തിരുവനന്തപുരം: കേരളം സാമ്പത്തികമായി തകർന്നു എന്ന മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ പരാമർശത്തിന് മറുപടിയുമായി മുൻ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ.
വസ്തുതകൾ പരിശോധിക്കാതെയാണ് ഇത്തരം പ്രചാരണമെന്നും, ഏറ്റവും മികച്ച ധനകാര്യ മാനേജ്‍മെന്റ് നടത്തിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പ്രതികരിച്ചു.
രണ്ടാം പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ 4000 കോടി രൂപ ഖജനാവിൽ നീക്കിയിരിപ്പുണ്ടെന്നും ക്ഷേമ പെൻഷനുകൾ ഒരു ഗഡു പോലും കുടിശ്ശികയില്ലാതെയും ജീവനക്കാരുടെ ശമ്പളം, പെൻഷൻ, ഡി.എ എന്നിവ കൃത്യമായി നൽകിയുമാണ് ഭരണം കൈമാറിതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന്റെ തനത് വരുമാനം 47,000 കോടിയിൽ നിന്നും ഒരു ലക്ഷം കോടി രൂപയായി വർധിപ്പിച്ചുവെന്നും പൊതുകടം 39 ശതമാനത്തിൽ നിന്നും 34 ശതമാനത്തിന് താഴേക്ക് എത്തിക്കാൻ സാധിച്ചുവെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും നടത്തിയ നിരന്തരമായ ഇടപെടലുകൾ വഴി 16-ാം ധനകാര്യ കമ്മീഷനിൽ നിന്നും കേരളത്തിന്റെ വിഹിതം 1.925 ശതമാനത്തിൽ നിന്ന് 2.382 ശതമാനമായി വർധിപ്പിച്ചു. ഇതിലൂടെ വരും വർഷങ്ങളിൽ 50,000 കോടി രൂപയുടെ അധിക വരുമാനം വരാനിരിക്കുന്ന യു.ഡി.എഫ് സർക്കാരിന് ലഭിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
20 ലക്ഷം സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം സ്ത്രീസുരക്ഷാ ധനസഹായവും തൊഴിലന്വേഷകരായ ചെറുപ്പക്കാർക്ക് 1000 രൂപ കണക്ട് വർക് സ്കോളർഷിപ്പായും മുടക്കമില്ലാതെ നൽകി എന്നും കെ.എസ്.ആർ.ടി.സി ശമ്പളത്തിനായി പ്രതിമാസം 125 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നുവെന്നും മുൻ ധനകാര്യമന്ത്രി പറഞ്ഞു.
ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്മാറാനുള്ള യു.ഡി.എഫിന്റെ മുൻകൂർ ജാമ്യം മാത്രമാണ് ആന്റണിയുടെ പ്രസ്താവനയെന്നും കെ.എൻ. ബാലഗോപാൽ കുറ്റപ്പെടുത്തി.
Content Highlight: A.K. Antony’s claim that Kerala is bankrupt is untrue; Power was handed over in a sound financial condition: K.N. Balagopal