| Sunday, 29th November 2026, 10:54 am

കിവീസിനെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരം പുറത്തായി

ശ്രീരാഗ് പാറക്കല്‍

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ബാറ്റിങ്ങിനിടെ കൈല്‍ ജാമിസണിന്റെ ബൗണ്‍സറുകള്‍ ഹെല്‍മെറ്റില്‍ പതിച്ചതിനെ തുടര്‍ന്ന് പേസര്‍ ആകാശ് ദീപിന് പരിക്ക് കാരണം മത്സരത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങള്‍ നഷ്ടമാകും. പകരക്കാരനായി പ്രസിദ്ധ് കൃഷ്ണയെ സബ്സ്റ്റിറ്റിയൂട്ട് ടീമില്‍ ഉള്‍പ്പെടുത്തി.

ഹാഗ്‌ലി ഓവലില്‍ നടക്കുന്ന മത്സരത്തിന്റെ മൂന്നാം ദിനം ആദ്യ സെഷനില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ആകാശ് ദീപിന്റെ ഹെല്‍മെറ്റില്‍ പന്ത് കൊണ്ടത്. ആദ്യം ബാറ്റിങ് തുടര്‍ന്നെങ്കിലും പിന്നീട് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ കണ്‍കഷന്‍ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ അദ്ദേഹത്തെ മത്സരത്തില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബി.സി.സി.ഐ മെഡിക്കല്‍ ടീം താരത്തെ നിരീക്ഷിച്ചുവരികയാണ്.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തി മികച്ച ബൗളിങ് പ്രകടനം കാഴ്ചവച്ച ആകാശ് ദീപ് പുറത്തായത് ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിലും ആകാശ് ദീപ് തിളങ്ങിയിരുന്നു. 52 പന്തില്‍ നാല് ബൗണ്ടറികള്‍ സഹിതം 29 റണ്‍സ് നേടിയ അദ്ദേഹം, 117/7 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ നിര്‍ണായക മായിരുന്നു താരത്തിന്റെ ബാറ്റിങ്. ധ്രുവ് ജുറേലിനൊപ്പം എട്ടാം വിക്കറ്റില്‍ 46 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ആകാശ് ദീപിന് സാധിച്ചു.

അതേസമയം ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് ഹേഗ്‌ലി ഓവലില്‍ നടക്കുകയാണ്. നിലവില്‍ മൂന്നാം ദിനം പുരോഗമിക്കുമ്പോള്‍ ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 246 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്ത ധ്രുവ് ജുറേലാണ്. 170 പന്തില്‍ 88 റണ്‍സാണ് താരം നേടിയത്. മറ്റാര്‍ക്കും അര്‍ധ സെഞ്ച്വറി നേടാന്‍ സാധിച്ചിരുന്നില്ല.

കിവീസിന് വേണ്ടി കൈല്‍ ജാമിസണ്‍ നാല് വിക്കറ്റ് നേടി തിളങ്ങിയപ്പോള്‍ മാറ്റ് ഹെന്റി, നഥാന്‍ സ്മിത്, ജേക്കബ് ഡഫി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

ആദ്യ ഇന്നിങ്സില്‍ ന്യൂസിലാന്‍ഡ് 356 റണ്‍സാണ് നേടിയത്. 89 റണ്‍സ് നേടിയ ടോം ബ്ലണ്ടലാണ് കിവീസിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത്. ക്യാപ്റ്റന്‍ ടോം ലാതം 128 പന്തില്‍ 59 റണ്‍സും 36 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്സും സ്‌കോര്‍ ഉയര്‍ത്തി.

നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനെത്തിയ ന്യൂസിലാന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് നേടി. രണ്ട് വിക്കറ്റ് നേടി ബുംറയും ഒരു വിക്കറ്റ് നേടി വാഷിങ്ടണ്‍ സുന്ദറും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി.

Content Highlight: A major setback for India on the third day of the second cricket Test against New Zealand

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more