| Saturday, 12th February 2022, 11:24 am

ഒരു മനുഷ്യന്റെ ചോയിസാണ് എപ്പോള്‍, ആരെ, എങ്ങനെ വിവാഹം ചെയ്യണമെന്നത്; രജിഷ വിജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രം അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറിയ താരമാണ് രജിഷ വിജയന്‍.
ആദ്യ സിനിമയിലൂടെ തന്നെ മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ സാധിച്ചൊരു നായികയാണ് രജിഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയിലെ കഥാപാത്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡും രജിഷയ്ക്ക് ലഭിക്കുകയുണ്ടായി.

ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായതിന് ശേഷമാണ് രജിഷ തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാളികളുടെ മനസിലിടം പിടിക്കാന്‍ താരത്തിനായിട്ടുണ്ട്. മലയാളത്തില്‍ പ്രേക്ഷകപ്രീതി നേടിയ താരം തമിഴിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് രജിഷ ഇപ്പോള്‍. കരിയറിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.

കല്യാണത്തെ കുറിച്ച് ജീവിതത്തില്‍ ഒരുപാട് ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും വിവാഹം ഒരാളുടെ ചോയിസാണെന്നും രജിഷ പറയുന്നു.

‘കല്യാണത്തെക്കുറിച്ചുള്ള ഈ ചോദ്യങ്ങള്‍ കണ്ടുവളരുന്നതാണ്. കല്യാണപ്രായം ആവുന്നതിന് മുന്നേ കല്യാണത്തേക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമൂഹമാണ്. എന്റെയടുത്ത് പക്ഷെ ഈ ചോദ്യം അങ്ങനെയാരും ചോദിക്കാറില്ല. ഞാന്‍ അങ്ങനെയൊരു ഇടം കൊടുക്കാത്തതുകൊണ്ടായിരിക്കാം. പക്ഷെ പരിചയമുള്ള ചേച്ചിമാരോടൊക്കെ ഇങ്ങനെ ചോദിക്കുന്നത് കേട്ടിട്ടുണ്ട്.

ഒരു മനുഷ്യന്റെ ചോയിസാണ് എപ്പോള്‍, ആരെ, എങ്ങനെ വിവാഹം ചെയ്യണമെന്നത്. ആ തെരഞ്ഞെടുപ്പിനുള്ള പ്രാഥമികമായ സ്വാതന്ത്ര്യമെങ്കിലും എല്ലാവര്‍ക്കും കൊടുക്കണം. എത്രയോ പേരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ടിട്ടുണ്ട്,’ താരം പറയുന്നു.

ട്രെക്കിങ്ങിനൊക്കെ പോവാറുണ്ടെങ്കിലും ഉയരും പേടിയാണെന്നും ഏറ്റവും പേടിയുള്ള കാര്യം ലിഫ്റ്റില്‍ കുടുങ്ങിപ്പോവുമോ എന്നതാണെന്നും രജിഷ പറഞ്ഞു.

‘പേടിയുള്ള കാര്യങ്ങളുണ്ട്. ട്രെക്കിങ്ങ് എന്നൊക്കെ പറഞ്ഞ് പോവാറുണ്ട്. പക്ഷെ ഉയരം ഭയങ്കര പേടിയാണ്. പേടിയെ മറികടക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ മുഴുവനായിട്ടില്ല എന്നതാണ് സത്യം. ട്രെക്കിങ്ങിന് പോയിട്ടും ആ പേടി കാര്യമായി അങ്ങോട്ട് മാറുന്നില്ല. ജീവിതത്തിലെ ഏറ്റവും വലിയ പേടി ലിഫ്റ്റില്‍ കുടുങ്ങിപ്പോവുക എന്നുള്ളതാണ്. നാലഞ്ച് തവണ അങ്ങനെ സംഭവിച്ചിട്ടുമുണ്ട്.

എപ്പോള്‍ ലിഫ്റ്റില്‍ കയറിയാലും ഭയങ്കര പേടിയാണ്. കയറുന്നത് മുതല്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും, കുടുങ്ങല്ലെ എന്ന്. അതുകൊണ്ട് ഒറ്റക്ക് ലിഫ്റ്റില്‍ കയറാറില്ല. പിന്നെ ഒരു കാര്യത്തോട് പേടിയുണ്ടെന്ന് കരുതി അതിനെ മുഴുവനായിട്ടും ഒഴിവാക്കാന്‍ പറ്റില്ലല്ലോ,’ രജിഷ കൂട്ടിച്ചേര്‍ത്തു.

ജിയോ ബേബിയുടെ സംവിധാനത്തിലൊരുങ്ങിയ ആന്തോളജി ചിത്രമായ ഫ്രീഡം ഫൈറ്റ് എന്ന സീരീസിലെ ആദ്യചിത്രമായ ‘ഗീതു അണ്‍ചെയിന്‍ഡ്’ല്‍ പ്രധാനവേഷം ചെയ്യുന്നത് രജിഷ വിജയനാണ്.

ആരായിരിക്കണം തന്റെ ജീവിത പങ്കാളിയെന്ന് തെരഞ്ഞെടുക്കാനുള്ള അടിസ്ഥാനപരമായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ പ്രതിനിധിയാണ് രജിഷ അവതരിപ്പിക്കുന്ന ഗീതു.

രാഹുല്‍ ആര്‍. നായര്‍ സംവിധാനം ചെയ്യുന്ന കീടം, കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പകലും പാതിരാവും, ഗൗതം മേനോന്‍, വെങ്കി തുടങ്ങിയവര്‍ അഭിനയിക്കുന്ന വേദ, കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍, രവി തേജയുടെ രാമറാവു ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങളാണ് രജിഷയുടേയതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.


Content Highlights: A man’s choice is when, whom, and how to marry; Rajisha Vijayan

Latest Stories

We use cookies to give you the best possible experience. Learn more