തിരുവനന്തപുരം: സംസ്ഥാന പൊലീസിനെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി മൂന്ന് പദ്ധതികള്‍ക്ക് തുടക്കമിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. റോഡപകടങ്ങള്‍ പ്രതിരോധിക്കുന്നതിനായി വികസിപ്പിച്ചെടുത്ത ‘എ.ഐ. ട്രാക്ക്’, സ്മാര്‍ട്ട് പോലീസിങ് ഉറപ്പാക്കുന്നതിനുള്ള ‘ഇന്റഗ്രേറ്റഡ് ബീറ്റ് മാനേജ്‌മെന്റ് സിസ്റ്റം’, സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ‘സൈബര്‍ വാള്‍’ എന്നീ മൂന്ന് പദ്ധതികള്‍ക്കാണ് മന്ത്രി തുടക്കമിട്ടത്.
സംസ്ഥാന സര്‍ക്കാരിന്റെ നൂറിന പരിപാടികളുടെ ഭാഗമായി ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ സംവിധാനങ്ങള്‍ ആരംഭിച്ചതെന്ന് മന്ത്രി രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും പൊലീസ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമാണ് പദ്ധതികള്‍ ലക്ഷ്യമിടുന്നത്.
റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിച്ച സംവിധാനമാണ് എ.ഐ. ട്രാക്ക്. റോഡുകളിലെ അപകടസാധ്യതകളെയും ഗതാഗത സാഹചര്യങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാനും ആവശ്യമായ വിവരങ്ങള്‍ സമയബന്ധിതമായി ജനങ്ങളിലെത്തിക്കാനും സംവിധാനത്തിലൂടെ കഴിയും.
റോഡപകടങ്ങള്‍ പരമാവധി കുറയ്ക്കുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അപകടങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുകയുമാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. റോഡപകടങ്ങള്‍ പ്രതിരോധിക്കുന്നതിനായി കേരള പൊലീസ് നടപ്പാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഇടപെടലുകളിലൊന്നാണ് എ.ഐ. ട്രാക്കെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസിന്റെ സേവനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ ജനങ്ങളിലെത്തിക്കുന്നതിനും പോലീസിന്റെ പെട്രോളിങ് സംവിധാനം കാര്യക്ഷമമാക്കുന്നതിനുമാണ് ഇന്റഗ്രേറ്റഡ് ബീറ്റ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്നത്. പൊലീസിന്റെ വിവിധ പെട്രോളിംഗ് സംവിധാനങ്ങളെ ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് ഏകോപിപ്പിക്കാന്‍ ഇതിലൂടെ കഴിയും. പൊലീസിന്റെ പെട്രോളിങ് പ്രവര്‍ത്തനങ്ങള്‍ ഒറ്റ പ്ലാറ്റ്ഫോമില്‍ ഏകോപിപ്പിക്കുന്നതിലൂടെ അടിയന്തര സാഹചര്യങ്ങളില്‍ കൂടുതല്‍ വേഗത്തില്‍ ഇടപെടാനും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനും സാധിക്കും.
രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനും സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി രൂപകല്‍പ്പന ചെയ്ത സംവിധാനമാണ് സൈബര്‍ വാള്‍. സൈബര്‍ സുരക്ഷാ ബോധവത്കരണം, വിവരങ്ങളുടെ പരിശോധന, അടിയന്തര സഹായം തുടങ്ങിയ സേവനങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ലഭ്യമാക്കുന്ന ഡിജിറ്റല്‍ സെക്യൂരിറ്റി അസിസ്റ്റന്റായി സൈബര്‍ വാള്‍ പ്രവര്‍ത്തിക്കും.
കേരള പൊലീസിലെ സമര്‍ഥരായ ഉദ്യോഗസ്ഥരാണ് സംവിധാനം വികസിപ്പിച്ചത്. പുതിയ മൂന്ന് സംവിധാനങ്ങളും ജനങ്ങള്‍ക്കിടയിലെ ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. 600ലധികം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതിനകം പരിശീലനം നല്‍കിയിട്ടുണ്ടെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
കേരള പൊലീസിന്റെ സാങ്കേതിക ശേഷി കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ജനങ്ങള്‍ക്ക് സുരക്ഷിതവും വേഗതയേറിയതുമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പുകളാണ് മൂന്ന് പുതിയ പദ്ധതികളെന്നും മന്ത്രി പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, എ.ഡി.ജി.പി ലോ ആന്‍ഡ് ഓര്‍ഡര്‍ പി. വിജയന്‍, പൊലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രന്‍, സൈബര്‍ സെക്യൂരിറ്റി ഐ.ജി പി. പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlight: A New Face for Smart Policing: AI Track and Cyber Wall; Home Minister Launches New Projects