മലയാളികൾക്ക് പ്രിയങ്കരിയാണ് സംഗീത. ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന സംഗീത ഒരുകാലത്ത് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ തിരക്കുള്ള നടിയായിരുന്നു.
ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് സംഗീതയെ തേടിയെത്തിയിരുന്നു. കല്യാണത്തോടെ വെള്ളിത്തിരയിൽ നിന്നും ഇടവേളയെടുത്ത നടി വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്.
മലയാളത്തിൽ സംഗീത ആദ്യമായി അഭിനയിച്ചത് മോഹൻലാലിനൊപ്പം നാടോടി എന്ന ചിത്രത്തിലാണ്. ഹൃദയപൂർവ്വത്തിൽ വീണ്ടും ഒന്നിച്ചിരിക്കുകയാണ് ഇരുവരും. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് സംഗീത മാധവ്.
‘മലയാളത്തിൽ ആദ്യം അഭിനയിച്ച ചിത്രമാണ് നാടോടി. മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ലാൽ സാറിനൊപ്പം വീണ്ടും അഭിനയിച്ചത്.
ഹൃദയപൂർവ്വത്തിന്റെ ലൊക്കേഷനിൽ വെച്ച് ആദ്യത്തെ ദിവസം ലാൽ സാറിനെ കണ്ടപ്പോൾ അതിനെപ്പറ്റി സംസാരിച്ചിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത നാടോടിയിൽ അഭിനയിക്കുന്നത്. മലയാളത്തിലെ എന്റെ ആദ്യത്തെ സിനിമ. അതും മോഹൻലാൽ, സുരേഷ്‌ഗോപി, എൻ.എൻ. പിള്ള, ബാബു ആന്റണി, മോഹിനി തുടങ്ങിയ അഭിനയപ്രതിഭകൾക്കൊപ്പം. സന്തോഷമായിരുന്നു അന്നുണ്ടായിരുന്നത്,’ സംഗീത പറയുന്നു.
എന്നാലും തനിക്ക് ഭാഷയറിയാത്തതിന്റെ ടെൻഷനു ണ്ടായിരുന്നുവെന്നും അന്ന് നടന്ന പല കാര്യങ്ങളും തനിക്കിപ്പോൾ ഓർമയില്ലെന്നും സംഗീത കൂട്ടിച്ചേർത്തു. അന്ന് താൻ ചെറിയ കുട്ടിയായിരുന്നെന്നും പക്വതയില്ലായിരുന്നുവെന്നും സംഗീത പറയുന്നു.
ആസ്വദിച്ച് സിനിമ ചെയ്തിരുന്ന നാളുകളായിരുന്നില്ല അതെന്നും ഇപ്പോഴാണ് എല്ലാം ആസ്വദിച്ച് മനസിലാക്കി അഭിനയിക്കാൻ തുടങ്ങിയെന്നും സംഗീത കൂട്ടിച്ചേർത്തു.
അതിന് കിട്ടിയ നല്ലൊരു അവസരമായിരുന്നു ഹൃദയപൂർവ്വമെന്നും നല്ല അനുഭവങ്ങളിലൂടെ ഓരോ ദിവസവും കടന്നുപോയെന്നും അവർ പറഞ്ഞു. സ്റ്റാർ & സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംഗീത മാധവ്.
Content Highlight: A movie that was acted with heart and soul says Sangeetha