| Wednesday, 11th March 2026, 5:03 pm

ദേശീയപാത ഉദ്‌ഘാടനം; മന്ത്രിയെ ഒഴിവാക്കിയ നടപടി കേരളത്തിലെ മതേതര ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളി: എ.കെ.എം. അഷ്റഫ്

രാഗേന്ദു. പി.ആര്‍

കാസര്‍ഗോഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ നിന്നും സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ബോധപൂര്‍വം ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് മഞ്ചേശ്വരം എം.എല്‍.എയും മുസ്‌ലിം ലീഗ് നേതാവുമായ എ.കെ.എം. അഷ്റഫ്.

ഇത് കേവലം ഒരു വ്യക്തിയെ ഒഴിവാക്കലല്ല, മറിച്ച് കേരളത്തിലെ മതേതര ജനങ്ങളോടും നമ്മുടെ ഫെഡറല്‍ സംവിധാനത്തോടുമുള്ള പരസ്യമായ വെല്ലുവിളിയാണെന്നും എം.എല്‍.എ പറഞ്ഞു.

ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചത് കേരളത്തിലെ യു.ഡി.എഫ്, എല്‍.ഡി.എഫ് സര്‍ക്കാറുകളുടെ കാലത്താണ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയില്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനെ ഇരുട്ടത്ത് നിര്‍ത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും എ.കെ.എം. അഷ്റഫ് പ്രതികരിച്ചു.

പി.എ. മുഹമ്മദ് റിയാസിനെ മാറ്റിനിര്‍ത്തുകയും ബി.ജെ.പി നേതാക്കളെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്നത് ബി.ജെ.പി സര്‍ക്കാറിന്റെ നീചമായ രാഷ്ട്രീയ നിലപാടാണെന്നും എ.കെ.എം. അഷ്റഫ് വിമര്‍ശിച്ചു.

കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റേത് ചീപ്പ് നടപടിയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു.

മന്ത്രിയെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സംസ്ഥാന സര്‍ക്കാരും പ്രതികരിച്ചു. ഇന്ന് (ബുധന്‍) കൊച്ചിയില്‍ നടന്ന പരിപാടിയില്‍ നിന്നാണ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത്.

തുടര്‍ന്ന് ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ് സര്‍ക്കാര്‍ ബഹിഷ്‌കരിച്ചു. മന്ത്രിമാരായ എം.ബി. രാജേഷ്, വി. ശിവന്‍കുട്ടി എന്നിവര്‍ കേന്ദ്ര നടപടിയെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

സംസ്ഥാനത്തെ ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്നത് പൊതുമരാമത്ത് വകുപ്പാണ്. പദ്ധതിക്കായി 5,500 കോടിയാണ് സംസ്ഥാനം ചെലവാക്കിയത്.

Content Highlight: A.K.M.Ashraf says the deliberate exclusion of P.A. Muhammad Riyas from the NH inauguration ceremony is highly objectionable

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more