| Friday, 6th June 2025, 4:06 pm

തെന്നല ഞാനും കരുണാകരനും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ക്കിടയില്‍ പാലമായി പ്രവര്‍ത്തിച്ചു; കോണ്‍ഗ്രസിനകത്ത് അദ്ദേഹത്തിന് എതിരാളികളില്ല; അനുശോചനമറിയിച്ച് എ.കെ. ആന്റണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി അധ്യക്ഷനുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയുടെ മരണത്തില്‍ അനുശോചനമറിയിച്ച് മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി.

കോണ്‍ഗ്രസില്‍ ഒരു തര്‍ക്കമുണ്ടായാല്‍ തെന്നല ബാലകൃഷ്ണന്‍പിള്ളയുടേതായിരുന്നു അവസാന തീരുമാനമെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തെന്നല ചെയര്‍മാനായിരുന്ന കമ്മിറ്റിയുടെ തീരുമാനം കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും അംഗീകരിക്കുകയാണ് ചെയ്തിരുന്നതെന്നും രാഷ്ട്രീയത്തിലെ തന്റെ ജ്യേഷ്ഠ സഹോദരനായിരുന്നു തെന്നലയെന്നും എ.കെ. ആന്റണി പറഞ്ഞു.

തെന്നലയുടെ തീരുമാനങ്ങളെ ആരും തന്നെ ചോദ്യം ചെയ്തിട്ടില്ല. കേരളത്തിലെ എല്ലാ രാഷ്ട്രീയ-സാമുദായിക നേതാക്കന്മാരും ഒരുപോലെ ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്നു തെന്നല. എല്ലാവര്‍ക്കും സ്വീകാര്യനായ, ആദരണീയനായ സാമൂഹിക പ്രവര്‍ത്തകന്‍. എല്ലാ വശങ്ങളും നോക്കിയാണ് അദ്ദേഹം ഒരു തര്‍ക്കത്തിന് പരിഹാരം കാണുക. നീതിമാനായ നേതാവായിരുന്നു തെന്നല ബാലകൃഷ്ണ പിള്ളയെന്നും എ.കെ. ആന്റണി കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ മുഖ്യമന്ത്രിയായിരിക്കെ ഐ.സി.സി.സി ജനറല്‍ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം ഒരു അപ്രിയവും പ്രകടിപ്പിക്കാതെ തെന്നല പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു. പിന്നീടാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയക്കുന്നത്. ഒരു അപ്രിയവും അദ്ദേഹം അക്കാലത്ത് പ്രകടിപ്പിച്ചിരുന്നില്ല. കോണ്‍ഗ്രസില്‍ ഒരുകാലത്ത് ശക്തമായ ഗ്രൂപ്പുണ്ടായിരുന്നു. കെ. കരുണാകരനും ഞാനും രണ്ട് ഗ്രൂപ്പുകളുടെ നേതാക്കന്മാരായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ഒരു ആവശ്യം വരുമ്പോള്‍ ഞങ്ങള്‍ ഒന്നിക്കും. ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ക്കിടയിലെ ഒരു പാലമായിരുന്നു തെന്നല,’ എ.കെ. ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസില്‍ പല പൊട്ടിത്തെറികളും ഭൂകമ്പങ്ങളും ഉണ്ടാകാതിരിക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച നേതാവ് കൂടിയായിരുന്നു തെന്നല ബാലകൃഷ്ണ പിള്ളയെന്നും എ.കെ. ആന്റണി കൂട്ടിച്ചേര്‍ത്തു.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു തെന്നലയുടെ മരണം. അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു. അടൂരില്‍ നിന്നും രണ്ട് തവണ നിയമസഭയിലെത്തിയ നേതാവാണ് അദ്ദേഹം. 1962 മുതല്‍ കെ.പി.സി.സി അംഗമാണ്. 1967, 1980, 1987 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അടൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

1998ല്‍ സ്ഥാനമൊഴിഞ്ഞ വയലാര്‍ രവിയ്ക്ക് പകരമായാണ് തെന്നല ആദ്യമായി കെ.പി.സി.സി പ്രസിഡന്റാകുന്നത്. 2001ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് വന്‍ വിജയം നേടി. പിന്നീട് 2001ല്‍ കെ.മുരളീധരന് വേണ്ടി ഇദ്ദേഹം അധ്യക്ഷ പദവി ഒഴിഞ്ഞു.

Content Highlight: A.K. Antony condoles the death of Thennala Balakrishna Pillai

We use cookies to give you the best possible experience. Learn more