| Sunday, 28th December 2025, 4:02 pm

ബി.ജെ.പിക്ക് ഒരു 'കൈ' സഹായം; മറ്റത്തൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ എ.എ. റഹീം

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: മറ്റത്തൂരിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ബി.ജെ.പിയുമായി മുന്നണിയുണ്ടാക്കിയതില്‍ പ്രതികരിച്ച് രാജ്യസഭാ എം.പി എ.എ. റഹീം.

തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ‘ഓപ്പറേഷന്‍ ലോട്ടസ്’ ഭാവിയില്‍ കേരളം പിടിക്കാന്‍ സംഘപരിവാറിന്റെ മുന്നിലുള്ള ഏക വഴിയാണെന്ന് എ.എ. റഹീം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇടത് എം.പിയുടെ പ്രതികരണം.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രധാന പ്രതിപക്ഷം പോലുമല്ലാതിരുന്ന ബി.ജെ.പി, ‘കൈ’ സഹായത്തോടെ പഞ്ചായത്ത് ഭരിക്കുകയാണെന്നും എ.എ. റഹീം പറഞ്ഞു.

‘എല്‍.ഡി.എഫ് 10, യു.ഡി.എഫ് എട്ട്, ബി.ജെ.പി നാല്, സ്വതന്ത്രന്‍ രണ്ട്’ ഇങ്ങനെയായിരുന്നു മറ്റത്തൂരിലെ കക്ഷിനില. ഈ കണക്കുകള്‍ അടിസ്ഥാനമാക്കിയാല്‍ സ്വാഭാവികമായും ഭരണം കിട്ടുക എല്‍.ഡി.എഫിനാണ്. സ്വതന്ത്രരുടെ പിന്തുണ കൂടി കോണ്‍ഗ്രസ് സമാഹരിച്ചാലും നറുക്കെടുപ്പിന്റെ സ്ഥിതി വരും എന്നേയുള്ളൂ. പക്ഷേ ആ ഗ്രാമപഞ്ചായത്തിലാണ് യു.ഡി.എഫ് മുന്നണി ഒന്നാകെ രാജിവെച്ച് ബി.ജെ.പിയോടൊപ്പം ചേര്‍ന്നത്,’ എ.എ. റഹീം ചൂണ്ടിക്കാട്ടി.

മതനിരപേക്ഷ കേരളം ആഗ്രഹിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളും ജാഗ്രത പാലിക്കണമെന്നും റഹീം മുന്നറിയിപ്പ് നൽകി.

മറ്റത്തൂരിലെ സംഭവത്തെ വിമര്‍ശിച്ച് മന്ത്രി പി. രാജീവും രംഗത്തെത്തി. കേരളത്തില്‍ 30 സീറ്റ് കിട്ടിയാല്‍ ഭരണം പിടിക്കുമെന്ന് പറയാന്‍ ബി.ജെ.പിക്ക് ആത്മവിശ്വാസം നല്‍കുന്നത് കോണ്‍ഗ്രസാണെന്നാണ് രാജീവിന്റെ വിമര്‍ശനം.

അതിന്റെ പഞ്ചായത്ത് തല പതിപ്പാണ് ഇന്നലെ മറ്റത്തൂരില്‍ നടന്നത്. കേവലം നാല് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പിയെ അധികാരത്തിലെത്തിക്കാന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ച എട്ട് കോണ്‍ഗ്രസ് അംഗങ്ങളും കൂറുമാറി വോട്ട് ചെയ്തു. ഇതിലൂടെ 10 അംഗങ്ങളുണ്ടായിരുന്ന എല്‍.ഡി.എഫിനെതിരെ വിജയം നേടാനും കോണ്‍ഗ്രസ്-ബി.ജെ.പി സഖ്യത്തിനായെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

വാക്കൊന്ന് പ്രവൃത്തിയൊന്ന് എന്നത് കോണ്‍ഗ്രസ് ദീര്‍ഘകാലമായി സ്വീകരിച്ചുവരുന്ന നയമാണ്. കോണ്‍ഗ്രസ് ഇന്ന് ബി.ജെ.പിക്ക് വളരാനുള്ള വിളനിലം മാത്രമെന്നും പി. രാജീവ് പറഞ്ഞു.

മറ്റത്തൂര്‍ മോഡല്‍ ബി.ജെ.പിയുടെ ഏറ്റവും പുതിയ വിളവെടുപ്പാണെന്നും മുഴുവന്‍ ജനാധിപത്യ വിശ്വാസികള്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണെന്നും വിമര്‍ശനമുണ്ട്.

Content Highlight: A ‘hand’ of help to BJP; AA Rahim against Congress workers in Mattathur

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more