| Saturday, 22nd November 2025, 8:38 pm

മടങ്ങിവന്ന പ്രവാസികള്‍ക്കായി 'നോര്‍ക്ക കെയര്‍' മാതൃകയില്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയാകാം: നോര്‍ക്ക റൂട്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുവന്ന പ്രവാസികള്‍ക്കായി (NRK Returnees) ‘നോര്‍ക്ക കെയര്‍’ മാതൃകയില്‍ പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിക്കാമെന്നും ഇതിനുള്ള പ്രൊപ്പോസല്‍ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും നോര്‍ക്ക റൂട്‌സ് സി.ഇ.ഓ അജിത് കൊളശ്ശേരി.

നോര്‍ക്ക കെയര്‍ പദ്ധതിയില്‍ വിദേശത്ത് നിന്ന് മടങ്ങിവന്നവരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രവാസി ലീഗല്‍ സെല്ലിന്റെ ഹരജിയില്‍ 2025 സെപ്റ്റംബര്‍ 26ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ നിര്‍ദേശമനുസരിച്ച്, പി.എല്‍.സിയുമായി നടത്തിയ ഹീയറിങ്ങിലാണ് നോര്‍ക്ക റൂട്‌സ് സി.ഇ.ഒ ഇക്കാര്യം പറഞ്ഞത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ ഇതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ഡിസംബറില്‍ തന്നെ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിക്കുമെന്നും അജിത് കൊളശ്ശേരി പറഞ്ഞു. നോര്‍ക്ക കെയറിന്റെ അതേ നിബന്ധനകളും വ്യവസ്ഥകളുമാകും മടങ്ങിവന്നവരുടെ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്കും ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വിഷയത്തില്‍ പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ നിവേദനം എത്രയും വേഗം സര്‍ക്കാരുമായി കൂടിയാലോചിച്ച് നോര്‍ക്ക റൂട്‌സ് ഉത്തരവ് ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാരോ നോര്‍ക്ക റൂട്ട്സോ വിഷയത്തില്‍ വേണ്ട താത്പര്യം കാണിക്കാത്തതിനെ തുടര്‍ന്ന് പ്രവാസി ലീഗല്‍ സെല്‍ നോര്‍ക്ക പ്രത്യേക സെക്രട്ടറി ടി.വി. അനുപമ ഐ.എ.എസിനെ നവംബര്‍ ആറിന് നേരിട്ട് കണ്ട് പരാതി നല്‍കിയിരുന്നു.

വിഷയത്തില്‍ ഉടനെ നടപടി എടുക്കണമെന്ന സ്പെഷ്യല്‍ സെക്രട്ടറിയുടെ നിര്‍ദേശമാണ് മടങ്ങിവന്നവര്‍ക്ക് നോര്‍ക്ക കെയറിന്റെ മാതൃകയില്‍ പുതിയ പദ്ധതിയാകാമെന്ന നിലപാടിലേക്ക് നോര്‍ക്ക റൂട്ട്സിനെ എത്തിച്ചത്. നോര്‍ക്ക റൂട്‌സ്, മഹിന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ്, ന്യൂ ഇന്‍ഡ്യ അഷുറന്‍സ് കമ്പനി എന്നീ മൂന്ന് സ്ഥാപനങ്ങള്‍ ചേര്‍ന്നുള്ള ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് നോര്‍ക്ക കെയറിന്റെ വ്യവസ്ഥകളും നിബന്ധനകളും നിര്‍ണയിച്ചിരിക്കുന്നത്.

നോര്‍ക്ക ഐ.ഡി അല്ലങ്കില്‍ സ്റ്റുഡന്റസ് ഐ.ഡി എന്നിവ ഉള്ളവര്‍ക്ക് മാത്രമാണ് ഈ പദ്ധതിയില്‍ അംഗത്വം എടുക്കാന്‍ കഴിയുക. മറുനാടന്‍ മലയാളികള്‍ക്കും വിദേശ മലയാളികള്‍ക്കും മാത്രമാണ് ഇതിന് കഴിയുന്നത്. കേരളത്തിലേക്ക് മടങ്ങിവന്ന് സ്ഥിരതാമസമാക്കിയ മലയാളികള്‍ക്ക് ഇതിന് കഴിയാത്തതിനാല്‍ പദ്ധതിയുടെ ഭാഗമാകാനും സാധ്യതയില്ല.

അതുകൊണ്ടാണ് കേരളത്തില്‍ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികള്‍ക്കും, നിലവില്‍ വിദേശത്ത് ഉള്ള പ്രവാസികള്‍ക്ക് ലഭിക്കുന്നതുപോലെ അതേ നിബന്ധനകള്‍, പ്രീമിയം, ആനുകൂല്യങ്ങള്‍ എന്നിവയില്‍ ചേരാന്‍ അനുമതി നല്‍കണമെന്ന് പ്രവാസി ലീഗല്‍ സെല്‍ നിര്‍വഹണ ഏജന്‍സിയായ നോര്‍ക്ക റൂട്ട്‌സിനോടും കേരള സര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ചത്.

വിദേശങ്ങളില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് റെസിഡന്റ് ഐ.ഡി പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ബന്ധിത മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആവശ്യമാണ്. എന്നാല്‍ വിദേശത്തുനിന്ന് മടങ്ങിയെത്തി നാട്ടില്‍ സ്ഥിരതാമസമാക്കിയ മുന്‍ പ്രവാസികളാണ് കേരളത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതെ ബുദ്ധിമുട്ടുന്നത്, പ്രത്യേകിച്ച് 60-70+ പ്രായത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ള മുതിര്‍ന്നവര്‍.

പല വിദേശ പ്രവാസികള്‍ക്കും അവരുടെ ആതിഥേയ രാജ്യത്തില്‍ ഇന്‍ഷുറന്‍സ് ലഭിക്കാറുണ്ട്. അതിനാല്‍ യഥാര്‍ത്ഥ ആവശ്യം മടങ്ങിയെത്തിയ പ്രവാസികള്‍ക്കാണ് കൂടുതല്‍.

അതുകൊണ്ട് മടങ്ങിയെത്തിയ പ്രവാസികൾക്കും NORKA-CAREല്‍ ചേരാമെന്ന് വ്യക്തമാക്കുന്ന ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറപ്പെടുവിക്കണമെന്നും, നോര്‍ക്ക റൂട്‌സും ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് പോളിസി ഷെഡ്യൂള്‍ ഭേദഗതി ചെയ്ത്, അപ്പീലും പോര്‍ട്ടലിലും വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നും പി.എല്‍.സി അഭ്യര്‍ത്ഥിച്ചിരുന്നു.

ഇതൊരു ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി ആയതിനാലും പോളിസി എടുക്കുന്ന ഓരോ അംഗവും ആവശ്യമായ പ്രീമിയം അടക്കുന്നതിനാലും നോര്‍ക്ക റൂട്ട്‌സിനോ സര്‍ക്കാരിനോ അധികബാധ്യത ഉണ്ടാകുന്നില്ല.

പ്രവാസി ലീഗല്‍ സെല്ലിനെ പ്രതിനിധീകരിച്ച് അഡ്വ. ആര്‍. മുരളീധരന്‍ (ജന. സെക്രട്ടറി), എം.എ. ജിഹാംഗിര്‍ (വൈസ് പ്രസിഡന്റ്), റോഷന്‍ പുത്തന്‍പറമ്പില്‍ (ട്രെഷറര്‍), ഷെരിഫ് കൊട്ടാരക്കര, നന്ദഗോപകുമാര്‍ (എക്‌സി. അംഗം) എന്നിവര്‍ ഹീയറിങ്ങില്‍ പങ്കെടുത്തു.

Content Highlight: A new insurance scheme for returning expatriates could be modeled after ‘Norka Care’: Norka Roots

We use cookies to give you the best possible experience. Learn more