കളക്ഷന്‍ റെക്കോഡുകള്‍ ഓരോന്നായി തകര്‍ത്ത് മുന്നേറുകയാണ് കന്നഡ ചിത്രം കാന്താര ചാപ്റ്റര്‍ വണ്‍. റിഷബ് ഷെട്ടി സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. 2022ല്‍ റിലീസായ കാന്താരയുടെ പ്രീക്വലായി ഒരുങ്ങിയ ചിത്രം ഗംഭീര വിഷ്വല്‍ എക്‌സ്പീരിയന്‍സാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.
ആറാം നൂറ്റാണ്ടിലെ കദംബ രാജവംശത്തിന്റെയും ദക്ഷിണ കര്‍ണാടകയുടെയും കഥയാണ് ചിത്രം പറയുന്നത്. ആയിരം വര്‍ഷം മുമ്പുള്ള ഒരു ലോകത്തെ വളരെ മനോഹരമായി ചിത്രീകരിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ടെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഗ്രാന്‍ഡ് സ്‌കെയിലിലൊരുങ്ങുന്ന പല വമ്പന്‍ സിനിമകള്‍ക്കും ഉണ്ടായ ചെറിയ മിസ്റ്റേക്ക് കാന്താരക്കും ഉണ്ടായിട്ടുണ്ടെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ചിത്രത്തിലെ ബ്രഹ്‌മകലശ എന്ന ഗാനരംഗത്തിലാണ് മിസ്‌റ്റേക്കുണ്ടെന്ന് കണ്ടുപിടിച്ചിരിക്കുന്നത്. ആള്‍ക്കൂട്ടത്തിന്റെ പിന്നില്‍ കൂട്ടിവെച്ച സാധനങ്ങള്‍ക്കിടയില്‍ ഒരു മിനറല്‍ വാട്ടര്‍ ക്യാന്‍ അബദ്ധത്തില്‍ പെട്ടതാണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍ കണ്ടുപിടിച്ചത്. ‘ആറാം നൂറ്റാണ്ടിലും മിനറല്‍ വാട്ടര്‍ ഉപയോഗിച്ച ജനത’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്.
പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും ധാരാളം കമന്റുകള്‍ വരുന്നുണ്ട്. ലോകമെമ്പാടും ആരാധകരുള്ള ഗെയിം ഓഫ് ത്രോണ്‍സിന്റെ എപ്പിസോഡില്‍ സ്റ്റാര്‍ബക്‌സിന്റെ കപ്പ് കണ്ടതുപോലെയാണെന്നാണ് പ്രധാന കമന്റ്. അത്രയും വലിയ ചിത്രത്തില്‍ ഈ ചെറിയ മിസ്റ്റേക്ക് കാര്യമാക്കണ്ട എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
‘സംവിധാനവും അഭിനയവും ഒരുമിച്ച് കൊണ്ടുപോകുന്നതിനിടയില്‍ റിഷബ് ഷെട്ടിക്ക് ഇത് ശ്രദ്ധിക്കാന്‍ സമയം കിട്ടിയിരുന്നില്ല’, ‘ആര്‍ട്ട് ഡിപ്പാര്‍ട്‌മെന്റും അസിസ്റ്റന്റ് ഡയറക്ടര്‍മാരും നോക്കേണ്ട കാര്യമാണിത്’, ‘എല്ലാ ഡിപ്പാര്‍ട്‌മെന്റും ഒരുപോലെ കാണിച്ച അശ്രദ്ധ കണ്ടുപിടിച്ചയാള്‍ നിസ്സാരക്കാരനല്ല’ എന്നിങ്ങനെ കമന്റുകളുണ്ട്. എന്നാല്‍ ഇതിനിടയില്‍ രസകരമായ കമന്റുകളും ചിലര്‍ പങ്കുവെക്കുന്നുണ്ട്.
‘പുരാതന ഭാരതത്തിലാണ് ആദ്യമായി പ്ലാസ്റ്റിക് കണ്ടുപിടിച്ചതെന്ന് ഇപ്പോള്‍ മനസിലായില്ലേ’, ‘കാന്താര ഫാന്റസി മാത്രമല്ല, ടൈം ട്രാവലും കൂടിയുള്ള സിനിമയാണ്’, ‘പ്ലാസ്റ്റിക്കല്ല, സ്ഫടികമാണെന്ന് പറഞ്ഞ് അഡ്ജസ്റ്റ് ചെയ്യാം’, ‘ശുദ്ധമായ ബിസ്‌ലെരി വെള്ളം കൊടുത്തത് തെറ്റാണോ’ എന്നിങ്ങനെ ചിരിപ്പിക്കുന്ന ധാരാളം കമന്റുകളുണ്ട്.
Content Highlight: A Mineral Water can noticed in Kantara Chapter One movie