കാസര്‍ഗോഡ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേരളത്തിന്റെ ബഹുജന പണ്ഡിത സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ സമൂഹത്തില്‍ ആത്മീയവും സാംസ്‌കാരികവുമായ പ്രകാശം പരത്തുന്ന ഒരു നൂറ്റാണ്ടാണ് സമസ്ത പൂര്‍ത്തിയാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമസ്തയുടെ ശതാബ്ദി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുസ്‌ലിം സമുദായത്തിലെ നവോത്ഥാന ചരിത്രത്തിന്റെ സുപ്രധാനമായ നൂറ് വര്‍ഷങ്ങളാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമസ്തയുടെ ഇടപെടലുണ്ടായ മനുഷ്യത്വപരമായ ഒരുപാട് പ്രവൃത്തികള്‍ നേരിട്ട് കാണാനുള്ള അവസരം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തെ മതനിരപേക്ഷ സമൂഹമായി വളര്‍ത്തിയെടുക്കാന്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കൊപ്പം സമസ്ത പോലുള്ള മതസംഘടനകള്‍ വഹിച്ച പങ്ക് ആ ഘട്ടത്തില്‍ തന്നെ എടുത്തുപറഞ്ഞിട്ടുണ്ട്.
1926ല്‍ രൂപീകൃതമായത് മുതല്‍ കേരളത്തിലെ മുസ്‌ലിം ജനവിഭാഗങ്ങള്‍ക്ക് ഇടയില്‍ മതപരമായ ചിട്ടയും വിജ്ഞാനവും പകരുന്നതിനും സമൂഹത്തില്‍ സമാധാനവും സഹവര്‍ത്തിത്തവും നിലനിര്‍ത്തുന്നതിനും സമസ്ത ശ്രദ്ധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നൂറ് വര്‍ഷം എന്നത് ഒരു പ്രസ്ഥാനത്തെ സംബന്ധിച്ച് ചെറിയ കാര്യമല്ല. ഇത്രയും കാലം സമസ്ത പൊതുസമൂഹത്തിന്റെ ഭാഗമായി നിന്നതിന് കാരണം സംഘടനയെ നയിച്ച പണ്ഡിതന്മാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വരയ്ക്കല്‍ മുല്ലക്കോയ തങ്ങള്‍, അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ പിറവി തന്നെ തദ്ദേശീയ പരമ്പരാഗത ജീവിതരീതികളെ ഉള്‍ക്കൊള്ളുന്ന വിധത്തിലായിരുന്നു. ഏകദൈവ വിശ്വാസത്തിന് വിരുദ്ധമല്ലാത്തെ പ്രാദേശിക രീതികളെ ഉള്‍ക്കൊള്ളുന്നതായിരുന്നു. എന്നാല്‍ അക്കാലത്തെ ഇന്ത്യ സാമൂഹികമായ ഒരുപാട് ജീര്‍ണതകള്‍ നിലനിന്നിരുന്ന ഒന്നായിരുന്നു.
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ജീവിതക്രമമായി നിലനിന്നിരുന്ന കാലം. ആ ജീര്‍ണാന്തരീക്ഷത്തില്‍ നിന്നും സമുദായത്തെ മോചിപ്പിച്ചെടുക്കുക എന്നതായിരുന്നു പണ്ടുകാലത്ത് പണ്ഡിതന്മാര്‍ക്ക് ചെയ്യാന്‍ ഉണ്ടായിരുന്നത്. അത് വളരെ നന്നായിട്ടുതന്നെ അവര്‍ ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആ പശ്ചാത്തലത്തിലാണ് സൂഫികളുടെ ചരിത്രപരമായ പാരമ്പര്യത്തെ കാണാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള നവോത്ഥാനം ഒറ്റരാത്രികൊണ്ട് ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നതല്ല. ലോകത്തിന്റെ ഏത് ഭാഗത്തായാലും അതൊരു നീണ്ട പ്രക്രിയയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹാത്മാഗാന്ധി നിസഹകരണ പ്രസ്ഥാനം ആരംഭിക്കുന്നതിന് മുമ്പേ മമ്പറം തങ്ങള്‍ നിസഹകരണ ഫത്‌വ നല്‍കിയിരുന്നതായി ചരിത്രത്തില്‍ കാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ട പ്രസ്ഥാനമാണ് സമസ്തയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസ സംബന്ധമായ പരിഷ്‌കരണങ്ങളില്‍ പോലും പ്രകോപനരഹിതമായി മാത്രം പെരുമാറി. അതെല്ലാം നമ്മുടെ മതനിരപേക്ഷ സംസ്‌കാരത്തെ സ്വാധീനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയതയ്ക്ക് വര്‍ഗീയതയല്ല മറുപടിയെന്ന സമസ്തയുടെ നിലപാട് പ്രസക്തമെന്നും മതരാഷ്ട്ര വാദത്തിനെതിരെ ഒരുമിച്ച് നീങ്ങാമെന്നും ജമാഅത്തെ ഇസ്‌ലാമിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
Content Highlight: A hundred years is no small feat for a movement; CM Pinarayi vijayan praises Samastha