| Tuesday, 3rd March 2026, 5:59 pm

കുവൈറ്റ് യുദ്ധം മുതല്‍ കോലീബി സഖ്യം വരെ കണ്ട മനുഷ്യന്‍

ജിതിന്‍ ഗോപാലകൃഷ്ണന്‍

കുവൈറ്റ് യുദ്ധം മുതല്‍ കോലീബി സഖ്യം വരെ കണ്ട മനുഷ്യന്‍. കെ.പി ഉണ്ണികൃഷ്ണന്‍ വിടവാങ്ങി. 1971 മുതല്‍ 1996 വരെ 25 വര്‍ഷം തുടര്‍ച്ചയായി വടകരയെ ലോകസഭയില്‍ പ്രതിനിധീകരിച്ചത് കെ.പി ഉണ്ണികൃഷ്ണനായിരുന്നു.

ദല്‍ഹിയില്‍ മുഴുവന്‍ സമയ പത്രപ്രവര്‍ത്തകനായിരുന്ന കെ.പി ഉണ്ണികൃഷ്ണനെ സജീവരാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് ഇന്ദിരാ ഗാന്ധിയായിരുന്നു. 71 ല്‍ ആദ്യമായി ലോക്‌സഭയില്‍ എത്തുമ്പോള്‍ ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്നു.

1980 വരെ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കാരനായിരുന്ന ഉണ്ണികൃഷ്ണന്‍ 80 ല്‍ കോണ്‍ഗ്രസ്സ് വിട്ട് LDF സ്ഥാനാര്‍ത്ഥിയായി വടകര മണ്ഡലം പിടിച്ചു. 84 ലും 89ലും 91ലും ഇടതുസ്ഥാനാര്‍ത്ഥിയായി വിജയം ആവര്‍ത്തിച്ചു. 89 ലെ വി.പി സിങ് മന്ത്രിസഭയില്‍ ക്യാബിനറ്റ് റാങ്കോടെ കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍, ഷിപ്പിംഗ്, ഉപരിതല ഗതാഗത മന്ത്രിയായിരുന്നു.

കേരളത്തില്‍ നിന്നുള്ള പ്രവാസികളെ ആശങ്കയിലാഴ്ത്തിയ സംഭവമായിരുന്നു 1990-ലെ ഇറാഖിന്റെ കുവൈത്ത് ആക്രമണവും തുടര്‍ന്നുള്ള യുദ്ധവും. ഒന്നര ലക്ഷത്തോളം മലയാളികള്‍ അന്ന് കുവൈത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

കെ.പി ഉണ്ണികൃഷ്ണന്‍

വി.പി. സിങ് മന്ത്രിസഭയിലെ രാഷ്ട്രീയ കാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് കമ്മിറ്റി അംഗമായിരുന്ന ഉണ്ണിക്കൃഷ്ണന്‍ കുവൈത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

ഐ.കെ. ഗുജ്റാളിനെ ഈ വിഷയം കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തി. ഒരു ഘട്ടത്തില്‍ ദൗത്യം ഉണ്ണികൃഷ്ണന്‍ തന്നെ ഏറ്റെടുക്കുകയും ചെയ്തു.

സദ്ദാം ഹുസൈനെ പിടികൂടാന്‍ യു.എസ് സൈന്യം വലിയ രീതിയില്‍ കോപ്പുകൂട്ടിയ ഘട്ടത്തിലാണ് പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഉണ്ണികൃഷ്ണന്‍ ബാഗ്ദാദിലേക്ക് പോയത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ടി.കെ ഹംസയും കൂടെയുണ്ടായിരുന്നു.

രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് കെ.പി ഉണ്ണികൃഷ്ണന്‍ സദ്ദാമിനെ കണ്ടത്. മലയാളി അഭയാര്‍ത്ഥികളെ സുരക്ഷിതമായി ജോര്‍ദാനിലെത്തിക്കാന്‍ സദ്ദാം എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

ഇന്ത്യന്‍ വിമാനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും അമേരിക്കയുടെ ഒരു സഹായവും സ്വീകരിക്കാന്‍ പാടില്ലെന്നുമുള്ള സദ്ദാമിന്റെ നിബന്ധന ഉണ്ണികൃഷ്ണന്‍ അംഗീകരിച്ചു. ലോകം അതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ അഭയാര്‍ത്ഥി പലായനത്തിന് നേതൃത്വം നല്‍കാന്‍ കേന്ദ്രമന്ത്രി എന്ന നിലയില്‍ ഉണ്ണിക്കൃഷ്ണനു കഴിഞ്ഞു.

രാമജന്മഭൂമി സമരങ്ങളുടെ ഭാഗമായി എല്‍.കെ അദ്വാനി രഥയാത്രയുമായി വിഷം കലക്കാനിറങ്ങിയ ഘട്ടമായിരുന്നു അത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാര്‍ അദ്വാനിയെ പിടിച്ചുകെട്ടാന്‍ തയ്യാറാവാതെ നിന്നപ്പോള്‍ പ്രധാനമന്ത്രി വി.പി സിങ്ങിന്റെ നിര്‍ദ്ദേശപ്രകാരം അതിനു ധൈര്യം കാട്ടിയത് അയാളുടെ പാര്‍ട്ടിക്കാരനായ ലാലു പ്രസാദ് യാദവായിരുന്നു.

കെ.പി ഉണ്ണികൃഷ്ണനെപ്പോലുള്ള കാബിനറ്റ് മന്ത്രിമാര്‍ പ്രധാനമന്ത്രിക്കു കരുത്തേകി. 1990 ഒക്ടോബര്‍ 23-നാണ് ലാലു പ്രസാദ് യാദവിന്റെ പൊലീസ് സമഷ്ടിപൂരില്‍ വെച്ച് അദ്വാനിയെ അറസ്റ്റുചെയ്തത്. 1990 നവംബര്‍ 7 ന് അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒരുമിച്ചു നിന്ന് വി.പി സിങ്ങിനെ താഴെയിറക്കി.

രഥയാത്ര തടഞ്ഞ കുറ്റത്തിനും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചതിനുമാണ് കോണ്‍ഗ്രസും ബി.ജെ.പിയും വി.പി സിങ്ങിനെതിരെ ഒത്തുചേര്‍ന്നത്. ആ ഒത്തൊരുമ പിന്നീട് വടകരയില്‍ ഉണ്ണികൃഷ്ണനെതിരെയുമുണ്ടായി.

കെ.പി ഉണ്ണികൃഷ്ണന്‍

91-ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി വടകരയില്‍ വീണ്ടും കെ.പി ഉണ്ണികൃഷ്ണനെ മുന്നണി തീരുമാനിച്ചു. ആ തെരഞ്ഞെടുപ്പില്‍ ഉണ്ണികൃഷ്ണനെതിരെയായിരുന്നു കോലീബി സഖ്യം അവതരിച്ചത്.

അഡ്വ. എം രത്‌നസിങ് കോലീബി സ്ഥാനാര്‍ത്ഥിയായി ഉണ്ണികൃഷ്ണനെ നേരിട്ടു. ബി.ജെ.പിക്കും യു.ഡി.എഫിനും ഒറ്റ സ്ഥാനാര്‍ഥി. കുവൈറ്റ് യുദ്ധകാലത്ത് ഉണ്ണികൃഷ്ണനൊപ്പം ബാഗ്ദാദില്‍ പോയി മലയാളികളെ സുരക്ഷിതമായി കേരളത്തിലെത്തിക്കാന്‍ നേതൃത്വം നല്‍കിയ ടി.കെ ഹംസ മത്സരിച്ച ബേപ്പൂരും കോലീബി സഖ്യം പരസ്യമായി അരങ്ങേറി.

രാമജന്മഭൂമി മൂവ്‌മെന്റ് രാജ്യത്തെ കലാപ കലുഷിതമാക്കിക്കൊണ്ടിരിക്കുന്ന കാലത്താണ് കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും മുന്‍കൈയില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ പരസ്യമായ കോലീബി സഖ്യം അവതരിച്ചത് എന്നോര്‍ക്കണം.

പെട്ടന്നൊരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതൊന്നും ആയിരുന്നില്ല ഈ കോലീബി. വടകര ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബേപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മാത്രമല്ല വാര്‍ഡുമുതലങ്ങോട്ട് കേരളത്തിലങ്ങോളം അങ്ങനെയൊരു സഖ്യസാധ്യത തേടാന്‍ ഇക്കൂട്ടര്‍ ശ്രമിച്ചിരുന്നു.

കോണ്‍ഗ്രസ് – ലീഗ് – ബി.ജെ.പി നേതൃത്വങ്ങള്‍ തമ്മില്‍ ഏറെക്കാലമായി നടത്തിയ ചര്‍ച്ചകളുടെ പരിസമാപ്തിയായിരുന്നു കോലീബി സഖ്യം. തൊണ്ണൂറുകള്‍ പോലെ പരിവാര്‍ അത്രയും അഗ്രസ്സീവായി ഹിന്ദുത്വ രാഷ്ട്രീയം പറഞ്ഞിരുന്ന കാലത്തുപോലും RSS-BJP യെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പരസ്യമായി ആശ്ലേഷിക്കാന്‍ ഒരു ഉളുപ്പും കോണ്‍ഗ്രസ്-ലീഗ് നേതൃത്വങ്ങള്‍ക്കുണ്ടായിരുന്നില്ല.

ബേപ്പൂരിനും വടകരയ്ക്കും പുറമേ മഞ്ചേശ്വരത്ത് കെ.ജി മാരാര്‍, തിരുവനന്തപുരം ഈസ്റ്റില്‍ കെ രാമന്‍പിള്ള, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഒ. രാജഗോപാല്‍ എന്നീ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കും യു.ഡി.എഫ് രഹസ്യ പിന്തുണ നല്‍കാന്‍ ധാരണയിലെത്തി. പകരം ബാക്കി മുഴുവന്‍ മണ്ഡലങ്ങളിലും ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിനു നല്‍കും എന്നായിരുന്നു ഡീല്‍.

കെ.പി ഉണ്ണികൃഷ്ണന്‍

ബി.ജെ.പി സഹായത്തില്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചെങ്കിലും പരസ്യ കോലീബി സഖ്യത്തെ കേരളം തൂത്തെറിഞ്ഞു. വടകരയിലെയും ബേപ്പൂരിലെയും ജനത തങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധത തെളിയിച്ചു. ഇടതുപക്ഷത്തിനും ഉണ്ണികൃഷ്ണനുമായിരുന്നു വടകരയിലെ ജയം.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന മലയാളിയാണ് വിടവാങ്ങിയത്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ കെ.പി ഉണ്ണികൃഷ്ണനോളം അടുത്തുനിന്നും വിലയിരുത്തിയ മറ്റൊരു പത്ര പ്രവര്‍ത്തകനുണ്ടാവില്ല. ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ണികൃഷ്ണനോളം നിറഞ്ഞുനിന്ന മറ്റൊരു കോണ്‍ഗ്രസ്സുകാരനും സമീപകാലത്ത് കേരളത്തില്‍ നിന്നുണ്ടായിട്ടുമില്ല.

കോണ്‍ഗ്രസുകാരനില്‍ നിന്നും വടകരയിലെ ഇടതുതേരോട്ടത്തിന്റെ മുന്നണിപ്പോരാളിയായി മാറുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്സ് ഹിന്ദുത്വ രാഷ്ട്രീയത്തിന് അറിയറവു പറഞ്ഞതാണ് ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കു കാരണമെന്ന് എക്കാലവും വിലയിരുത്തിയയാളാണ് കെ.പി ഉണ്ണികൃഷ്ണന്‍.

വടകരയുടെ മണ്ണില്‍ കോലീബിയെ നേരിടേണ്ടി വന്ന ഉണ്ണികൃഷ്ണന് മറ്റാരേക്കാളും അതു മനസ്സിലാകുമല്ലോ. കെ.പി ഉണ്ണികൃഷ്ണന് അന്ത്യാഭിവാദ്യങ്ങള്‍.

ജിതിന്‍ ഗോപാലകൃഷ്ണന്‍

We use cookies to give you the best possible experience. Learn more