| Monday, 18th May 2026, 9:29 am

ഇത്ര ഗതികെട്ട വേറേത് ടീമാണ് ഉള്ളത്; വമ്പന്‍ നാണക്കേടില്‍ ശ്രേയസിന്റെ പഞ്ചാബ്!

ശ്രീരാഗ് പാറക്കല്‍

2026 ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ തകര്‍പ്പന്‍ വിജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയത്. ഇതോടെ പ്ലേഓഫിലെത്തുന്ന ആദ്യ ടീമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മാറിയിരുന്നു. ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ 26 റണ്‍സിനാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്.

ആര്‍.സി.ബി ഉയര്‍ത്തിയ 223 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. സീസണിലെ ആദ്യ ഏഴ് മത്സരങ്ങളില്‍ പരാജയപ്പെടാതെ മുന്നേറിയ പഞ്ചാബ് തുടര്‍ച്ചയായ ആറാം തോല്‍വിയാണ് വഴങ്ങിയിരിക്കുന്നത്.

എന്നാല്‍ ഇതിനെല്ലാം പുറമെ ഒരു വമ്പന്‍ നാണക്കേടിലും കാലെടുത്തുവെച്ചിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ഒരു ടി-20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ തവണ 200+ ടോട്ടല്‍ വഴങ്ങുന്ന ടീമായി മാറിയിരിക്കുകയാണ് പഞ്ചാബ്. 2026ലെ ഐ.പി.എല്‍ സീസണില്‍ ഒമ്പത് തവണയാണ് പഞ്ചാബ് 200+ ടോട്ടല്‍ വഴങ്ങിയത്.

ഒരു ടി-20 ടൂര്‍ണമെന്റില്‍ ഏറ്റവും അധികം തവണ 200+ ടോട്ടല്‍ വഴങ്ങിയ ടീം, ടൂര്‍ണമെന്റ് നടന്ന വര്‍ഷം, എണ്ണം

പഞ്ചാബ് കിങ്‌സ് – ഐ.പി.എല്‍ 2026 – 9

സൗത്തേണ്‍ പഞ്ചാബ് – നാറ്റ് ടി-20 കപ്പ് 2020 – 8

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ഐ.പി.എല്‍ 2024 – 7

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – ഐ.പി.എല്‍ 2025 – 7

പഞ്ചാബ് കിങ്‌സ് – ഐ.പി.എല്‍ 2025 – 7

രാജസ്ഥാന്‍ റോയല്‍സ് – ഐ.പി.എല്‍ 2025 – 7

രാജസ്ഥാന്‍ റോയല്‍സ് – ഐ.പി.എല്‍ 2026 – 7

മത്സരത്തില്‍ പഞ്ചാബിന് വേണ്ടി ശശാങ്ക് സിങ് 27 പന്തില്‍ 56 റണ്‍സ് നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കൂപ്പര്‍ കനോലി (22 പന്തില്‍ 37), മാര്‍ക്കസ് സ്റ്റോയ്‌നിസ് (25 പന്തില്‍ 37) എന്നിവരും ടീമിന് വേണ്ടി സ്‌കോര്‍ നേടി. ഒപ്പം സൂര്യാന്‍ഷ് ഷെഡ്‌ജെ 22 പന്തില്‍ 35 റണ്‍സും സ്‌കോര്‍ ചെയ്തു. ബെംഗളുരുവിനായി റാസിഖ് സലാം മൂന്ന് വിക്കറ്റുകളും ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. റൊമാരിയോ ഷെപ്പേര്‍ഡ്, ജോഷ് ഹെയ്സല്‍വുഡ്, സുയാഷ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം പിഴുതു.

മത്സരത്തില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 37 പന്തില്‍ 58 റണ്‍സാണ് താരത്തിന്റെ മത്സരത്തിലെ സമ്പാദ്യം. മൂന്ന് സിക്സുകളും നാല് ഫോറുകളുമാണ് ആര്‍.സി.ബി മുന്‍ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

മത്സരത്തില്‍ വിരാടിന് പുറമെ 40 പന്തില്‍ പുറത്താവാതെ 73 റണ്‍സെടുത്ത് വെങ്കടേഷ് അയ്യരും 25 പന്തില്‍ 45 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലും 12 പന്തില്‍ 28 റണ്‍സുമായി ടിം ഡേവിഡും തിളങ്ങി. പഞ്ചാബിനായി ഹര്‍പ്രീത് ബ്രാര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

Content Highlight: A huge embarrassment for Shreyas Iyer’s Punjab Kings in T20 cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more