മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരവും നടി അന്ന ബെന്നും ഒന്നിക്കുന്ന പുതിയ മലയാള സിനിമ പ്രഖ്യാപിച്ചു. നവാഗത സംവിധായകൻ വൈശാഖ് റീത്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത് ആണ് തിരക്കഥ ഒരുക്കുന്നത്. 2027 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയെന്നും വൈശാഖ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
സ്വതന്ത്ര സംവിധായകനെന്ന നിലയിൽ സിനിമാലോകത്തേക്കുള്ള തന്റെ പുതിയ ചുവടുവെപ്പിനെക്കുറിച്ച് വൈകാരികമായ കുറിപ്പാണ് വൈശാഖ് പങ്കുവെച്ചത്. പതിമൂന്ന് വർഷത്തിലേറെയായി മനസിൽ കൊണ്ടുനടന്ന സ്വപ്നമാണ് ഇപ്പോൾ സിനിമയായി മാറുന്നതെന്നും അദ്ദേഹം കുറിച്ചു.
Photo. Instagram
ചിദംബരത്തിനും അന്ന ബെന്നിനുമൊപ്പം ജുവൽ മേരി, ജഗദീഷ്, പ്രശാന്ത് അലക്സാണ്ടർ, മനോജ് കെ.യു. എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. കൂടുതൽ അഭിനേതാക്കളുടെ പേരുകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും വൈശാഖ് അറിയിച്ചു.
സിനിമയുടെ അണിയറയിലും ശ്രദ്ധേയമായൊരു സംഘമാണ് ഒരുങ്ങുന്നത്. അജിത്, രാകേഷ് ചെറുമാടം, ശ്രീലക്ഷ്മി അതിപറമ്പ്, അജ്മൽ ഹസ്ബുള്ള, തരുണ്യ വി.കെ., കാർത്തിക് എസ്. കുമാർ തുടങ്ങി നിരവധി പേർ ചിത്രത്തിന്റെ പിന്നണിയിലുണ്ടാകും.
‘പതിമൂന്ന് വർഷത്തിലേറെ സ്വപ്നം കാണുകയും പഠിക്കുകയും ജോലി ചെയ്യുകയും വിശ്വസിക്കുകയും ചെയ്ത യാത്രയ്ക്കൊടുവിൽ സ്വതന്ത്ര സിനിമാ സംവിധായകനെന്ന നിലയിൽ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണ്. സിനിമയോടുള്ള ഇഷ്ടവും പറയാൻ ആഗ്രഹിക്കുന്ന കഥകളുമാണ് ഈ യാത്രയിൽ മുന്നോട്ടുപോകാൻ എന്നെ സഹായിച്ചത്,’ എന്നായിരുന്നു വൈശാഖിന്റെ കുറിപ്പ്.
ചിദംബരം, അന്ന ബെൻ. Photo. Facebook.com
തന്നെ വിശ്വസിക്കുകയും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളും മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും പേരുകളും പിന്നാലെ പുറത്തുവിടുമെന്നും വൈശാഖ് കുറിപ്പിലൂടെ അറിയിച്ചു.
Content Highlight: A new Malayalam film featuring ‘Manjummel Boys’ director Chidambaram and actress Anna Ben has been announced.