ഒറ്റ ദിവസം, 20 ഓവറിന്റെ നാല് ഇന്നിങ്സ്. ക്രിക്കറ്റിന്റെ പുതിയ ഫോര്‍മാറ്റ് ഇങ്ങനെ. ടെസ്റ്റ് ക്രിക്കറ്റിനെയും ടി – 20 ക്രിക്കറ്റിനെയും ഒത്തിണക്കിയാണ് പുതിയ ഫോര്‍മാറ്റ് അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ‘ടെസ്റ്റ് ട്വന്റി’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.13 വയസിനും 19 വയസിനുമിടയിലെ യുവതാരങ്ങളാണ് നാലാം ഫോര്‍മാറ്റിന്റെ ലക്ഷ്യം.
ബിസിനസുകാരനായ ഗൗരവ് ബഹിര്‍വാനിയാണ് ടെസ്റ്റ് ട്വന്റി എന്ന ആശയത്തിന് പിന്നിലുള്ളത്. ഒരു കാലത്ത് ക്രിക്കറ്റ് അടക്കിവാണിരുന്ന ഇതിഹാസങ്ങളാണ് ഈ പുതിയ ഫോര്‍മാറ്റിന്റെ അഡൈ്വസറി ബോര്‍ഡിലുള്ളത്. വെസ്റ്റ് ഇന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ സര്‍ ക്ലൈവ് ലോയ്ഡ്, പ്രോട്ടിയാസ് ഇതിഹാസം എ.ബി. ഡി വില്ലിയേഴ്സ്, ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ മാത്യു ഹെയ്ഡന്‍, ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ് എന്നിവരാണ് ഇതിലെ അംഗങ്ങള്‍.
അടുത്ത വര്‍ഷം ജനുവരിയോടെയാവും ഈ ഫോര്‍മാറ്റിന് തുടക്കമാവുക. ആദ്യ രണ്ട് സീസണുകള്‍ക്ക് ഇന്ത്യയാകും വേദിയാവുക. പിന്നാലെ, മറ്റ് രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് പദ്ധതി. തുടക്കത്തില്‍ പുരുഷ വിഭാഗത്തില്‍ വരുന്ന ടൂര്‍ണമെന്റ് വൈകാതെ, വനിതാ വിഭാഗത്തിലും ആരംഭിക്കും.
ജൂനിയര്‍ ടെസ്റ്റ് ട്വന്റി ചാമ്പ്യന്‍ഷിപ്പ് എന്ന പേരിലായിരിക്കും ടൂര്‍ണമെന്റ് അറിയപ്പെടുക. ആറ് ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകും. മൂന്ന് ടീമുകള്‍ ലണ്ടന്‍, ദുബായ്, ഒരു അമേരിക്കന്‍ നഗരം എന്നിവയെ പ്രതിനിധീകരിച്ച് പങ്കെടുക്കുമ്പോള്‍ ബാക്കിയുള്ള ടീമുകള്‍ ഇന്ത്യയില്‍ നിന്നാവും. ഓരോ ഫ്രാഞ്ചൈസിക്കും 16 താരങ്ങളെ ടീമിലെത്തിക്കാനാവും. അതില്‍ എട്ട് പേർ വിദേശികളും എട്ട് പേർ ഇന്ത്യന്‍ താരങ്ങളുമായിരിക്കണം.
നിലവില്‍ ക്രിക്കറ്റില്‍ നിലനില്‍ക്കുന്ന രണ്ട് ഫോര്‍മാറ്റുകള്‍ കോര്‍ത്തിണക്കുന്നതിനാല്‍ തന്നെ ഇരു ഫോര്‍മാറ്റിലെയും പല നിയമങ്ങളും മറ്റും കൂട്ടിയിണക്കിയാണ് ടെസ്റ്റ് ട്വന്റി കളിക്കുക. ടെസ്റ്റിലേത് എന്ന പോലെ ഓരോ ടീമും രണ്ട് ഇന്നിങ്‌സ് വീതം കളിക്കും. എന്നാല്‍ ഓരോ ഇന്നിങ്‌സിലും 20 ഓവറുകള്‍ മാത്രമാണ് ഉണ്ടാവുക.
ടി – 20 ലേത് പോലെ മത്സരത്തിനിടയില്‍ ഓരോ ടീമിനും ഓരോ പവര്‍പ്ലേ വീതമുണ്ടാവും. നാല് ഓവറുകളുടേതായിരിക്കും ഇത്. എന്നാല്‍ ഇത് ഒരു ഇന്നിങ്‌സില്‍ മാത്രമേ ഉപയോഗിക്കാനാവൂ. അത് എപ്പോള്‍ വേണമെന്ന് ക്യാപ്റ്റന് തീരുമാനിക്കാം.
ടെസ്റ്റ് ഫോര്‍മാറ്റിലേത് പോലെ ടെസ്റ്റ് ട്വന്റിയിലും ഫോളോ ഓണ്‍ ഉണ്ടാവുമെന്നതാണ് ഈ ടൂർണമെന്റിന്റെ പ്രത്യേകത.75 റൺസോ അതിൽ അധികമോ വന്നാലാണ് ഇത് ഉപയോഗിക്കാനാവുക.
പുതിയ ടൂര്‍ണമെന്റിന്റെ മറ്റൊരു പ്രത്യേകത ഒരു ടീമിന്റെ മൂന്ന് ഓവറുകള്‍ എതിര്‍ ടീമിന് ലഭിക്കുമെന്നതാണ്. ആദ്യം ബാറ്റ് ചെയ്യുന്ന ടീം ഒന്നാം ഇന്നിങ്‌സില്‍ 10 ഓവറിനുള്ളില്‍ പുറത്തായാലാണ് ഇതിന് സാധിക്കുക. എന്നാല്‍, രണ്ടാം ഇന്നിങ്‌സില്‍ ഇത് സാധ്യമല്ല.
ബൗളര്‍മാരെ ഉപയോഗിക്കുന്നതിലും ഈ ഫോര്‍മാറ്റില്‍ പുതിയ ഘടന തന്നെയാണുള്ളത്. പരമാവധി അഞ്ച് ബൗളര്‍മാരെ ഉപയോഗിക്കാം. ഒരു ബൗളര്‍ക്ക് രണ്ട് ഇന്നിങ്സിലുമായി എട്ട് ഓവറുകള്‍ എറിയാം. അത് ഇരു ഇന്നിങ്‌സില്‍ തുല്യമായി തന്നെ വേണമെന്നില്ല.
മറ്റെല്ലാ ഫോര്‍മാറ്റിലുമുള്ളത് പോലെ വൈഡും നോ ബോളും റിവ്യൂ സിസ്റ്റവുമെല്ലാം ടെസ്റ്റ് ട്വന്റിയിലുമുണ്ട്. ഇത് ചെറിയ മാറ്റങ്ങളോടെയാണ് പുതിയ ഫോര്‍മാറ്റിലുണ്ടാവുക. ഒപ്പം, ഒരു ഇന്നിങ്സ് തീര്‍ക്കാന്‍ നിശ്ചിത സമയപരിധിയുമുണ്ട്. ഇത് ലംഘിച്ചാല്‍ അഞ്ച് റണ്‍സ് പെനല്‍റ്റിയോ ഒരു ടൈം ഔട്ട് നഷ്ടമാവുന്നതിലേക്കോ നയിക്കും.
പുതിയ മാറ്റങ്ങളുമായി രണ്ട് ഫോര്‍മാറ്റിനെ ഒന്നിപ്പിച്ച് എത്തുന്ന ഈ ടെസ്റ്റ് ട്വന്റി ക്രിക്കറ്റ് മൈതാനങ്ങള്‍ പൂരപ്പറമ്പാക്കി മാറ്റുമെന്ന് ഉറപ്പാണ്. ഒപ്പം, വൈഭവ് സൂര്യവംശി പോലുള്ള ഒരുപാട് താരങ്ങളെ വെളിച്ചത്തെത്തിക്കുകയും ചെയ്യും.
Content Highlight: A new format introduced in Cricket – Test Twenty