| Sunday, 1st November 2026, 3:33 pm

ബി.ജെ.പിയുടെ അന്ത്യത്തിന്റെ തുടക്കം; ഇന്ത്യന്‍ ചരിത്രത്തിലെ സുപ്രധാന അധ്യായം: രാംലീല മാര്‍ച്ചിനെക്കുറിച്ച് പ്രതിപക്ഷ നേതാക്കള്‍

റെന്വര്‍ പി

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കാനും എസ്.ഐ.ആര്‍ നടപടികള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി ഇന്ന് സംഘടിപ്പിക്കുന്ന മഹാ റാലിയെ ബി.ജെ.പിയുടെ അന്ത്യത്തിന്റെ തുടക്കമെന്നും ഇന്ത്യന്‍ ചരിത്രത്തിലെ സുപ്രധാന അധ്യായമെന്നും വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാക്കള്‍. രാം ലീല മൈതാനത്ത് നടക്കുന്ന റാലിയില്‍ എത്തിയ നേതാക്കള്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും മാധ്യമങ്ങളോട് സംസാരിക്കവെയുമായിരുന്നു ഈ കാര്യങ്ങള്‍ പറഞ്ഞത്.

ഇത് ബി.ജെ.പിയുടെ അന്ത്യത്തിന്റെ തുടക്കമാണെന്ന് രാജ്യസഭാ എം.പി കപില്‍ സിബല്‍ പറഞ്ഞു. റാലിയില്‍ പങ്കെടുക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായം ഇവിടെ, രാംലീല മൈതാനത്ത് എഴുതപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സി.പി.ഐ.എം എം.പി ജോണ്‍ ബ്രിട്ടാസ് എക്‌സില്‍ പറഞ്ഞു. പ്രതിഷേധ സ്ഥലത്ത് നിന്നുള്ള വീഡിയോയും ഫോട്ടോയും ബ്രിട്ടാസ് എക്‌സില്‍ പങ്കുവെച്ചു.

മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ട്, എ.എ റഹീം എം.പി എന്നിവര്‍ക്കൊപ്പം മാര്‍ച്ചിനെക്കുറിച്ച് ബ്രിട്ടാസ് സംസാരിക്കുന്ന വീഡിയോ ആണിത്. രാം ലീല മൈതാനത്ത് എത്തിച്ചേര്‍ന്ന വന്‍ ജനാവലിയെ ഈ വീഡിയോയില്‍ കാണാം. സി.പി.ഐ.എം നേതാക്കള്‍ എഴുത്തുകാരി അരുന്ധതി റോയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും ബ്രിട്ടാസ് എക്‌സില്‍ പങ്കുവെച്ചു.

റാലി ആരംഭിക്കുന്നതിന് മുമ്പ് തന്നെ രാം ലീല മൈതാനം ജനസമുദ്രമായി മാറിയിരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്‌സ് പോസ്റ്റില്‍ കുറിച്ചു. ഗ്യാനേഷ് കുമാറിന്റെ പടിയിറക്കത്തിലേക്കുള്ള കൗണ്ട്ഡൗണ്‍ കൂടുതല്‍ വേഗത്തിലാകുന്നുവെന്നും അദ്ദേഹം കുറിച്ചു.

തൃണമൂല്‍ എം.പി മഹുവ മൊയിത്ര അടക്കമുള്ള നേതാക്കളും പ്രതിഷേധ സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഗ്യാനേഷ് പുറത്ത് പോവുക’ എന്ന അടിക്കുറിപ്പോട് കൂടിയാണ് മഹുവ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.

രാം ലീല മൈതാനത്ത് എത്തിച്ചേര്‍ന്ന വന്‍ ജനാവലിയുടെ ദൃശ്യങ്ങള്‍ ഐസ നേതാവ് നേഹ ബോറയും എക്‌സില്‍ പങ്കുവെച്ചു. ‘പ്രിയപ്പെട്ട ഗ്യാനേഷ് ജി, നിങ്ങള്‍ക്ക് കാണാന്‍ വേണ്ടി,’ എന്ന അടിക്കുറിപ്പോട് കൂടിയാണ് നേഹ ഈ വീഡിയോ പങ്കുവെച്ചത്.

ഇത് ജനങ്ങളുടെ പോരാട്ടമാണെന്നാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് രാം ലീല മൈതാനത്തെ റാലിയെ വിശേഷിപ്പിച്ചത്. ‘രാം ലീല മൈതാനത്ത് റാലി തുടങ്ങിയിട്ടുപോലുമില്ല, എന്നാല്‍ ഇതിനകം തന്നെ എത്ര വലിയ ജനക്കൂട്ടമാണ് അവിടെ ഒത്തുകൂടിയിരിക്കുന്നതെന്ന് കാണാം. വിവിധ ആശയധാരകളെയും സംഘടനകളെയും പ്രതിനിധീകരിക്കുന്ന പതാകകളുടെ ഈ സംഗമം, രാജ്യത്തെ ജനങ്ങളുടെ ഐക്യത്തെയാണ് വിളിച്ചോതുന്നത്. ഇത് ജനങ്ങളുടെ പോരാട്ടമാണ്,’ യോഗേന്ദ്ര യാദവ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

Content Highlight: A historic chapter in Indian political history, End of BJP: Opposition Leaders about Ramleela Maidan Protest

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more