| Tuesday, 20th October 2026, 2:43 am

ലഹരിമുക്ത ഭാരതത്തിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ യോഗം വിളിക്കണം; അമിത് ഷായ്ക്ക് കത്തയച്ച് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലഹരിമുക്ത ഭാരതത്തിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ യോഗം വിളിക്കണം എന്ന ആവശ്യമുന്നയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

കേരളം നടപ്പാക്കിയ ‘ഓപ്പറേഷന്‍ തൂഫാന്‍’ രാജ്യത്തിന് നല്‍കുന്ന പാഠം വളരെ വ്യക്തമാണെന്നും മഞ്ചേരിയില്‍ പിടികൂടിയ 97 ഗ്രാം MDMAയുടെ അന്വേഷണം കോയമ്പത്തൂരിലെ 13 കിലോഗ്രാം ലഹരിയുടെ സംഭരണകേന്ദ്രത്തിലേക്കും ദല്‍ഹി, നോയിഡ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കുമാണ് എത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

‘609 ഗ്രാം ഹെറോയിന്റെ ഉറവിടം തേടിയുള്ള അന്വേഷണം അസമിലും ബെംഗളൂരുവിലും ദല്‍ഹിയിലുമുള്ള വിദേശ പൗരന്മാരിലേക്കും എത്തി. കേരളത്തില്‍ പിടികൂടുന്ന ലഹരിയുടെ പിന്നില്‍ സംസ്ഥാനത്തിന് പുറത്തേക്കും വിദേശത്തേക്കും നീളുന്ന വന്‍ ശൃംഖലകളുണ്ടെന്ന യാഥാര്‍ഥ്യം ഈ കേസുകള്‍ വ്യക്തമാക്കുന്നു

അതുകൊണ്ടുതന്നെ ഇതില്‍ അടിയന്തരമായ ദേശീയ ഇടപെടല്‍ ഉണ്ടായേ തീരൂ.
നിലവിലെ നിയമത്തിലെ പഴുതുകള്‍ മുതലെടുത്താണ് ലഹരിമാഫിയ വിഹരിക്കുന്നത്. വലിയ അളവിലുള്ള ലഹരി ചെറുകിട പാക്കറ്റുകളാക്കി വിതരണം ചെയ്യുന്നത്, പുതിയ സിന്തറ്റിക് ലഹരിവസ്തുക്കള്‍ വിപണിയിലെത്തിക്കുന്നത്, ഫോറന്‍സിക് പരിശോധനകളിലെ കാലതാമസം മുതലെടുക്കുന്നത്, ബിനാമി അക്കൗണ്ടുകളില്‍ പണം ഒളിപ്പിക്കുന്നത് എന്നിവയെല്ലാം ഇന്നത്തെ നിയമസംവിധാനത്തിന്റെ ദൗര്‍ബല്യമാണ് തുറന്നുകാട്ടുന്നത,’ ചെന്നിത്തല പറഞ്ഞു.

പിടിക്കപ്പെടുന്നവര്‍ നിയമത്തിന്റെ പഴുതുകള്‍ വഴി എളുപ്പത്തില്‍ ജാമ്യം നേടി പുറത്തിറങ്ങി വീണ്ടും ഇതേ ലഹരിവ്യാപാരത്തിലേക്ക് തന്നെ മടങ്ങിയെത്തുന്നു എന്നത് നിലവിലെ നിയമം എത്രത്തോളം ദുര്‍ബലമാണെന്നതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ സ്ഥിതി തുടരാന്‍ അനുവദിച്ചുകൂടാ. ഇത്തരം ആവര്‍ത്തിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ക്ക് അതീവ കര്‍ശനമായ ശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ NDPS നിയമത്തില്‍ അടിമുടി പൊളിച്ചെഴുത്ത് അനിവാര്യമാണ്. കൂടുതല്‍ കര്‍ക്കശമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി നിയമത്തെ കൂടുതല്‍ ശക്തമാക്കണം. ഒപ്പം ലഹരിമാഫിയയുടെ സാമ്പത്തിക സ്രോതസ്സുകള്‍ തകര്‍ക്കാനും അവരുടെ സ്വത്തുക്കള്‍ ഉടനടി കണ്ടുകെട്ടാനുമുള്ള കടുത്ത നടപടികളും ഉണ്ടാകണം.

നിയമത്തിന്റെ സമഗ്രമായ പൊളിച്ചെഴുത്തിനും കര്‍ശനമായ തുടര്‍നടപടികള്‍ക്കും വേണ്ടിയുള്ള വിശദമായ കൂടിയാലോചനകള്‍ക്കായി എല്ലാ സംസ്ഥാനങ്ങളിലെയും ആഭ്യന്തര മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആ യോഗത്തിന് ആതിഥേയത്വം വഹിക്കാന്‍ കേരളം സന്നദ്ധമാണെന്നും കത്തില്‍ അറിയിച്ചിട്ടുണ്ട്.

അടുത്തിടെ അമൃതപുരിയില്‍ വെച്ച് കണ്ടപ്പോള്‍ ‘ഓപ്പറേഷന്‍ തൂഫാന്റെ പ്രവര്‍ത്തനങ്ങളെയും പുരോഗതിയെയും കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അഭിനന്ദനം അറിയിക്കുകയുണ്ടായി. കേന്ദ്ര നേതൃത്വം അതീവ ഗൗരവത്തോടെ കാണുന്ന ഈ വിഷയത്തില്‍, അന്വേഷണ ഏകോപനവും നിയമത്തില്‍ വരുത്തേണ്ട സമഗ്രമായ മാറ്റങ്ങളും എത്രയും വേഗം നടപ്പിലാക്കാന്‍ സാധിച്ചാല്‍ മാത്രമേ മരണത്തിന്റെ ഈ വ്യാപാരികളെ എന്നെന്നേക്കുമായി തുടച്ചുനീക്കാനാകൂ ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത ഒരുമിച്ചുള്ള പോരാട്ടമാണ് ഇനി ആവശ്യം,’ ചെന്നിത്തല പറഞ്ഞു.

Content Highlight: A meeting of the Central and State governments must be convened for a drug-free India; Chennithala writes to Amit Shah.

Latest Stories

We use cookies to give you the best possible experience. Learn more