| Sunday, 30th June 2019, 4:59 pm

എ.എം.എം.എ ഭരണഘടനാ ഭേദഗതി ബില്‍ പാസ്സാക്കി; പ്രതിഷേധവുമായി യോഗഹാള്‍ വിട്ടിറങ്ങി പാര്‍വതിയും രേവതിയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാള ചലച്ചിത്ര കൂട്ടായ്മയായ എ.എം.എം.എ ഭരണഘടനാ ഭേദഗതി ബില്‍ പാസ്സാക്കി. സ്ത്രീകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടാണു ഭരണഘടനയില്‍ മാറ്റം വരുന്നതെന്നാണ് അവരുടെ അവകാശവാദം. എന്നാല്‍ ഭേദഗതിക്കെതിരേ ഡബ്ലു.സി.സി രംഗത്തെത്തിക്കഴിഞ്ഞു.

ഭേദഗതിയില്‍ പ്രതിഷേധിച്ച് നടിമാരും ഡബ്ലു.സി.സി അംഗങ്ങളുമായ രേവതിയും പാര്‍വതിയും യോഗ ഹാള്‍ വിട്ടു. തങ്ങളുടെ നിലപാട് രേഖാമൂലം അറിയിക്കുമെന്ന് ഡബ്ലു.സി.സി വ്യക്തമാക്കി.

ഡബ്ലു.സി.സിയുടെ അടിസ്ഥാന ഉദ്ദേശത്തെക്കുറിച്ച് നിശബ്ദത പാലിക്കുന്നുവെന്ന് സംഘടന ആരോപിച്ചു. ഭേദഗതിയില്‍ അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളില്ലെന്നും ഉപസമിതികളില്‍ ഒന്നിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയില്ലെന്നും അവര്‍ ആരോപിച്ചു. നിര്‍ദേശങ്ങളില്‍ ചിലത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും കരട് തയ്യാറാക്കിയത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ താത്പര്യപ്രകാരമാണെന്നും അവര്‍ കുറ്റപ്പെടുത്തി. കരട് തയ്യാറാക്കിയത് ചര്‍ച്ചകളില്ലാതെയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കരടിന്മേല്‍ ഇനിയും ചര്‍ച്ച വേണം. തൊഴില്‍ സുരക്ഷ ഉറപ്പാക്കും വിധം കരടില്‍ ഭേദഗതി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നേരത്തെ ഡബ്ല്യു.സി.സി അടക്കം എ.എം.എം.എയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ല എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എ.എം.എം.എയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം വേണമെന്ന് ചൂണ്ടിക്കാട്ടി നടിമാരായ പാര്‍വതി, രേവതി, രമ്യാ നമ്പീശന്‍ തുടങ്ങിയവര്‍ രംഗത്തുവന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ എ.എം.എം.എ നേതൃത്വത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more