| Tuesday, 4th February 2025, 9:08 pm

പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികളും നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പലും തമ്മിലുള്ള കൂടിക്കാഴ്ച നടന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രവാസി ലീഗല്‍ സെല്‍ (PLC) പ്രതിനിധികളും നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. വാസുകി ഐ.എ.എസുമായുള്ള കൂടിക്കാഴ്ച നടന്നു. ഫെബ്രുവരി മൂന്ന് തിങ്കളാഴ്ച സെക്രട്ടറിയേറ്റിലെ ഡോ. വാസുകിയുടെ ചേമ്പറിലായിരുന്നു കൂടിക്കാഴ്ച.

കഴിഞ്ഞ നവംബര്‍ 26ന് നടന്ന കൂടിക്കാഴ്ചയുടെ തുടര്‍നടപടികളുടെ ഭാഗമായിരുന്നു ഫെബ്രുവരി മൂന്നിലെ മീറ്റിങ്. നോര്‍ക്ക റൂട്‌സും പ്രവാസി ക്ഷേമനിധി ബോര്‍ഡുമായി ബന്ധപ്പെട്ട ഏകദേശം 25ഓളം വിഷയങ്ങളില്‍ പി.എല്‍.സി. കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച.

പി.എല്‍.സി ഉന്നയിച്ച നിരവധി വിഷയങ്ങളില്‍ പലതിലും ഗുണപരമായ സമീപനമാണ് നോര്‍ക്ക സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.

തത്വത്തില്‍ പ്രാഥമികമായി അംഗീകരിച്ചതില്‍ ചിലത് താഴെപ്പറയുന്നു:

  1. നോര്‍ക്ക റൂട്‌സിലും ക്ഷേമനിധി ബോര്‍ഡിലും കരാര്‍ അടിസ്ഥാനത്തിലും താത്ക്കാലികാടിസ്ഥാനത്തിലും ഉണ്ടാകുന്ന ഒഴിവുകളില്‍ നിശ്ചിത ശതമാനം അര്‍ഹരായ പ്രവാസികള്‍ക്ക് സംവരണം ചെയ്യാവുന്നതാണ്
  2. നോര്‍ക്ക റൂട്ട്‌സിലെയും ക്ഷേമനിധി ബോര്‍ഡിലെയും പ്രവാസികളുടെ ബന്ധപ്പെട്ട തര്‍ക്കപരിഹാര സെല്‍ രൂപീകരിക്കാവുന്നതാണ്
  3. പബ്ലിക് -പ്രൈവറ്റ് പങ്കാളിത്തത്തിന്റെ (PPP) അടിസ്ഥാനത്തില്‍ മടങ്ങിവരുന്ന പ്രവാസികള്‍ക്കുവേണ്ടി എല്ലാ ജില്ലകളിലും കെയര്‍ ഹോമുകളും പ്രവാസി സ്‌പെഷ്യാലിറ്റി ആശുപത്രികളും രൂപീകരിക്കാവുന്നതാണ്. പ്രവാസി ഹോമുകള്‍ നിര്‍മിക്കുന്നതിന്റെ ആദ്യപടിയായി മാവേലിക്കരയില്‍ ആദ്യ സംരംഭം ആരംഭിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മീറ്റിങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അജിത് കൊളശ്ശേരി പറഞ്ഞു
  4. ക്ഷേമനിധി ബോര്‍ഡുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഡിജിറ്റലൈസ് ചെയ്യുന്ന പ്രവര്‍ത്തനം അതിവേഗം നടക്കുന്നതായി ക്ഷേമനിധി ബോര്‍ഡ് സി.ഇ.ഒ ഗീതാലക്ഷ്മി എം.ബി. പറഞ്ഞു
  5. എന്‍.ആര്‍.ഐ കമ്മീഷന്‍ ചെയര്‍മാനെ ഉടനെ നിയമിക്കുന്നതാണ്. ബന്ധപ്പെട്ട ഫയല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്
  6. നോര്‍ക്ക റൂട്‌സിന്റെ സാന്ത്വന/ കാരുണ്യം പദ്ധതികള്‍ക്ക് അര്‍ഹരാവുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കും (ഇപ്പോള്‍ ഒന്നര ലക്ഷം രൂപയാണ് വാര്‍ഷിക വരുമാന പരിധി)
  7. നിലവിലുള്ള ഇന്‍വാലിഡ് പെന്‍ഷന്റെ നിര്‍വചനം വിപുലീകരിച്ച് തീരാവ്യാധികളും ഗുരുതര രോഗങ്ങള്‍ ബാധിച്ചവരെയും ഉള്‍പ്പെടുത്താവുന്നതാണ്
  8. ഓണ്‍ലൈന്‍ പണമടക്കുന്നതിന് ഇപ്പോള്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടിന് പരിഹാരമായി ബാങ്ക് ഓഫ് ബറോഡക്ക് പുറമെ കൂടുതല്‍ ബാങ്കുകളെക്കൂടി ഉള്‍പ്പെടുത്തും.

പി.എല്‍.സി കൊടുത്ത നിവേദനങ്ങള്‍ ആഭ്യന്തരമായി ചര്‍ച്ച ചെയ്തതിനുശേഷം നയപരമായ തീരുമാനം ആവശ്യമുള്ളവ മന്ത്രിസഭയുടെ പരിഗണനക്ക് വെക്കാമെന്നും നോര്‍ക്ക സെക്രട്ടറി പറഞ്ഞു. നിവേദനങ്ങളില്‍ കൂടുതല്‍ വ്യക്തത ആവശ്യമുണ്ടെങ്കില്‍ തുടര്‍ ചര്‍ച്ചകള്‍ പി.എല്‍.സിയുമായി നടത്താമെന്നും ഡോ. വാസുകി പറഞ്ഞു.

നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പുറമെ നോര്‍ക്ക റൂട്‌സ് സി.ഇ.ഒ അജിത് കൊളശ്ശേരി, ക്ഷേമനിധി ബോര്‍ഡ് സി.ഇ.ഒ ഗീതാലക്ഷ്മി എം.ബി, നോര്‍ക്ക റൂട്ട്‌സിലെയും ക്ഷേമനിധി ബോര്‍ഡിലെയും മറ്റ് നിരവധി ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

പ്രവാസി ലീഗല്‍ സെല്ലിനെ പ്രതിനിധീകരിച്ച് അഡ്വ. ആര്‍ മുരളീധരന്‍, ഷീബ രാമചന്ദ്രന്‍ (എറണാകുളം), ബെന്നി പേരികിലാത്ത് (ഇടുക്കി), ബഷീര്‍ പാണ്ടിക്കാട് (മലപ്പുറം), ലാല്‍ജി ജോര്‍ജ് (കോട്ടയം), ഷെരിഫ് കൊട്ടാരക്കര (കൊല്ലം), ശ്രീകുമാര്‍, ജിഹാംഗിര്‍, അനില്‍ അളകാപുരി, നിയാസ്, റഷീദ് കോട്ടൂര്‍, റോഷന്‍ പുത്തന്‍പറമ്പില്‍, നന്ദഗോപകുമാര്‍, എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Content Highlight: A meeting was held between the PLC representatives and the principal of the NORCA department

Latest Stories

We use cookies to give you the best possible experience. Learn more