഉറിയുടെ 90% ത്തിലധികം ഇപ്പോൾ ശൂന്യമാണ്,’ അദ്ദേഹം പറഞ്ഞു.
ആക്രമണം ശക്തമായതോടെ പഴയ ബങ്കറുകൾ വീണ്ടും ഉപയോഗിക്കുകയാണെന്ന് ഉറി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ മുഹമ്മദ് മുനീർ മിർ പറഞ്ഞു. ‘ഷെല്ലാക്രമണം കൂടുതൽ ഉച്ചത്തിലാകാൻ തുടങ്ങിയപ്പോൾ ഞാൻ വീടിന് പിന്നിലെ പഴയ ബങ്കറിന്റെ വാതിലുകൾ തള്ളിത്തുറന്നു. ഏകദേശം 8×14 അടി ഉയരമുണ്ട് അതിന്. ഞങ്ങൾ ഏകദേശം 32 പേർ അതിൽ ഞെങ്ങി ഞെരുങ്ങി ഇരുന്നു. ഞങ്ങൾക്ക് ആരെയും പുറത്താക്കാൻ കഴിയുമായിരുന്നില്ല. ശ്വാസം മുട്ടിയാലും സാരമില്ല. ആരെയും പുറത്താക്കാൻ സാധിക്കില്ല. എങ്ങനെ കഴിയും? എല്ലാവരും ഭീകരത നിറഞ്ഞ രാത്രികൾ അതിജീവിക്കാൻ ശ്രമിക്കുകയാണ്,’ മിർ പറഞ്ഞു.
Content Highlight: A night of intense shelling in Uri: ‘Just sat to eat, then sirens went off’