| Thursday, 30th October 2014, 5:58 pm

ചൂംബനത്തിനായി ഒരു പ്രണയലേഖനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

എന്റെ കവിളുകള്‍ നിങ്ങളുടെ നിശ്വാസത്തിന്റെ ഉഷ്ണമാപിനി ആയിരുന്നു. നിങ്ങളുടെ ഹൃദയമിടിപ്പിന്റെ താളം എന്റെ ഹൃദയം ഹൃദിസ്ഥമാക്കാന്‍ മാത്രം നമ്മള്‍ ആലിംഗനങ്ങള്‍ ചെയ്തിരുന്നു. അന്ന് നമ്മള്‍ ഇരുന്ന ബെഞ്ചുകളില്‍ ഇപ്പോഴും മനുഷ്യന്‍മാരുണ്ട്



എന്റെ പ്രിയപ്പെട്ട കാമുകിമാരേ,

ഓര്‍ക്കുന്നുണ്ടോ നിങ്ങള്‍ ആകാലം? എപ്പോഴൊക്കെയോ നമ്മുടെ ഹൃദയങ്ങള്‍ക്കകത്ത് ഇടിവെട്ടും വെള്ളപ്പൊക്കവും ഭുമികുലുക്കവും നടക്കുന്നത് സഹിക്കാനാകാതെ നമ്മള്‍ ഇടങ്ങേറായ നിമിഷങ്ങളെ? അന്ന് നമ്മുടെ ബുദ്ധിക്കും ബോധത്തിനും പിടികൊടുക്കാതെ നമുക്കുള്ളില്‍ നടക്കുന്ന ഈ രസതന്ത്രത്തിനെയാണോ മനുഷ്യന്‍മാര്‍ പ്രണയം എന്ന് വിളിച്ചിരുന്നത് എന്ന് ശങ്കിച്ചിരുന്ന ആ കാലത്തെ? പിന്നെ ഒരു പുവിരിയുന്ന, ഒരു കുഞ്ഞ് ജനിക്കുന്ന, ഒരു നക്ഷത്രം കണ്ണുചിമ്മുന്ന അവസ്ഥകളെല്ലാം ഒരുമിച്ചനുഭവിച്ച് നമ്മള്‍ ഏറ്റവും ദിവ്യമായ ഭാഷയില്‍ നമ്മുടെ എടങ്ങേറിനെ ആവിഷ്‌കരിച്ചതിങ്ങനെ?
പ്രണയം നമ്മുടെ സ്വാതന്ത്ര്യങ്ങളെ ബാധിക്കുന്നുവോ എന്ന എന്റെ മണ്ടന്‍ ആശങ്കക്ക്
In the flush of love”s light
we dare be brave,
And suddenly we see
that love costs all we are
and will ever be.
Yet, it is only love
which sets us free.”

എന്ന് കൊട്ട് ചെയ്ത് നിങ്ങള്‍ പ്രേമലേഖനമെഴുതി. ഒരു കടലാസില്‍ നമ്മുടെ പ്രണയക്കടലിനെ ഒതുക്കാന്‍ ശ്രമിച്ച് നമ്മള്‍ കവികളായി. പ്രണയത്തിന്റെ ആത്മീയതയെപ്പറ്റി പറഞ്ഞ നിങ്ങള്‍ക്ക് മാര്‍ക്‌സ് ജെന്നിക്കെഴുതിയ പ്രണയലേഖനം തന്നതും പ്രണയത്തിന്റെ ഭൗതികതക്ക് വേണ്ടി തര്‍ക്കിച്ചതും ഇപ്പോള്‍ നിങ്ങള്‍ എങ്ങനെയാകും ഓര്‍ക്കുന്നുണ്ടാവുക?

എന്റെ കവിളുകള്‍ നിങ്ങളുടെ നിശ്വാസത്തിന്റെ ഉഷ്ണമാപിനി ആയിരുന്നു. നിങ്ങളുടെ ഹൃദയമിടിപ്പിന്റെ താളം എന്റെ ഹൃദയം ഹൃദിസ്ഥമാക്കാന്‍ മാത്രം നമ്മള്‍ ആലിംഗനങ്ങള്‍ ചെയ്തിരുന്നു. അന്ന് നമ്മള്‍ ഇരുന്ന ബെഞ്ചുകളില്‍ ഇപ്പോഴും മനുഷ്യന്‍മാരുണ്ട്. അവര്‍ ഇപ്പോഴും അവിടെയിരുന്ന് പ്രേമിക്കുന്നുണ്ട്. കഥകള്‍ പറയുന്നുണ്ട്. സ്വപ്നം കാണുന്നുണ്ട്. പക്ഷെ സങ്കടമെന്നു പറയട്ടെ, അന്ന് നമ്മള്‍ നേരിട്ടത്രയോ അല്ലെങ്കില്‍ അതിനെക്കാളുമോ അപകടങ്ങള്‍ക്കിടയിലാണ് അവര്‍ ഇന്നുള്ളത് എന്നോര്‍ക്കുമ്പോള്‍ വല്ലാത്തൊരു ആധി തോന്നുന്നു.

നമ്മള്‍ ഇരുന്ന് സംസാരിച്ചിരുന്ന ബെഞ്ചുകളില്‍ മുള്ളുകള്‍ തറച്ചവരും നമ്മള്‍ നടക്കുന്ന വഴികളില്‍ കുപ്പിക്കഷണങ്ങള്‍ വിതറിയവരും നമ്മുടെ സ്വകാര്യതകളിലേക്ക് കണ്ണും കാതും ഉഴിഞ്ഞ് വച്ചവരും ഇന്നും അവിടെയൊക്കെത്തന്നെയുണ്ട്. അവരുടെ ഭ്രാന്തന്‍ സദാചാര പരികലപ്പനകള്‍ കുടുതല്‍ വിചിത്രവും ഹിംസാത്മകവും ആയിട്ടുണ്ട്. അന്ന് അവര്‍ നമ്മളെ അത്രയൊക്കെ ദ്രോഹിച്ചിട്ടും രാത്രിയില്‍ നക്ഷത്രങ്ങള്‍ മിന്നുന്നതും പുക്കള്‍ വിരിയുന്നതും വസന്തം വരുന്നതും തടയാന്‍ അവര്‍ക്കായില്ലല്ലോ എന്ന് നമ്മള്‍ സമാധാനിച്ചു. ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച് വീരാന്‍കുട്ടി അകറ്റി നട്ട മരങ്ങളുടെ വേരുകള്‍ തമ്മില്‍ നമ്മുടെ ഹൃദയങ്ങളില്‍ കെട്ടിപ്പിടിച്ചു. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ കുറെക്കുടെ ധീരരാണ്. അവര്‍ വസന്തതിനായി, പ്രണയത്തിനായി സമരം ചെയ്യുകയാണ്. അവര്‍ സ്‌നേഹിക്കാനുള്ള അവകാശത്തിനായി പോരാടുകയാണ്.

നിങ്ങള്‍ക്കറിയാമോ, ഞാനിപ്പോള്‍ ജീവിക്കുന്ന നഗരത്തില്‍ എവിടെയും കാമുകീകാമുകന്മാരെ കാണാം. പാര്‍ക്കിലും ബീച്ചിലും റോഡിലും ഓടിക്കൊണ്ടിരിക്കുന്ന സബര്‍ബന്‍ തീവണ്ടികളിലും അവര്‍ പ്രേമിക്കുന്നു. സല്ലപിക്കുന്നു. ചുംബിക്കുന്നു. എത്ര വലിയ തിരക്കുണ്ടെങ്കിലും ഒരു സ്ത്രീക്ക് ധൈര്യസമേതം ഈ തീവണ്ടികളില്‍ കേറാം. ഒരു കയ്യും ഒരു കണ്ണും അവളുടെ അഭിമാനത്തിനു നേരെ നീങ്ങില്ല. ഞാനും പങ്കാളിയും ഇപ്പോള്‍ ആലോചിക്കുന്നത് ഈ നഗരത്തില്‍ തന്നെ സ്ഥിരതാമാസമാക്കിയാലോ എന്നാണ്. ഒന്നുമില്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ക്ക് ധൈര്യസമേതം പ്രേമിക്കുകയെങ്കിലും ചെയ്യാമല്ലോ.

അപ്പോള്‍ പറഞ്ഞുവന്നത്, നാട്ടിലെ സമരത്തെ പറ്റിയാണ്. ഇതിനോട് നമുക്ക് ചെറിയ രാഷ്ട്രീയ വിയോജിപ്പുകള്‍ ഒക്കെയുണ്ട്. എങ്കിലും നിങ്ങളെ ഓര്‍ക്കുമ്പോള്‍, നമ്മുടെ വസന്തത്തെ ഊഷരമാക്കിയ ഒന്ന് പ്രണയിക്കാനോ ചുംബിക്കാനോ ഉള്ള ഭാഷപോലും അറിയാത്ത ആ വരണ്ട മനുഷ്യരെ ഓര്‍ക്കുമ്പോള്‍ എനിക്ക് ഇതില്‍ സംബന്ധിക്കാതിരിക്കാന്‍ ആകുന്നില്ല. അപ്പോള്‍ ഞാന്‍ വരും. നിങ്ങളും വരണം. അവിടെ അത്രയും ആളുകളുടെ നടുവില്‍ ചിലപ്പോള്‍ ചുംബിക്കാനൊന്നും പറ്റിയെന്ന് വരില്ല. അല്ലെങ്കിലും ഇങ്ങനെ ആലോചിച്ചുറപ്പിച്ചിട്ടൊന്നുമല്ലല്ലോ ആളുകള്‍ ചുംബിക്കാറ്. ഇതു പ്രണയത്തിനു വേണ്ടിയുള്ള സമരമാണ്. നമുക്ക് അടുത്തടുത് ഇരിക്കാം. വര്‍ത്തമാനം പറയാം. എന്റെ പങ്കാളിയും ചിലപ്പോള്‍ വന്നേക്കും. അമ്മ പെങ്ങള്‍ അച്ഛന്‍ അനിയന്‍ തുടങ്ങിയവരും വന്നേക്കും. അപ്പോള്‍ നമുക്ക് അവിടെ കാണാം. സസ്‌നേഹം.

We use cookies to give you the best possible experience. Learn more